രാഹുലില്‍നിന്നും അമേത്തി പിടിച്ചെടുത്തതിന് പിന്നാലെ സോണിയയുടെ റായ് ബറേലിയില്‍ കണ്ണുവെച്ച് ബിജെപി
ലക്നൗ: അമേത്തിക്ക് പിന്നാലെ സോണിയ ഗാന്ധിയുടെ ലോക്സഭാ സീറ്റായ റായ് ബറേലിയില്‍ കണ്ണുവെച്ച് ബിജെപി. യുപിയില്‍ കോണ്‍ഗ്രസിന് ശക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലങ്ങളായിരുന്നു അമേത്തിയും റായ് ബറേലിയും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് അമേത്തി പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സോണിയയുടെ മണ്ഡലവും കയ്യടക്കാന്‍ ബിജെപി പദ്ധതി തയ്യാറാക്കുന്നത്. കേന്ദ്രമന്ത്രിമാരെയടക്കം മുതിര്‍ന്ന ബിജെപി നേതാക്കളെ റായ് ബറേലിയിലെത്തിച്ച് പടിപടിയായി കോണ്‍ഗ്രസിന്റെ സ്വന്തം മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് ബിജെപി ആലോചന. വരും മാസങ്ങളില്‍ കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തിലെത്തും. […]

ലക്നൗ: അമേത്തിക്ക് പിന്നാലെ സോണിയ ഗാന്ധിയുടെ ലോക്സഭാ സീറ്റായ റായ് ബറേലിയില്‍ കണ്ണുവെച്ച് ബിജെപി. യുപിയില്‍ കോണ്‍ഗ്രസിന് ശക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലങ്ങളായിരുന്നു അമേത്തിയും റായ് ബറേലിയും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് അമേത്തി പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സോണിയയുടെ മണ്ഡലവും കയ്യടക്കാന്‍ ബിജെപി പദ്ധതി തയ്യാറാക്കുന്നത്.
കേന്ദ്രമന്ത്രിമാരെയടക്കം മുതിര്‍ന്ന ബിജെപി നേതാക്കളെ റായ് ബറേലിയിലെത്തിച്ച് പടിപടിയായി കോണ്‍ഗ്രസിന്റെ സ്വന്തം മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് ബിജെപി ആലോചന. വരും മാസങ്ങളില്‍ കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍ മണ്ഡലത്തിലെത്തും.
‘ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമേറിയ മണ്ഡലമാണ് റായ് ബറേലി. മണ്ഡലത്തില്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെട്ട സീറ്റുകളില്‍ പ്രത്യേക കര്‍മ്മപരിപാടികള്‍ പാര്‍ട്ടി നടത്തും. 2014ലെയും 2019ലെയും തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പാര്‍ട്ടി ഇത് ചെയ്തിരുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ അമേത്തി ഞങ്ങള്‍ നേടി. അടുത്ത തെരഞ്ഞെടുപ്പോടെ റായ് ബറേലിയും സ്വന്തമാക്കാനാവുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്’, യുപി ബിജെപി വൈസ്പ്രസിഡന്റ് വിജയ് പതക് പറഞ്ഞു.
പതകിന്റെ അനുമാനങ്ങള്‍ അടിസ്ഥാനരഹിതമല്ലെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. നെഹ്റു-ഗാന്ധി കുടുംബത്തിന്റെ കരുത്തുറ്റ ശക്തികേന്ദ്രമായിരുന്ന അമേത്തിയിലെ വിജയത്തിന് ശേഷം റായ് ബറേലി ന്നെയാണ് ബിജെപി ലക്ഷ്യം വെച്ചിട്ടുള്ളത്. അമേത്തിയില്‍ വരുമ്പോഴൊക്കെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി റായ് ബറേലിയിലും എത്തുന്നുണ്ട്. ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മയെ റായ് ബറേലിയുടെ പ്രത്യേക ചുമതല ഏല്പിക്കുകയും ചെയ്തു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രവര്‍ത്തന മികവുകള്‍ വിശദീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ പ്രചാരണ പരിപാടികളും കൊഴുപ്പിക്കുന്നുണ്ട്.
‘ശരിയാണ്, മോദി-യോഗി സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഞങ്ങള്‍ പ്രചാരണം നടത്തുന്നുണ്ട്. ബീത്ത് തലം മുതല്‍ ഞങ്ങള്‍ക്ക് വളരെ ശക്തമായ പാര്‍ട്ടി അടിത്തറയുണ്ട്. 2019ല്‍ റായ് ബറേലിയില്‍ കോണ്‍ഗ്രസ് ജയിച്ചു എന്നത് ശരിതന്നെ. പക്ഷേ, അവരുടെ വോട്ടിങ് ശതമാനം ഗണ്യമായി കുറഞ്ഞിരുന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ റായ് ബറേലിയിലെ എല്ലാ സീറ്റുകളിലും ബിജെപിയായിരുന്നു ജയിച്ചത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഇവിടം പിടിച്ചെടുക്കുമെന്ന് ഉറപ്പാണ്’, ബിജെപി റായ് ബറേലി പ്രസിഡന്റ് രാംദേവ് പാല് പറഞ്ഞു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെത്തന്നെ അമേത്തിയും റായ് ബറേലിയും പിടിച്ചെടുക്കുക എന്ന അജണ്ട ബിജെപി മുന്നോട്ടുവെച്ചതാണ്. 2017ല്‍ യോഗി സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് വന്നതോടെ, ഈ അജണ്ട മുന്‍നിര്‍ത്തിയുള്ള പവര്‍ത്തനങ്ങളും സജീവമാക്കി.
