‘മലമ്പുഴയില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും കോണ്‍ഗ്രസ്-ബിജെപി ധാരണ’; ഒ രാജഗോപാലിന്റെ പരാമര്‍ശം ചൂണ്ടി യുഡിഎഫിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
മലമ്പുഴയില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പല നിയമസഭാ മണ്ഡലങ്ങളിലും ബിജെപി-കോണ്‍ഗ്രസ് ധാരണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലമ്പുഴയില്‍ ബിജെപിയെ സഹായിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ബിജെപി തയ്യാര്‍ എന്ന് ബിജെപി നേതാവ് തന്നെ പറഞ്ഞു. നാട്ടില്‍ പലയിടത്തും ഇത്തരം ധാരണകള്‍ ഉണ്ട്. കേരളത്തില്‍ വോട്ട് കച്ചവടം ഉണ്ടായി എന്ന് ഒരു മുതിര്‍ന്ന നേതാവ് തുറന്ന് പറയുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മലമ്പുഴയില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് മുക്യമന്ത്രിയുടെ പ്രതികരണം. ബിജെപിയും കോണ്‍ഗ്രസും സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് ഒ രാജഗോപാല്‍ തന്നെ […]

മലമ്പുഴയില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പല നിയമസഭാ മണ്ഡലങ്ങളിലും ബിജെപി-കോണ്‍ഗ്രസ് ധാരണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലമ്പുഴയില്‍ ബിജെപിയെ സഹായിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ബിജെപി തയ്യാര്‍ എന്ന് ബിജെപി നേതാവ് തന്നെ പറഞ്ഞു. നാട്ടില്‍ പലയിടത്തും ഇത്തരം ധാരണകള്‍ ഉണ്ട്. കേരളത്തില്‍ വോട്ട് കച്ചവടം ഉണ്ടായി എന്ന് ഒരു മുതിര്‍ന്ന നേതാവ് തുറന്ന് പറയുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മലമ്പുഴയില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് മുക്യമന്ത്രിയുടെ പ്രതികരണം.
ബിജെപിയും കോണ്‍ഗ്രസും സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് ഒ രാജഗോപാല്‍ തന്നെ സമ്മതിച്ചു. ഇതെല്ലാം നേതൃത്വത്തിന്റെ അനുമതിയോടെ ആയിരുന്നു എന്നും ബിജെപിക്ക് നേട്ടം ആയി എന്നും അദ്ദേഹം തുറന്ന് പറഞ്ഞു.
മുഖ്യമന്ത്രി
ചിലയിടത്ത് വോട്ട് വര്‍ധിച്ചത് ഇത് കൊണ്ടാണ് എന്ന് അദ്ദേഹം തന്നെ പറഞ്ഞു. നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുടങ്ങാന്‍ സഹായിച്ചത് കോണ്‍ഗ്രസാണ്. മണ്ഡലത്തിലെ കോണ്‍ഗ്രസ് വോട്ടുകള്‍ ആവിയായി മാറി. കോണ്‍ഗ്രസും ലീഗും ഇത് തുറന്ന് പറയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എല്‍ഡിഎഫിനെതിരെ കോണ്‍ഗ്രസും മുസ്ലീം ലീഗും ബിജെപിയും ഒരുമിച്ച് ചേര്‍ന്ന് പല തവണ വോട്ടുമറിക്കലുകള്‍ നടത്തിയിട്ടുണ്ടെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് ലീഗ് ബിജെപി സഖ്യം ഉണ്ടായിട്ടുണ്ട്. വടക്കന്‍ കേരളത്തിലായിരുന്നു സഖ്യം കൂടുതല്‍. നേതൃത്വത്തിന്റെ അറിവോടെയായിരുന്നു സഖ്യം. സഖ്യം ബിജെപിക്ക് നേട്ടമുണ്ടാക്കി. മഞ്ചേശ്വരത്തും ഒറ്റപ്പാലത്തും ബിജെപിയ്ക്ക് വോട്ട് കൂട്ടിയത് ഈ സഖ്യമാണ്. പ്രായോഗിക രാഷ്ട്രീയത്തില്‍ അഡ്ജസ്റ്റ്മെന്റ് വേണ്ടി വരും. പാര്‍ട്ടിക്ക് നഷ്ടമില്ലാത്ത അഡ്ജസ്റ്റ്മെന്റ് ഇപ്പോഴും ആകാമെന്നും ഒ രാജഗോപാല്‍ പറയുകയുണ്ടായി.
