Top

‘പരട്ട കിളവന്‍, ബിജെപി തോറ്റത് താന്‍ കാരണം’; ഒ.രാജഗോപാലിനെതിരെ ബിജെപി അനുകൂലികളുടെ സൈബര്‍ ആക്രമണം

കേരളത്തില്‍ ബിജെപിയുടെ ഏക അക്കൗണ്ടായ നേമം കൂടി പൂട്ടിയതോടെ മുതിര്‍ന്ന ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാലനെതിരെ സൈബര്‍ ആക്രമണം. സൈബര്‍ ഇടത്തില്‍ രാജഗോപാലനെ കുറ്റപ്പെടുത്തുന്നത് മറ്റാരുമല്ല സ്വന്തം പാർട്ടിക്കാർ തന്നെയാണ്. പരട്ട കിളവന്‍, ബിജെപി തോറ്റത് താന്‍ കാരണം, വായിലെ നാക്ക് മര്യാദക്ക് ഇട്ടൂടായിരുന്നോ, നാമം ജപിച്ച് മൂലക്ക് ഇരുന്നോണ്ണം എന്നിങ്ങനെയുള്ള കമന്റുകളുടെ പൂരമാണ് രാജഗോപാലന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള രാജഗോപാലന്റെ പോസ്റ്റിന് […]

3 May 2021 12:52 AM GMT

‘പരട്ട കിളവന്‍, ബിജെപി തോറ്റത് താന്‍ കാരണം’; ഒ.രാജഗോപാലിനെതിരെ ബിജെപി അനുകൂലികളുടെ സൈബര്‍ ആക്രമണം
X

കേരളത്തില്‍ ബിജെപിയുടെ ഏക അക്കൗണ്ടായ നേമം കൂടി പൂട്ടിയതോടെ മുതിര്‍ന്ന ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാലനെതിരെ സൈബര്‍ ആക്രമണം. സൈബര്‍ ഇടത്തില്‍ രാജഗോപാലനെ കുറ്റപ്പെടുത്തുന്നത് മറ്റാരുമല്ല സ്വന്തം പാർട്ടിക്കാർ തന്നെയാണ്. പരട്ട കിളവന്‍, ബിജെപി തോറ്റത് താന്‍ കാരണം, വായിലെ നാക്ക് മര്യാദക്ക് ഇട്ടൂടായിരുന്നോ, നാമം ജപിച്ച് മൂലക്ക് ഇരുന്നോണ്ണം എന്നിങ്ങനെയുള്ള കമന്റുകളുടെ പൂരമാണ് രാജഗോപാലന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള രാജഗോപാലന്റെ പോസ്റ്റിന് താഴെയാണ് ബിജെപി അനുകൂലികള്‍ ഇത്തരം പരമാര്‍ശങ്ങള്‍ നടത്തുന്നത്. ‘ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നല്‍കിയ സമ്മദിദായര്‍ക്ക് ഒരായിരം നന്ദി. ജനവിധിയെ മാനിക്കുന്നു.തോല്‍വിയെ സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് കുറവുകള്‍ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും.’ എന്നാണ് രാജഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഇദ്ദേഹത്തെയാണ് തെരഞ്ഞെടുപ്പില്‍ ബിജെപ്പിക്ക് ഉണ്ടായ പരാജയത്തിന് ഉത്തരവാദിയായി കാണുന്നത്.

ഒ രാജഗോപാലനെതിരെ വന്ന കമന്റുകളില്‍ ഏറ്റവും ശ്രദ്ധേയമായത് ഹരീഷ് ഹരിപ്പാട് എന്ന വ്യക്തിയുടെ കമന്റാണ്. താങ്കള്‍ അടുത്ത കാലത്ത് ബിജെപിക്ക് ചെയ്തു കൊടുത്ത ഉപകാരങ്ങള്‍ കൊണ്ടുതന്നെ പാര്‍ട്ടിക്ക് വേണ്ടി പിന്നണിയില്‍ ഇരുന്നെങ്കിലും പട പൊരുതുന്ന ആയിരക്കണക്കിനാളുകള്‍ അനുഭവിച്ച മാനസിക വ്യഥ പറഞ്ഞറിയിക്കുക വയ്യാ. പലരും അങ്ങേക്ക് ഓര്‍മ്മക്കുറവായതിനാല്‍ ആണ് പരസ്പരവിരുദ്ധമായ അഭിപ്രായങ്ങള്‍ പറഞ്ഞു പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കുന്നത് എന്ന് പറഞ്ഞു സമാധാനിച്ചു. നിങ്ങളെ പോലെയുള്ളവര്‍ സംരക്ഷിക്കപ്പെട്ടവരാണ് പക്ഷേ യാതൊരു പ്രയോജനവുമില്ലാതെ പാര്‍ട്ടിക്ക് വേണ്ടി നാട്ടുകാരുടെ തെറിവിളി കേള്‍ക്കുന്ന ഞങ്ങള്‍ സാധാരണക്കാരെ ഇനിയും വാക്കുകള്‍ കൊണ്ടുപോലും പരിഹസിക്കരുതെന്നാണ് ഹരീഷ് കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം തെരഞ്ഞെടുപ്പില്‍ പൂര്‍ണമായി തകര്‍ന്നടിഞ്ഞിരിക്കുകയാണ് ബിജെപി. ഏകസിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതിനൊപ്പം വിജയപ്രതീക്ഷ വച്ച മണ്ഡലങ്ങളിലും തിരിച്ചടി നേരിട്ടു. ഏറെ അവകാശവാദങ്ങളുയര്‍ത്തി നേരിട്ട തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് സംഭവിച്ചത്. നിയമസഭയിലെ ഉള്ള പ്രാതിനിധ്യം കൂടി നഷ്ടപ്പെട്ട് ബിജെപി സംപൂജ്യരായി. നേമം ഉള്‍പ്പെടെ ആറിടങ്ങളില്‍ രണ്ടാംസ്ഥാനത്ത് വരാന്‍ കഴിഞ്ഞത് മാത്രമാണ് ഏക നേട്ടം. രാജഗോപാലിന് പകരം കുമ്മനത്തെ ഇറക്കിയുള്ള നേമത്തെ പരീക്ഷണം വിജയം കണ്ടില്ല.

