Top

കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന് ബിജെപി കോര്‍ കമ്മിറ്റി; പരിഗണിക്കുന്നത് രണ്ട് സീറ്റുകളില്‍; തൃശൂര്‍ എടുക്കാന്‍ വീണ്ടും സുരേഷ് ഗോപി വന്നേക്കും

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ മത്സരരംഗത്തിറക്കണമെന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി. രണ്ട് സീറ്റുകളിലേക്കാണ് സുരേന്ദ്രന്റെ പേര് ഉയര്‍ന്നുവന്നിരിക്കുന്നത്. കോന്നിയിലെ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ ഒന്നാമതായി സുരേന്ദ്രന്റെ പേര് ഉള്‍പ്പെടുത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം വഹിക്കുന്ന മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍ മത്സരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വി മുരളീധരനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കണമെന്നും മുരളീധരന്‍ തയ്യാറായില്ലെങ്കില്‍ കെ സുരേന്ദ്രനെ കഴക്കൂട്ടത്ത് രംഗത്തിറക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ബിജെപി ചരിത്രത്തിലാദ്യമായി കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്ന […]

6 March 2021 9:43 AM GMT

കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന് ബിജെപി കോര്‍ കമ്മിറ്റി; പരിഗണിക്കുന്നത് രണ്ട് സീറ്റുകളില്‍; തൃശൂര്‍ എടുക്കാന്‍ വീണ്ടും സുരേഷ് ഗോപി വന്നേക്കും
X

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ മത്സരരംഗത്തിറക്കണമെന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി. രണ്ട് സീറ്റുകളിലേക്കാണ് സുരേന്ദ്രന്റെ പേര് ഉയര്‍ന്നുവന്നിരിക്കുന്നത്. കോന്നിയിലെ സ്ഥാനാര്‍ഥി സാധ്യതാ പട്ടികയില്‍ ഒന്നാമതായി സുരേന്ദ്രന്റെ പേര് ഉള്‍പ്പെടുത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം വഹിക്കുന്ന മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്‍ മത്സരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വി മുരളീധരനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കണമെന്നും മുരളീധരന്‍ തയ്യാറായില്ലെങ്കില്‍ കെ സുരേന്ദ്രനെ കഴക്കൂട്ടത്ത് രംഗത്തിറക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ബിജെപി ചരിത്രത്തിലാദ്യമായി കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്ന നേമത്ത് സിറ്റിങ് എംഎല്‍എ ഒ രാജഗോപാല്‍ മത്സരിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. നേമത്തെ സാധ്യതാ പട്ടികയില്‍ ഒന്നാമതായി മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ പേരാണ്. വി വി രാജേഷാണ് വട്ടിയൂര്‍ക്കാവ് ലിസ്റ്റില്‍ ആദ്യമുള്ളത്. നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കണമെന്നാണ് ആവശ്യം. ആദ്യം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ബിജെപി പിന്നീട് തിരുത്തുകയും ചെയ്ത മെട്രോ മാന്‍ ഇ ശ്രീധരന് പാലക്കാട് മണ്ഡലത്തിലാണ് പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത്.

2019ല്‍ പത്തനംതിട്ട ലോക്‌സഭാ ഇലക്ഷനില്‍ കെ സുരേന്ദ്രന്‍ കോന്നി മണ്ഡലത്തിലെ 28.65 ശതമാനം വോട്ടുകളാണ് നേടിയിരുന്നത്. 2016-ലേതിനേക്കാള്‍ 16.99 ശതമാനം വോട്ടുവളര്‍ച്ചയാണ് ബിജെപിക്ക് അത്തവണ ഉണ്ടായത്. ശബരിമല വിധി സജീവചര്‍ച്ചയായിരിക്കെ നടന്ന ലോക്സഭാതെരഞ്ഞെടുപ്പിലും കോന്നി മണ്ഡലത്തില്‍ നിന്ന് 46064 വോട്ടുകള്‍ സുരേന്ദ്രന് ലഭിച്ചിരുന്നു.