ഒ രാജഗോപാല്‍ പറഞ്ഞത്
“സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്നുള്ളആര് ബാലശങ്കറുടെ ആരോപണം ശുദ്ധ അസംബന്ധമാണ്. ആരോ പറയുന്നതിന് ഏറ്റുപറയുന്നതാണ് അത്. കോണ്‍ഗ്രസ് എന്തും പറയും.
ചില ആളുകള്‍ തീവ്രമായിട്ട് കമ്മ്യൂണിസ്റ്റുകളെ, ഇപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ കമ്മ്യൂണിസ്റ്റ് ആക്രമണങ്ങള്‍ കൊണ്ട്, വെട്ടും കുത്തുമേറ്റ് പല വീടുകളിലും പ്രവര്‍ത്തകര്‍ മരിച്ചിട്ടുണ്ടാകും. പലയാളുകളുടെ വീട്ടുകാരും ജയിലില്‍ കിടക്കുകയായിരിക്കും. അത്തരം സാഹചര്യത്തില്‍ അവരുടെ കുടുംബത്തെ സംരക്ഷിക്കേണ്ടതിനും താല്പര്യങ്ങള് നോക്കേണ്ടതിനും അഡ്ജസ്റ്റ്മെന്റുകള്‍ വേണ്ടിവരും. നമ്മള് മത്സരിക്കാത്ത സ്ഥലത്ത് മറ്റൊരാളുടെ സപ്പോര്‍ട്ട് നമുക്ക് കിട്ടുകയാണെങ്കില്‍ നമ്മള് അത് ചെയ്യും. അതല്ലേ ബിസിനസ്? അതല്ലേ രാഷ്ട്രീയ രംഗത്തുള്ള രീതി.
കമ്മ്യൂണിസ്റ്റുകാരെ തോല്പിക്കാന് ഇപ്പോള്‍ കരുതിക്കൂട്ടി അങ്ങനെ ചെയ്യുന്നില്ല. ലാഭകരമാണ് മറ്റൊരു ഭാഗത്ത് ഗുണം കിട്ടുമെങ്കില്‍ നമ്മള് അത് ചെയ്യും. ഉള്ള വോട്ടുകള്‍ ശക്തിയാകും, സാമ്പത്തികമായും. എല്ലാം കൂടി പരത്തി 140ലും കൂടി പങ്കിടുന്നതിനേക്കാള്‍ എട്ടോ പത്തോ സീറ്റുകളില്‍ ജയിക്കാന്‍ ശ്രമിക്കുകയല്ലേ വേണ്ടത്?
അഡ്ജസ്റ്റ്മെന്റ് ലാഭമാണെന്ന് സിപിഐഎമ്മിനും കോണ്‍ഗ്രസിനും തോന്നണ്ടേ? പ്രാദേശിക തലത്തില്‍ മാത്രമേ ഈ അഡ്ജസ്റ്റ്മെന്റ് നടക്കുകയുള്ളൂ. സംസ്ഥാന നേതൃത്വത്തിന്റെ സമ്മതം വാങ്ങണം. അറിഞ്ഞു കൊണ്ടുതന്നെ ലോക്കല്‍ അഡ്ജസ്റ്റ്മെന്റ് ചെയ്യണം. അധികവും വടക്കന്‍ കേരളത്തിലാണ് ഇത് നടക്കാറുള്ളത്. ലോക്സഭയിലേക്ക് ആകെ കുറച്ച് സീറ്റുകളല്ലേയുള്ളൂ. അഡ്ജസ്റ്റ്മെന്റിനുള്ള സ്കോപ്പൊന്നും ഇല്ല. കൂടുതലുള്ളത് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലൊന്നും കക്ഷി രാഷ്ട്രീയമേ പാടില്ലെന്ന അഭിപ്രായമാണ് എനിക്ക്.
