‘കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ’; മുഖ്യമന്ത്രി കൂടുതല്‍ അപഹാസ്യനാകുമെന്ന് സുരേന്ദ്രന്‍

കേന്ദ്ര ഏജസിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം വിചിത്ര നടപടിയെന്ന പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എങ്ങും കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ്. ഭരണ ഘടനാ വിരുദ്ധമായി ഇത്തരം നടപടികളിലൂടെ മുഖ്യമന്ത്രി കൂടുതല്‍ അപഹാസ്യനാകുമെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ താമാശയാണെന്നായിരുന്നു വിഷയത്തോടുള്ള കേന്ദ്ര മന്ത്രി വി മുളീധരന്റെ പ്രതികരണം. തെരഞ്ഞെടുപ്പുവരെ പിടിച്ചു നില്‍ക്കാനുള്ള പതിനെട്ടാം അടവാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത്തരം ഓലപ്പാമ്പിനെ കണ്ട് പേടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിരമിച്ച ജഡ്ജിയെ കമ്മീഷനായി നിയമിച്ചുകൊണ്ട് അന്വേഷണം നടത്തുന്നത്. ഇതുവഴി ശമ്പളം കൊടുക്കാമെന്നാല്ലാതെ മറ്റൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല. കിഫ്ബിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ പിണറായി എന്തിനാണ് കമ്മീഷനെ വെച്ചതെന്നും അദ്ദേഹം ചോദിച്ചു.

സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുന്നു, ഡോളര്‍, സ്വര്‍ണക്കടത്ത് കേസ് അന്വേഷണങ്ങള്‍ വഴിതിരിച്ച് വിടുന്നു എന്നീ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികല്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. റിട്ട. ജഡ്ജി കെ വി മോഹനെ കമീഷനാക്കാനാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കുക.

Covid 19 updates

Latest News