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, മലയാലപ്പുഴ, തണ്ണിത്തോട്, കലഞ്ഞൂര്‍, കോന്നി, വള്ളിക്കോട്, ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളും അടൂര്‍ താലൂക്കിലെ ഏനാദിമംഗലം പഞ്ചായത്തും ഉള്‍പ്പെടുന്ന കോന്നി മണ്ഡലം കര്‍ഷക- കര്‍ഷകതൊഴിലാളി വോട്ടര്‍മാര്‍ക്ക് ഭൂരുപക്ഷമുള്ള മലയോരമേഖലയാണ്. ഈഴവ സമുദായത്തിന് വലിയ സ്വാധീനമുള്ള മേഖല ഒരുകാലത്ത് യുഡിഎഫിന് ലഭിച്ചിരുന്ന എസ്എന്‍ഡിപി പിന്തുണയെ കാണിക്കുന്ന മണ്ഡലമായിരുന്നുവെങ്കില്‍ മണ്ഡലപുനര്‍നിര്‍ണ്ണയത്തോടെ ഇടതുപക്ഷ അടിത്തറ കൂടുതല്‍ ശക്തമായെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അതിനാല്‍ ഉപതിരഞ്ഞെടുപ്പിലൂടെ കോന്നി പിടിച്ചെടുത്ത കെ യു ജനീഷ് കുമാറിനെ തന്നെ 2021 തെരഞ്ഞെടുപ്പിലും രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.

Also Read: നേമത്ത് കുമ്മനം ‘രാജേട്ടനായാല്‍’ ഒറ്റത്താമര കരിയാതിരിക്കുമോ? ; മുന്നണികള്‍ക്ക് മുന്നിലെ പലവഴികള്‍

കേരളത്തിലെ ബിജെപിയുടെ ഏക മണ്ഡലമായ നേമം 2021 തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പമായിരിക്കുമെന്ന ആകാംഷയിലാണ് കേരളം. മുന്നണി വ്യത്യാസമില്ലാതെ എല്ലാവരുടെയും അഭിമാനപോരാട്ടമാണ് നേമത്ത് അരങ്ങേറാനിരിക്കുന്നത്. ഇത്തവണ നേമം നിലനിര്‍ത്താന്‍ ഒ രാജഗോപാലിനുപകരം കുമ്മനം രാജശേഖരനാണ് കളത്തിലിറങ്ങുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ബിജെപി സ്ഥാനാര്‍ഥിത്വക്കുറിച്ചായി മണ്ഡത്തിലെ ചര്‍ച്ചകള്‍. എന്നാല്‍ ഈ മാറ്റത്തിന്റെ ഫലം എന്തുമാകട്ടെ 2016-ലെ തെറ്റ് ഇനിയാവര്‍ത്തിക്കില്ലെന്ന് ഉറച്ചാണ് കേരളത്തിലെ എന്‍ഡിഎ ഒഴികെയുള്ള രണ്ട് മുന്നണികളും തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. നേമത്തെ സംഘപരിവാര്‍ വളര്‍ച്ചയെ വിലകുറച്ചുകണ്ടതിന് ലഭിച്ച തിരിച്ചടിയായിരുന്നു ഒ രാജഗോപാലിന്റെ വിജയം. 2021 തെരഞ്ഞെടുപ്പെത്തുമ്പോള്‍ ശക്തരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കി ആ തെറ്റ് തിരുത്താമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

എഴ് മണ്ഡലങ്ങള്‍ പിടിക്കുമെന്ന 2016 തെരഞ്ഞെടുപ്പിലെ ബിജെപി പ്രഖ്യാപനം ഒന്നിലേക്ക് ഒതുങ്ങിയെങ്കിലും അത് അത്ഭുതത്തോടെയാണ് കേരള രാഷ്ട്രീയം കണ്ടത്. ചരിത്രത്തിലെവിടെയും ഏതെങ്കിലുമൊരു മുന്നണിക്കൊപ്പം മണ്ഡലം ഉറച്ചുനിന്നിട്ടില്ലെങ്കിലും അത്തരമൊരട്ടിമറി ഇരുമുന്നണികളും പ്രതീക്ഷിച്ചിരുന്നതല്ലായിരുന്നു. ഒ രാജഗോപാലിന്റെ വ്യക്തിപ്രഭാവം, 2008 മണ്ഡലപുനര്‍നിര്‍ണ്ണയം, മണ്ഡലം ജെഡിയുവിന് വിട്ടുകൊടുത്ത കോണ്‍ഗ്രസ് തീരുമാനം എന്നിങ്ങനെ വിവിധ കാരണങ്ങള്‍ ആ വിജയത്തിനു സഹായിച്ചെന്ന് നിരീക്ഷിക്കപ്പെടുന്നു.

