കോര്‍ കമ്മറ്റി യോഗവുമായി ബിജെപി മുന്നോട്ട് തന്നെ, പൊലീസ് വിലക്ക് മറികടക്കാന്‍ വേദി മാറ്റി
കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ പോലീസ് വിലക്കിയ ബിജെപി കോര്‍ കമ്മറ്റി യോഗം കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് മാറ്റി. ബിജെപി എറണാകുളം ജില്ലാ കമ്മറ്റി ഓഫീസിലേക്കാണ് യോഗം മാറ്റിയത്. ഇന്ന് മൂന്ന് മണിക്ക് യോഗം ചേരാനിരിക്കെയായിരുന്നു പൊലീസ് ഹോട്ടലില്‍ യോഗം നടത്തുന്നതില്‍ തടസ്സമുണ്ടെന്ന് കാട്ടി നോട്ടീസ് നല്‍കിയത്. ഹോട്ടലുകളില്‍ യോഗം ചേരുന്നത് കൊവിഡ്-19 പ്രോട്ടോകോള്‍ ലംഘനമാണെന്നായിരുന്നു പൊലീസ് നിലപാട്. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ചേരുന്ന ആദ്യ കോര്‍കമ്മിറ്റി യോഗത്തില്‍ തിരഞ്ഞെടുപ്പ് പരാജയത്തിന് പുറമെ കുഴല്‍പ്പണ വിവാദവും […]
6 Jun 2021 3:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ പോലീസ് വിലക്കിയ ബിജെപി കോര്‍ കമ്മറ്റി യോഗം കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് മാറ്റി. ബിജെപി എറണാകുളം ജില്ലാ കമ്മറ്റി ഓഫീസിലേക്കാണ് യോഗം മാറ്റിയത്. ഇന്ന് മൂന്ന് മണിക്ക് യോഗം ചേരാനിരിക്കെയായിരുന്നു പൊലീസ് ഹോട്ടലില്‍ യോഗം നടത്തുന്നതില്‍ തടസ്സമുണ്ടെന്ന് കാട്ടി നോട്ടീസ് നല്‍കിയത്. ഹോട്ടലുകളില്‍ യോഗം ചേരുന്നത് കൊവിഡ്-19 പ്രോട്ടോകോള്‍ ലംഘനമാണെന്നായിരുന്നു പൊലീസ് നിലപാട്.
എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ചേരുന്ന ആദ്യ കോര്‍കമ്മിറ്റി യോഗത്തില്‍ തിരഞ്ഞെടുപ്പ് പരാജയത്തിന് പുറമെ കുഴല്‍പ്പണ വിവാദവും ചര്‍ച്ചയ്ക്കെത്തും. ഈ സാഹചര്യത്തില്‍ കൂടിയാണ് വിലക്ക് മറികടന്നും പാര്‍ട്ടി മുന്നോട്ട് പോവുന്നത്.
ബിജെപി കോര്‍കമ്മിറ്റിയോഗം ചേരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പൊലീസ് ഹോട്ടലിലെത്തി യോഗം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയത്. ഈ സമയം നേതാക്കള്‍ ഉള്‍പ്പെടെ എത്തിക്കൊണ്ടിരിക്കുകയായിരുന്നു. മറ്റ് സംഘടനകളും ഇത്തരത്തില്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
നേരത്തെ ഓണ്‍ലൈനായി ബിജെപി കോര്‍കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനേറ്റ കടുത്ത തിരിച്ചടിയും കൊടകര കുഴല്‍പണക്കേസും കോര്‍കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കും. എന്തിരുന്നാലും കേന്ദ്ര നേതൃത്വത്തിന്റെ കൂടി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോര്‍കമ്മിറ്റി യോഗം വിളിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം. ഡല്‍ഹിയില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ സംസ്ഥാന യോഗം നടക്കുകയാണ്.
ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും, അത് പ്രകൃതി നിയമമാണെന്നായിരുന്നു വിഷയത്തില്‍ ബിജെപി ദേശീയ സമിതി അംഗം സികെ പത്മനാഭന്റെ പ്രതികരണം. ഇതില്‍ നിന്നും കെ സുരേന്ദ്രന് പാര്‍ട്ടിയില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നില്ലായെന്ന് വേണം മനസിലാക്കാന്‍. ഒരുപക്ഷെ കെ സുരേന്ദ്രന്റെ രാജിയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങിയേക്കാം. അതേസമയം സംസ്ഥാന പ്രസിഡണ്ട് രാജിവെക്കേണ്ട സാഹചര്യങ്ങളൊന്നും ഇല്ലെന്നാണ് മുരളീധര വിഭാഗം കരുതുന്നത്. രാജിവെച്ചാല്‍ അതൊരു കുറ്റസമ്മതമായി പ്രചരിപ്പിച്ചേക്കും ഇപ്പോഴത്തെ ആരോപണങ്ങളെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് മുരളീധര പക്ഷത്തിന്റെ വാദം.