സ്ഥാനാര്‍ഥികള്‍ക്കും പരാതി;കൃഷ്ണദാസ് പക്ഷമായതിനാല്‍ അവഗണനയെന്ന് പ്രവര്‍ത്തകര്‍; ബിജെപി യോഗത്തില്‍ വാക്പോര്
കൊച്ചി നിയോജക മണ്ഡലത്തില്‍ ബിജെപിയ്ക്ക് വോട്ടുകുറഞ്ഞതിന്റെ പേരില്‍ കൊച്ചി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റിനെ കേന്ദ്രമന്ത്രി വി മുരളീധരന് ചോദ്യം ചെയ്തതിനെച്ചൊല്ലിയാണ് പോര് കടുത്തത്.

തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത ബിജെപി എറണാകുളം ജില്ലാതല അവലോകന യോഗത്തിലും നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ വാക്പോര്. കൊച്ചി നിയോജക മണ്ഡലത്തില്‍ ബിജെപിയ്ക്ക് വോട്ടുകുറഞ്ഞതിന്റെ പേരില്‍ കൊച്ചി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റിനെ കേന്ദ്രമന്ത്രി വി മുരളീധരന് ചോദ്യം ചെയ്തതിനെച്ചൊല്ലിയാണ് പോര് കടുത്തത്. മണ്ഡലം പ്രസിഡന്റ് പികെ കൃഷ്ണദാസ് പക്ഷക്കാരനായതുകൊണ്ടാണ് കേന്ദ്രമന്ത്രി ചോദ്യം ചെയ്യലിന് മുതിര്‍ന്നതെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തി.
കേന്ദ്രമന്ത്രി വി മുരളീധരന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എന്നിവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് തര്‍ക്കമുണ്ടായതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്ക് പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന് എറണാകുളത്തെ ബിജെപി സ്ഥാനാര്‍ഥി പത്മജ എസ് മേനോന് പറഞ്ഞു. പാര്‍ട്ടിയ്ക്ക് സംഭവിച്ച വീഴ്ച്ചകള്‍ കൊച്ചി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സിജി രാജഗോപാലും ചൂണ്ടിക്കാട്ടി.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിച്ച ബിജെപിയ്ക്ക് കൈയ്യിലിരുന്ന ഒരു സീറ്റ് കൂടി നഷ്ടമായ കാഴ്ചയാണ് ഫലപ്രഖ്യാപനത്തിനുശേഷം കേരളം കണ്ടത്. കേരളത്തില്‍ വേരുറപ്പിക്കാന്‍ പല അടവുകളും പയറ്റിയ ബിജെപിയ്ക്ക് പക്ഷേ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു. സെലിബ്രിറ്റി സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച സ്ഥലത്തുപോലും ബിജെപിയ്ക്ക് പച്ചപിടിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല പല ബൂത്തുകളിലും ബിജെപി സംപൂജ്യരായി. 318 ബൂത്തുകളിലാണ് ബിജെപിയ്ക്ക് ബൂത്ത് ഏജന്റുമാരുടെ വോട്ടുപോലും ലഭിക്കാത്ത ഗതികേടുണ്ടായത്.
പല മാധ്യമസര്‍വ്വേകളും ബിജെപിയ്ക്ക് നിര്‍ണ്ണായക ശക്തിയാകാന്‍ കഴിയുമെന്ന് പ്രവചിച്ച തിരുവനന്തപുരം മണ്ഡലത്തില്‍ ചലച്ചിത്രതാരം കൃഷ്ണകുമാറിന് എട്ട് ബൂത്തുകളില്‍ ഒരു വോട്ടുപോലും നേടാനായില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ട് മാത്രം ലഭിച്ച 493 ബൂത്തുകളാണ് കേരളത്തിലുള്ളത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കോന്നിയിലും മഞ്ചേശ്വരത്തും രണ്ട് ബൂത്തുകളില്‍ ബിജെപിയ്ക്ക് വോട്ടുകളൊന്നും പോള്‍ ചെയ്യപ്പെട്ടില്ല.
കോഴിക്കോട് ജില്ലയില്‍ ഒന്‍പത് ബൂത്തുകളിലാണ് ബിജെപിയ്ക്ക് വോട്ടില്ലാത്തത്. കാസര്‍കോഡ് പത്ത് ബൂത്തുകളില്‍ ബിജെപിയ്ക്ക് ഒരുവോട്ടുപോലും കിട്ടിയില്ല. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ 34 ബൂത്തുകളില്‍ ബിജെപി പൂജ്യത്തില്‍ ഒതുങ്ങി. പൊന്നാനിയില്‍ 16 ബൂത്തുകളില്‍ ബിജെപിയ്ക്ക് ഓരോ വോട്ടുകള്‍ വീതം മാത്രമാണ് ലഭിച്ചത്. കണ്ണൂര്‍ ജില്ലയില്‍ ഏഴിടത്തും ബിജെപിയ്ക്ക് വോട്ടില്ലാതായി.