കേരളത്തില്‍ അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി നടത്തിയ നീക്കങ്ങളിലെ മുന്നണി പോരാളിയായിരുന്നു ഒ രാജഗോപാല്‍. വ്യക്തിപ്രഭാവം കൊണ്ട് പാര്‍ട്ടിയിലെ ഏറ്റവും ജനസമ്മതനായ അദ്ദേഹത്തെ നിയമസഭ-ലോക്‌സഭ തെരഞ്ഞെടുപ്പുകളിലേക്ക് മാറി മാറി പരീക്ഷിച്ചുകൊണ്ടിരുന്ന ബിജെപി അതില്‍ തന്നെ മണ്ഡലങ്ങള്‍ മാറി മാറി ഭാഗ്യാന്വേഷണം നടത്തിക്കൊണ്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പുകളില്‍ എതിര്‍സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ ശേഷിയുള്ള പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി എന്നല്ലാതെ അവസരങ്ങളൊന്നും വിജയത്തിലെത്തിയിരുന്നില്ല.

പിന്നീട് 2008 ലെ മണ്ഡലപുനര്‍നിര്‍ണ്ണയത്തിന് ശേഷം നടന്ന 2011 തെരഞ്ഞെടുപ്പ് മുതലാണ് നേമത്ത് ബിജെപി വിജയസാധ്യതകള്‍ കണ്ടുതുടങ്ങിയത്.

തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ 31-39, 48-58, 61-68 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് മണ്ഡലപുനര്‍നിര്‍ണ്ണയത്തിനു ശേഷമുള്ള നേമം മണ്ഡലം. ഈ മണ്ഡലത്തിലേക്ക് 2011-ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സീറ്റ് എം പി വീരേന്ദ്രകുമാറിന്റെ ജനതാദളിന്‌ നല്‍കി കോണ്‍ഗ്രസ് കോവളത്തേക്ക് മാറി. രണ്ട് തവണ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എന്‍ ശക്തന്റെ ഈ മാറ്റം 2011- ലെ തെരഞ്ഞെടുപ്പില്‍ തന്നെ പ്രതിഫലിച്ചു. വി ശിവന്‍കുട്ടിയിലൂടെ സിപിഐഎം മണ്ഡലം പിടിച്ചപ്പോള്‍ ജെഡിയു ബാനറില്‍ മത്സരിച്ച ചാരുപാറ രവി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഈ തെരഞ്ഞെടുപ്പിലാണ് ഒ രാജഗോപാല്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

പുനര്‍നിര്‍ണ്ണയത്തിന് മുന്‍പ് മണ്ഡലത്തിലെ 1957-ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ 1970 തെരഞ്ഞെടുപ്പ് വരെയുള്ള കാലം ഇടത്, സോഷ്യലിസ്റ്റ് പാര്‍ട്ടികളാണ് മാറി മാറി വിജയിച്ചിരുന്നത്. പിന്നീട് 1977-ലാണ് ആദ്യമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. 1980-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ കോണ്‍ഗ്രസ് എയും തമ്മിലായി പോരാട്ടം. മണ്ഡലത്തില്‍ നിന്ന് മുന്‍പ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇ രമേശന്‍ നായര്‍ – എസ് വരദരാജന്‍ നായര്‍ എന്നിവര്‍ നേര്‍ക്കുനേരെത്തിയ ആവേശമത്സരത്തില്‍ ഇ രമേശന്‍ നായരാണ് വിജയിച്ചത്