2018ല്‍ റായ് ബറേലിയില്വെച്ച് നടത്തിയ മെഗാറാലി അഭിസംബോധന ചെയ്യാനെത്തിയത് അന്നത്തെ ബിജെപി ദേശീയാധ്യക്ഷനായിരുന്ന അമിത് ഷാ ആയിരുന്നു. ഈ പരിപാടിയിക്കിടെ, കോണ്‍ഗ്രസിന് ആദ്യ പ്രഹരമേല്പിച്ച് പാര്‍ട്ടിയുടെ എംഎല്‍സി ദിനേശ് സിങ് കൂറുമാറി ബിജെപിക്കൊപ്പം ചേര്‍ന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം റായ് ബറേലിയില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ എംഎല്‍എമാരായ രാകേഷ് സിങും അതിഥി സിങും വിമത നീക്കം നടത്തി. ഇരുവരും മറ്റ് എംഎല്എമാരുമായു ബന്ധം പുലര്‍ത്തുന്നുണ്ടെങ്കിലും, ബിജെപിയുമായി അടുത്ത് ഇടപഴകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
റായ് ബറേലി കൈവിട്ടുകൊടുക്കില്ലെന്നുള്ള ആത്മവിശ്വാസവും അമേത്തിയിലവും റായ്ബറേലിയിലും കോണ്‍ഗ്രിസിന് പകരമാവാന്‍ ബിജെപിക്ക് കഴിയില്ലെന്നുള്ള അവകാശ വാദവും ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍, ബിജെപി ആസൂത്രിതമായി അടുക്കും ചിട്ടയോടുമുള്ള പ്രവര്‍ത്തനങ്ങളാണ് അമേത്തിയിലും റായ് ബറേലിയിലും നടത്തുന്നത്. അടിത്തട്ട് ശക്തമാക്കിയുള്ള ബിജെപിയുടെ നീക്കത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ് സജ്ജമാണോ എന്ന സംശയം രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെക്കുന്നുണ്ട്.
‘കോണ്‍ഗ്രസിന്റെ കോട്ടയാണ് റായ് ബറേലി. റായ് ബറേലിയില്‍ എന്തെല്ലാം വികസനങ്ങള്‍ നടന്നിട്ടുണ്ടോ അതെല്ലാം കോണ്‍ഗ്രസ് കൊണ്ടുവന്നതാണ്. റായ് ബറേലിയിലെ ജനങ്ങള്‍ക്ക് അക്കാര്യം വ്യക്തമായി അറിയാം. അമേത്തി റായ് ബറേലിയുടെ അയല്‍ മണ്ഡലമാണ്. അവിടെയുള്ള ജനങ്ങള്‍ക്ക് ബിജെപി നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് ജനങ്ങള്‍ കാണുന്നുണ്ട്. 2019ല്‍ ബിജെപി ജയിച്ചതിന് ശേഷം അമേത്തി നടക്കാതെ പോയ പദ്ധതികളുടെ ശവക്കോട്ടയായി മാറിയിരിക്കുകയാണ്’, റായ് ബറേലിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പങ്കജ് തിവാരി പറഞ്ഞു.
സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജനങ്ങളുമായി നല്ലബന്ധം പുലര്‍ത്തുന്നുണ്ടെന്നും തിവാരി പറഞ്ഞു. 2020ന്റെ തുടക്കം വരെ ഇരുവരും മണ്ഡലത്തില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ടായിരുന്നെന്നും കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്നാണ് ഇപ്പോള്‍ വരാത്തതെന്നും തിവാരി വ്യക്തമാക്കി.
അമേത്തിയില്‍നിന്നും മാറിയതിനെ ശേഷം സോണിയ ഗാന്ധിയെ തുടര്‍ച്ചയായി ജയിപ്പിക്കുന്ന മണ്ഡലമാണ് റായ് ബറേലി. രാജീവ് ഗാന്ധിക്ക് വേണ്ടിയാണ് സോണിയ അമേത്തിയില്‍നിന്നും മാറിയത്. തുടര്‍ന്ന് 2004 മുതല്‍ ആ രാഷ്ട്രീയ പാരമ്പര്യം ഏറ്റെടുത്ത് രാഹുലും അമേത്തിയിലെത്തി. 2004ലും 2009ലും 2014ലും രാഹുലായിരുന്നു അമേത്തിയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും 2019ല്‍ സ്മൃതി ഇറാനി രാഹുലിനെ പരാജയപ്പെടുത്തുകയായിരുന്നു.
‘2019ല്‍ റായ് ബറേലി സോണിയ ഗാന്ധിക്ക് വോട്ടു ചെയ്തെന്നത് ശരിയാണ്. ആരോഗ്യ പ്രശ്നങ്ങളും മറ്റും കാരണം സോണിയക്ക് മണ്ഡലത്തിലേക്ക് തുടര്‍ച്ചായി എത്താന്‍ കഴിഞ്ഞിട്ടില്ല. പ്രിയങ്ക ഗാന്ധിക്ക് വേണമെങ്കില്‍ സോണിയയുടെ പകരക്കാരിയായി പ്രവര്‍ത്തിക്കാം. പക്ഷേ, ഇവിടെനിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാവണം. കോണ്‍ഗ്രസിന് അതിന്റെ നേതൃത്വ പ്രശ്നങ്ങളില്‍ അമര്‍ന്നിരിക്കുമ്പോള്‍ ബിജെപി അവിടേക്ക് ആസൂത്രിതമായി കടന്നുവരികയാണ്. ഈ പശ്ചാത്തലത്തില്‍ റായ് ബറേലി സീറ്റ് ബിജെപി പിടിച്ചെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്’, പൊളിറ്റിക്കല്‍ സയിന്റിസ്റ്റ് എസ്കെ ദ്വിവേദി അഭിപ്രായപ്പെടുന്നതിങ്ങനെ.