അഡ്ജസ്റ്റ്മെന്റിന് സംസ്ഥാന നേതൃത്വം ക്ലിയറന്‍സ് നല്കണമെങ്കില് പാര്‍ട്ടിക്ക് ലാഭമുണ്ടാകണം. പാര്‍ട്ടിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെടാന്‍ പാടില്ല. കച്ചവടത്തില്‍ നമ്മള് അവരുടെ കൊള്ളരുതായ്മയ്ക്ക് കൂട്ടുനില്‍ക്കുന്ന ഏര്പ്പാടുണ്ടാകാന് പാടില്ല. നമ്മുടെ കാര്യം നേടാനായിട്ട് ഒരു പൊതുശത്രുവിനെ തോല്പിക്കാനുളള അഡ്ജസ്റ്റ്മെന്റ് അത്രേയുള്ളൂ. ഒറ്റയ്ക്ക് എല്ലാവരേയും എതിര്‍ത്തുകൊണ്ടാണല്ലോ പ്രവര്‍ത്തിച്ച് വളര്‍ന്നു വന്നിട്ടുള്ളത്. അപ്പോള്‍ അവര്‍ക്ക് മുകളിലെ ലെവലിലുള്ള അഡ്ജസ്റ്റ്മെന്റിന്റെ കാര്യങ്ങളേ പറ്റി മനസിലാകാന്‍ വിഷമമുണ്ടാകും. കുറേ സമയം പിടിക്കും.
കുറേ കൊല്ലങ്ങള്‍ക്ക് മുമ്പ് കോലീബി എന്നൊക്കെ പറയുന്ന ഒരു കാലഘട്ടമുണ്ടായിരുന്നില്ലേ? ചില സീറ്റുകളിലൊക്കെ അഡ്ജസ്റ്റുമെന്റുണ്ടായിരുന്നു. ഒരു ധാരണ ഉണ്ടായിട്ടുള്ളതാണല്ലോ. അന്ന് തന്നെ പറഞ്ഞിട്ടുള്ളതാണ്. ഓപ്പണായിട്ട് ഉള്ളതാണ്. കോണ്‍ഗ്രസ്, ബിജെപി, മുസ്ലീം ലീഗ് ഓരോരുത്തരും ഒറ്റയായിട്ടാണ്. മൂന്ന് പേരും കൂടിയുള്ള ഒരു കൂട്ടുകെട്ടല്ല. സിപിഐഎമ്മിനെ തോല്പിക്കാനും ബിജെപിയെ ജയിപ്പിക്കാനും. നല്ല വോട്ടുവര്ധനവുണ്ടാക്കാന് ബിജെപിക്ക് സാധിച്ചിട്ടുണ്ടല്ലോ. കോലീബി സഖ്യത്തിലൂടെ മൂന്ന് നാല് മണ്ഡലങ്ങളില്‍ വോട്ടുവര്ധനവുണ്ടായി. അങ്ങനെ ധാരണയുണ്ടാക്കിയ സ്ഥലങ്ങളിലൊക്കെ ലാഭമുള്ളതാണ്. ഒറ്റപ്പാലത്തും മഞ്ചേശ്വരത്തും ഉണ്ടായിട്ടുണ്ട്.