1982-ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ കരുണാകരന്‍ മാളയ്‌ക്കൊപ്പം നേമത്തും മത്സരിക്കുകയും സിപിഐഎമ്മിന്റെ പി ഫക്കീറിനെ മൂവായിരത്തില്‍പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം നേമത്തുനിന്ന് കരുണാകരന്‍ രാജിവെച്ചതിനെ തുടര്‍ന്ന് 1983-ല്‍ നേമം ഉപതെരഞ്ഞെടുപ്പിലേക്ക് കടന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഇ രമേശന്‍ നായരെ തോല്‍പ്പിച്ചായിരുന്നു മണ്ഡലം ആ തെരഞ്ഞെടുപ്പിനോട് പ്രതികരിച്ചത്. അന്ന് സിപിഐഎമ്മിന്റെ വി ജെ തങ്കപ്പന്‍ നേമത്ത് അട്ടിമറിവിജയം നേടി. 1987 ല്‍ ഇരുപതിനായിരത്തിലധികം വോട്ടുകളിലേക്ക് ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് അദ്ദേഹം തന്നെ വിജയിച്ചു. 1991-ലും വിജയം ആവര്‍ത്തിച്ച അദ്ദേഹം ആ തവണ സിഎംപിയുടെ സ്റ്റാന്‍ലി സത്യനേശനെയായിരുന്നു പരാജയപ്പെടുത്തിയത്.

1996-ലും സിപിഐഎം സ്ഥാനാര്‍ഥിക്കുതന്നെയായിരുന്നു മണ്ഡലത്തില്‍ വിജയം. എന്നാല്‍ ആ തവണ വലിയ തോതില്‍ ഭൂരിപക്ഷം കുറഞ്ഞു. തുടര്‍ന്ന് 2001-ലെ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് മണ്ഡലം നഷ്ടമായി. 96-ല്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വെങ്ങാനൂര്‍ പി ഭാസ്‌കരനെ 9357 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസ് നേതാവ് എന്‍ ശക്തന്റെ വിജയം. 2006-ലെ തെരഞ്ഞെടുപ്പിലും ഇരു സ്ഥാനാര്‍ഥികള്‍ തന്നെ മണ്ഡലത്തില്‍ നിന്ന് ഏറ്റുമുട്ടുകയും എന്‍ ശക്തന്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.

ഈ കാലയളവില്‍ മൂന്നാം സ്ഥാനത്ത് വോട്ടുശതമാനം ഉയര്‍ന്നും ഇടിഞ്ഞും ബിജെപി സാന്നിധ്യമുണ്ടായിരുന്നു. പൂന്തുറ സോമന്‍, കെ എന്‍ സുന്ദരേശന്‍ തമ്പി, പി അശോക് കുമാര്‍, മടവൂര്‍ സുരേഷ്, എം എസ് കുമാര്‍, മലയിന്‍കീഴ് രാധാകൃഷ്ണന്‍ എന്നിവര്‍ ബിജെപിക്ക് വേണ്ടി ഇക്കാലയളില്‍ നേമത്ത് മത്സരിച്ചു. എന്‍ ശക്തന്‍ അവസാനമായി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 2006ല്‍ ബിജെപിയുടെ മലയിന്‍കീഴ് രാധാകൃഷ്ണന് ലഭിച്ചത് 6705 വോട്ടുകളായിരുന്നു.

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയ അന്തരീക്ഷത്തില്‍ 2011 തെരഞ്ഞെടുപ്പില്‍ 43661 വോട്ടുകളുമായി ബിജെപി രണ്ടാം സ്ഥാനത്തെത്തി. ആ മുന്നേറ്റം നല്‍കിയ ആത്മവിശ്വാസവുമായാണ് 2016-ല്‍ ഒ രാജഗോപാല്‍ വീണ്ടും കളത്തിലിറങ്ങിയത്. 2011 സിപിഐഎം സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയുടേതില്‍ നിന്ന് 6415 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു രാജഗോപാലെങ്കില്‍ 2016 തെരഞ്ഞെടുപ്പില്‍ 67813 വോട്ടുകള്‍ അദ്ദേഹം മണ്ഡത്തില്‍ സ്വന്തമാക്കി. വി ശിവന്‍കുട്ടിയെ 8671 വോട്ടുകള്‍ക്ക് അന്ന് രാജഗോപാല്‍ പരാജയപ്പെടുത്തുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്ന ജെഡിയുവിന്റെ വി സുരേന്ദ്രന്‍ പിള്ള 13860 വോട്ടുകള്‍ മാത്രമാണ് നേടിയത്.

Next Story