‘ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, സ്ഥലങ്ങളുടെ യഥാര്‍ഥ പേരെന്തെന്ന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കണം’; വിടാതെ ബിജെപി
എന്നാല്‍ പ്രചരണം അടിസ്ഥാനമില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് പ്രതിഷേധ പരിപാടികളില്‍ നിന്നും കര്‍ണാടക ബോര്‍ഡര്‍ ഏരിയ ഡെവലെപ്മെന്റ് അതോരിറ്റി പിന്മാറി.
29 Jun 2021 7:38 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാസര്‍ഗോഡ് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ സ്ഥലപേരുകള്‍ മാറ്റാന്‍ കേരളം പദ്ധതിയൊരുക്കുന്നു എന്ന പ്രചരണത്തെക്കുറിച്ചുള്ള ചര്‍ച്ച അവസാനിപ്പിക്കാതെ ബിജെപി. പേര് മാറ്റത്തെക്കുറിച്ച് ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ബിജെപി ജില്ലാ നേതൃത്വം പറയുന്നു. ഈ ആശങ്ക അടിയന്തരപ്രാധാന്യത്തോടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം. സ്ഥലങ്ങളുടെ യഥാര്‍ഥ പേരുകള്‍ എന്തെന്ന് വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ പ്രചരണം അടിസ്ഥാനമില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് പ്രതിഷേധ പരിപാടികളില്‍ നിന്നും കര്‍ണാടക ബോര്‍ഡര്‍ ഏരിയ ഡെവലെപ്മെന്റ് അതോരിറ്റി പിന്മാറി.
അതിര്‍ത്തി ഗ്രാമങ്ങളുടെ കന്നഡ പേരുകള്‍ മാറ്റാന്‍ പദ്ധതിയിടുന്നെന്ന പ്രചരണത്തെ മുഖ്യമന്ത്രി പിണറായി വിജയന് പൂര്‍ണ്ണമായി തള്ളിയിരുന്നു. അതിര്‍ത്തിയിലുള്ള ഏതെങ്കിലും ഒരു ഗ്രാമത്തിന്റെ പേര് മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചന പോലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ അയച്ചതായി പ്രചരിക്കുന്ന കത്ത് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയൊരു കത്ത് ഉണ്ടായിരുന്നെങ്കില്‍ സാധാരണ ഗതിയില്‍ ഇതിനികം അത് തന്റെ പക്കല്‍ എത്തുമായിരുന്നു എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
നമ്മുടെ നാട്ടില്‍ അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ഗൂഢശ്രമങ്ങളുടെ ഭാഗമായിട്ടായിരിക്കണം ഒരു കഴമ്പുമില്ലാത്ത ഈ വാര്‍ത്ത പ്രചരിക്കുന്നത്. ഇല്ലാത്ത ഒരു കാര്യം എങ്ങനെ വാര്‍ത്തയാക്കി എടുക്കാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണ്ണാടക- കേരള അതിര്‍ത്തി ഗ്രാമങ്ങളിലെ കന്നഡ ഭാഷയിലുള്ള സ്ഥലപേരുകള്‍ മലയാള വത്കരിക്കാന്‍ കേരളം നീക്കം നടത്തുന്നതായി ആയിരുന്നു അഭ്യൂഹങ്ങള്‍. നേരത്തെ ഈ പ്രചരണം തള്ളി കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു ഐഎഎസും പ്രതികരിച്ചിരുന്നു. പചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം അതുമായി ബന്ധപ്പെട്ട ഫയലുകളൊന്നും തനിക്ക് മുന്നില്‍ എത്തിയിട്ടില്ലെന്നും അറിയിച്ചിരുന്നു.
പേരുമാറ്റാനുള്ള നീക്കം കന്നഡ ഭാഷയ്ക്കെതിരായ ആക്രമണമാണെന്ന് ആരോപിച്ച് കര്‍ണ്ണാടക ബോര്‍ഡര്‍ ഏരിയ ഡവലപ്മെന്റ് അതോറിറ്റി രംഗത്തുവന്നതോടെയായിരുന്നു വിവാദങ്ങള്‍ ആരംഭിച്ചത്. പിന്നീട് കന്നട വികസന സമിതിയും വിഷയം ഏറ്റെടുത്തിരുന്നു. ജില്ലയിലെ ഭാഷാന്യൂനപക്ഷങ്ങളുടെ സാംസ്കാരികത്തനിമയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം.