‘സുന്ദരയ്ക്ക് പണം നല്‍കിയിട്ടില്ല’; ആരോപണം സിപിഎം മുസ്ലിം ലീഗ് ഗൂഢാലോചനയെന്ന് ബിജെപി വിശദീകരണം
മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കാന്‍ ബിജെപി രണ്ടര ലക്ഷം രൂപ നല്‍കിയെന്നാണ് കെ. സുന്ദര ഉന്നയിച്ച ആരോപണം.
5 Jun 2021 12:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാസര്‍ഗോഡ്: ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്. സുന്ദരയ്ക്ക് പണം നല്‍കിയിട്ടില്ല. ആരോപണം സിപിഎം മുസ്ലിംലീഗ് ഗൂഢാലോചനയാണ്. ഇക്കാര്യം അന്വേഷിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. ബിജെപിയിലേക്ക് ചേക്കേറാന്‍ സുന്ദര ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും കെ ശ്രീകാന്ത് അവകാശപ്പെട്ടു. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കാന്‍ ബിജെപി രണ്ടര ലക്ഷം രൂപ നല്‍കിയെന്നാണ് കെ. സുന്ദര ഉന്നയിച്ച ആരോപണം.
ബിജെപി നേതാക്കള്‍ പണം നല്‍കിയത് കൊണ്ടാണ് താന്‍ പത്രിക പിന്‍വലിച്ചതെന്ന് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദര വെളിപ്പെടുത്തി. ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും പണം വീട്ടിലെത്തി അമ്മയുടെ കൈയ്യില്‍ കൊടുക്കുകയായിരുന്നുവെന്നും സുന്ദര പറയുന്നു. കെ സുരേന്ദ്രന് മഞ്ചേശ്വരത്ത് വിജയിച്ച് കഴിഞ്ഞാലും സുന്ദരക്ക് വലിയ വാഗ്ദാനങ്ങളാണ് നല്‍കിയത്.
‘അഞ്ചാറാള് വൈകിട്ട് വന്നു. നോമിനേഷന് പിന്‍വലിക്കണം എന്ന് പറഞ്ഞു. ഞാന്‍ ബിഎസ്പിക്കാരോട് ചോദിക്കട്ടെയെന്ന് പറഞ്ഞു. എന്റെ വീട്ടിനടുത്തുള്ള സുരേഷ് നായിക് അവരോട് പത്രിക പിന്‍വലിക്കാം എന്ന് പറഞ്ഞു. അങ്ങനെ സമ്മര്‍ദം ചെലുത്തി. സുരേന്ദ്രേട്ടന് ജയിക്കണം ഇക്കുറി എന്നും പറഞ്ഞു. രണ്ട് ലക്ഷം രൂപ തന്നു. ഫോണും തന്നു. നേരത്തെ എനിക്ക് വാട്ട്സ്ആപ്പ് ഉള്ള ഫോണ്‍ ഉണ്ടായിരുന്നില്ല. പതിനഞ്ച് ചോദിച്ചു. രണ്ട് തന്നു. വീട്ടില്‍ വന്ന് അമ്മയുടെ കൈയ്യില്‍ ക്യാഷ് ആയിട്ട് തന്നു. സുരേന്ദ്രന് ഫോണില്‍ വിളിച്ചിരുന്നു. ജയിച്ച് കഴിഞ്ഞാല്‍ വൈന്‍ ഷോപ്പും വീടും വേണമെന്ന് ഞാന്‍ പറഞ്ഞു. അത് ചെയ്യാമെന്ന് എന്നോട് പറഞ്ഞു. കര്‍ണാടകത്തില്‍ ആണ് ഞാന്‍ വൈന്‍ ഷോപ്പ് ആവശ്യപ്പെട്ടത്.’
സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടക്കവെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേരുകയായിരുന്നു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന് 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
സി കെ ജാനു എന്‍ഡിഎയില്‍ ചേരുന്നതിനായി പത്ത് ലക്ഷം രൂപ ആവശ്യപ്പെടുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. ജെആര്‍പി സംസ്ഥാന ട്രെഷറര്‍ പ്രസീത അഴീകൊടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്. സിപി ഐഎമ്മില്‍ ഉണ്ടായിരുന്ന സമയത്ത് ഉണ്ടായിരുന്ന ബാധ്യതകള്‍ തീര്‍ക്കാനാണ് പണം എന്നും പ്രസീത സുരേന്ദ്രനോട് പറയുന്നു. എന്നാല്‍ സുരേന്ദ്രനും സികെ ജാനുവും ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുകയായിരുന്നു.