ശക്തമായ ത്രികോണമത്സരം നടന്നപ്പോള്‍ അതിജീവിക്കാന്‍ മികച്ച സംഘടനാ സംവിധാനമുള്ള മണ്ഡലത്തില്‍ പാര്‍ട്ടിക്ക് കഴിയാഞ്ഞത് നേതൃത്വത്തെ ഞെട്ടിച്ചു. തിരുവനന്തപുരം ജില്ലയില്‍ വിജയിച്ചെന്ന് ഉറപ്പിച്ച കഴക്കൂട്ടത്ത് വന്‍പരാജയമാണ് ശോഭാ സുരേന്ദ്രന് നേരിടേണ്ടി വന്നത്. ശബരിമല വലിയ പ്രചരണവിഷയമാക്കിയിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ കനത്ത പരാജയമുണ്ടായത് വരും ദിനങ്ങള്‍ പാര്‍ട്ടിയെ കലുഷിതമാക്കും. രണ്ടിടത്ത് മത്സരിച്ച സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലൊതുങ്ങി.

മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 83 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു തോല്‍വിയെങ്കില്‍ ഇത്തവണ 700 ആയി. കോന്നിയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും നാണക്കേടിന്റെ ആഴം വര്‍ധിപ്പിക്കുന്നു. കാസര്‍ഗോഡ് മണ്ഡലത്തില്‍ ജി്ല്ലാ അധ്യക്ഷന്‍ കൂടിയായ ശ്രീകാന്ത് രണ്ടാം സ്ഥാനത്തെത്തി. തൃശൂരില്‍ സുരേഷ് ഗോപി ഇടയ്ക്ക് ലീഡെടുത്തെങ്കിലും വിജയത്തിലേക്ക് നീങ്ങാന്‍ കഴിഞ്ഞില്ല.

പാലക്കാട് ആറായിരം വോട്ടിന് വരെ മുന്നിട്ട് നിന്ന ഇ ശ്രീധരന് അവസാന റൗണ്ടുകളോടെ മൂവായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയം സമ്മതിക്കേണ്ടി വന്നു.. എംഎല്‍എ ഓഫീസ് വരെ തുടങ്ങാനുള്ള ധൈര്യം കാട്ടാന്‍ ഇ ശ്രീധരന് നല്‍കിയ ആത്മവിശ്വാസം എന്തെന്ന ചോദ്യമാണ് ബാക്കിയാകുന്നത്. ജില്ലയിലെ മറ്റൊരു മണ്ഡലമായ മലമ്പുഴയില്‍ ഇത്തവണ വലിയ പ്രതീക്ഷയായിരുന്നു പാര്‍ട്ടി വച്ചുപുലര്‍ത്തിയത്. പക്ഷേ അവിടെയും രണ്ടാം സ്ഥാനത്തൊതുങ്ങി. കൊല്ലം ജില്ലയിലെ ശക്തികേന്ദ്രമായ ചാത്തന്നൂരും രണ്ടാം സ്ഥാനത്തിനപ്പുറത്തേക്ക് കടക്കാനില്ല.. 35 സീറ്റുനേടിയാല്‍ ഇത്തവണ അധികാരം പിടിക്കുമെന്ന വാദമായിരുന്നു പ്രചരണഘട്ടത്തില്‍ ആദ്യാവസാനം നേതാക്കള്‍ ഉയര്‍ത്തിയത്.

രണ്ടക്കത്തിലേക്ക് അംഗബലം എത്തുമെന്നും കേന്ദ്രനേതൃത്വത്തിന് ഉറപ്പ് നല്‍കിയിരുന്നു. എന്ത് വിലകൊടുത്തും ശക്തിവര്‍ധിപ്പിക്കാന്‍ കേന്ദ്രം സര്‍വ്വസന്നാഹനങ്ങളും ഇറക്കി.. മന്ത്രിമാര്‍ ക്യാമ്പ് ചെയ്ത് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചു. ഇന്നുവരെ കേരളം കണ്ടിട്ടില്ലാത്ത തരത്തില്‍ പണമിറക്കി പ്രചരണം കൊഴുപ്പിച്ചു. ഇതിനെല്ലാം ഒടുവില്‍ സംപൂജ്യരായി മാറുമ്പോള്‍ കേന്ദ്രനേതൃത്വത്തിന് മുന്നില്‍ സംസ്ഥാന നേതാക്കള്‍ മറുപടി പറയേണ്ടി വരും. ദയനീയ പ്രകടനം സംസ്ഥാന ഘടകത്തിനുള്ളില്‍ പൊട്ടിത്തെറി തീര്‍ക്കുമെന്നുറപ്പ്. വരും ദിനങ്ങളില്‍ പാര്‍ട്ടിക്കുള്ളിലെ പോര് കൂടുതല്‍ രൂക്ഷമാകുമെന്നുറപ്പ്.

Next Story