
ഗുരുവായൂരും തലശ്ശേരിയിലും പത്രിക തള്ളിയതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയും തള്ളിയതോടെ ഇരുമണ്ഡലങ്ങളിലും പയറ്റേണ്ട തന്ത്രങ്ങള്‍ ചര്‍ച്ചചെയ്ത് ബിജെപി. സ്വതന്ത്രരെ ഒപ്പം കൂട്ടി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ബിജെപി പദ്ധതിയിട്ടിരുന്നെങ്കിലും തലശ്ശേരിയില്‍ ഈ നീക്കവും പാളി. ബിജെപിയുമായി സഖ്യത്തിനില്ലെന്ന് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീര്‍ വ്യക്തമാക്കിയതോടെയാണ് ബിജെപി കടുത്ത പ്രതിസന്ധിയിലായത്. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയും അപരരും മാത്രമാണ് തലശ്ശേരിയില്‍ ഇനി അവശേഷിക്കുന്നത്.
ഗുരുവായൂര്‍ മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയെ പിന്തുണയ്ക്കാനാണ് ബിജെപി നീക്കം നടത്തുന്നത്. മുന്‍പ് എന്‍ഡിഎയില്‍ ചേരാല്‍ ശ്രമിച്ചിരുന്ന പാര്‍ട്ടിയാണിത്. ഗുരുവായൂരില്‍ ദിലീപ് നായരാണ് ഡിഎസ്ജെപി സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യത്തിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനുതൊട്ടുപിന്നാലെ ബിജെപി നേതാക്കള്‍ ദിലീപ് നായരുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2016ലും ഗുരുവായൂരില്‍ നിന്നും ജനവിധി തേടിയ നിവേദിതയ്ക്ക് അന്ന് 25,447 വോട്ടുകള്‍ ലഭിച്ചിരുന്നു.
എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയ മണ്ഡലങ്ങളില്‍ എന്‍ഡിഎ വോട്ട് എങ്ങനെ പങ്കുവെയ്ക്കപ്പെടുമെന്നത് സംബന്ധിച്ച് ഇടത് വലത് മുന്നണികള്‍ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതോടെ മണ്ഡലങ്ങളിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞതായാണ് മുന്നണികളുടെ പ്രാഥിക വിലയിരുത്തല്‍. ബിജെപിയുടെ വോട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ ഇരുമുന്നണികളും ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.