ആശയവും പ്രയോഗവും വ്യത്യാസമുണ്ട്. അടിസ്ഥാനപരമായ മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടിയുള്ളതാണ് ആശയങ്ങള്‍. എല്ലാ ആശയങ്ങളും ഒരേ സമയത്ത് നടപ്പിലാക്കാന്‍ സാധിക്കില്ല. ഓരോ പടിയായല്ലേ മുന്നോട്ട് പോകാന്‍ പറ്റുകയുള്ളൂ. രാഷ്ട്രീയത്തില്‍ ഇങ്ങനെയുള്ള അഡ്ജസ്റ്റ്മെന്റ്സ് വേണ്ടിവരും.
ബിജെപി വോട്ടുകള്‍ ഇനിയും വര്‍ധിക്കും. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്ല പോലെ വര്‍ധനയുണ്ടാകും. അവസരം വരുകയാണെങ്കില്‍ ഇനിയും ഇത്തരം അഡ്ജസ്റ്റുമെന്റുകള്‍ക്ക് നോക്കും, പരിഗണിക്കും. നമ്മുടെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് ക്രെഡിബിലിറ്റിക്ക് കോട്ടം തട്ടാത്ത തരത്തില്‍ അഡ്ജസ്റ്റ്മെന്റിന് സാധിക്കുമെങ്കില്‍ ബിജെപി ആലോചിക്കും.
മുസ്ലീം ലീഗുമായി സഖ്യത്തിന് തയ്യാറെന്ന ശോഭാ സുരേന്ദ്രന്റെ പ്രസ്താവന വിമര്‍ശനങ്ങള്‍ക്ക് കാരണമായി. തിയറിയൊക്കെ ശരിയാണ്. പക്ഷെ, പ്രവര്‍ത്തകര്‍ക്ക് പെട്ടെന്ന് ദഹിക്കില്ല. ലാഭമാകും, പക്ഷെ പ്രവര്ത്തകരേക്കൂടി നമ്മള് വിശ്വാസത്തിലെടുക്കണം. ഏകപക്ഷീയമായി പ്രഖ്യാപിച്ചാല്‍ എതിര്‍പ്പുണ്ടാകും.
നമ്മള് ധാരണയുണ്ടാക്കുമ്പോള്‍ ലോകത്തോട് മുഴുവന്‍ വിളിച്ചുപറയേണ്ട കാര്യമുണ്ടോ? അതിന്റെ ആവശ്യമില്ല. നമ്മള് വീട്ടിലുള്ള കാര്യങ്ങള്‍ നാട്ടുകാരോട് വിളിച്ചു പറഞ്ഞു നടക്കുമോ?
കെ മുരളീധരന് ശക്തനാണ്. കെ കരുണാകരന്റെ മകനാണ്. ആ രീതിയില്‍ അംഗീകാരവും ജനങ്ങള്‍ക്കിടയില്‍ സ്വാധീനവുമുള്ളയാളാണ്. ജനങ്ങള്‍ അംഗീകരിക്കുന്നത് വ്യക്തികളെയാണ്. ആശയങ്ങളെ വിലയിരുത്താനും ഉള്‍ക്കൊള്ളാനും ജനങ്ങള്‍ക്ക് അത്ര കണ്ട് സാധിക്കില്ല. നിത്യവൃത്തികളില്‍ മുഴുകിയിരിക്കുന്നവര്‍ക്ക് അതില്‍ താല്പര്യമുണ്ടാകില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ കാര്യം വേറെ. ബാക്കി ജനങ്ങള്‍ക്ക് അതിന് സമയമില്ല. കാര്യങ്ങള്‍ ചെയ്തുതരാന്‍ കഴിവുള്ളയാളാണോ എന്നാണ് ജനങ്ങള്‍ നോക്കുക. ആ നിലയില്‍ കരുണാകരന് അംഗീകാരമുള്ളയാളാണ്. ആ കരുണാകരന്റെ മകനാകുമ്പോള്‍ പാരമ്പര്യമായുള്ള ഒരു പ്രാധാന്യം.”