Top

ബിജെപി കര്‍ണാടക നേതൃത്വത്തിന് അടിപതറുന്നു; യെദ്യൂരപ്പയ്ക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തി ലിംഗായത്ത് മഠാധിപര്‍

കര്‍ണാടകയില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം തടഞ്ഞ് ലിംഗായത്ത് മഠങ്ങള്‍. ബി എസ് യദ്യൂരപ്പയ്ക്ക് കാവലായി ലിംഗായത്ത് സമുദായവും മഠങ്ങളും നീങ്ങുമ്പോള്‍ ബിജെപിയുടെ നേതൃമാറ്റ നീക്കം പാളുമോയെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. കര്‍ണാടകയില്‍ നേതൃമാറ്റത്തിന് ബിജെപി നേതൃത്വം പച്ചക്കൊടി വീശിയതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റു മുതിര്‍ന്ന നേതാക്കളുമായി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി മടങ്ങുമ്പോള്‍ കര്‍ണാടകയില്‍ ഈ മാസം തന്നെ പുതിയ മുഖ്യമന്ത്രി പ്രഖ്യാപിക്കപ്പെടുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ കര്‍ണാടക രാഷ്ട്രീയത്തിലെ […]

25 July 2021 1:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി കര്‍ണാടക നേതൃത്വത്തിന് അടിപതറുന്നു; യെദ്യൂരപ്പയ്ക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തി ലിംഗായത്ത് മഠാധിപര്‍
X

കര്‍ണാടകയില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം തടഞ്ഞ് ലിംഗായത്ത് മഠങ്ങള്‍. ബി എസ് യദ്യൂരപ്പയ്ക്ക് കാവലായി ലിംഗായത്ത് സമുദായവും മഠങ്ങളും നീങ്ങുമ്പോള്‍ ബിജെപിയുടെ നേതൃമാറ്റ നീക്കം പാളുമോയെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. കര്‍ണാടകയില്‍ നേതൃമാറ്റത്തിന് ബിജെപി നേതൃത്വം പച്ചക്കൊടി വീശിയതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റു മുതിര്‍ന്ന നേതാക്കളുമായി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി മടങ്ങുമ്പോള്‍ കര്‍ണാടകയില്‍ ഈ മാസം തന്നെ പുതിയ മുഖ്യമന്ത്രി പ്രഖ്യാപിക്കപ്പെടുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു.

എന്നാല്‍ കര്‍ണാടക രാഷ്ട്രീയത്തിലെ അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കങ്ങള്‍ എല്ലാപ്രവചനങ്ങളേയും മാറ്റിമറിക്കാന്‍ പോന്നതാണ്. ലിംഗായത്ത് വിഭാഗത്തിലെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ബിഎസ് യെദ്യൂരപ്പ എന്ന രാഷ്ട്രീയ ചാണക്ക്യനെ പെട്ടെന്ന് മറികടക്കാനാകുമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ അമ്പേ പരാജയപ്പെടുത്തിയത് സന്ന്യാസി മഠങ്ങളാണ്.

കര്‍ണാടകയില്‍ ഇതാദ്യമായാണ് സന്ന്യാസി സമൂഹം രാഷ്ട്രീയത്തില്‍ ഇത്രയധികം സ്വാധീന കേന്ദ്രമാകുന്നത്. കന്നഡ രാഷ്ട്രീയത്തിന്റെ പുതിയ അധ്യായമാണ് ഇതിലൂടെ തുറക്കുന്നത്. എന്നാല്‍ കന്നഡ രാഷ്ട്രീയ ചരിത്രത്തില്‍ മഠങ്ങള്‍ക്കുള്ള സ്വാധീനം കുറച്ചുകാണാനും കഴിയില്ല. ലിംഗായത്ത് സമുദായത്തേയും ബിഎസ് യെദ്യൂരപ്പ എന്ന അവരുടെ ശക്തിമാനായ നേതാവിനേയും ബിജെപി കേന്ദ്ര നേതൃത്വം ചതിച്ചെന്ന പ്രതീതിയാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയര്‍ത്തുന്നത്. അതേ സമയം ബിജെപിയ്ക്ക് മുന്നില്‍ സന്ന്യാസി സമൂഹം വെച്ചിരിക്കുന്ന ആവശ്യങ്ങള്‍ രണ്ടാണ്. ഒന്നുകില്‍ ബിഎസ് യെദ്യൂരപ്പ തന്നെ മുഖ്യമന്ത്രിയായി തുടരുക. അല്ലെങ്കില്‍ ലിംഗായത്ത് സമുദായത്തില്‍ നിന്ന് തന്നെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തുക.

യെദ്യൂരപ്പ ലിംഗായത്ത് സമുദായത്തിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ്. യെദ്യൂരപ്പയ്ക്ക് മുറിപ്പെടുന്ന രീതിയില്‍ നേതൃമാറ്റം നടത്തുന്നത് സമുദായത്തിന് സഹിക്കാന്‍ കഴിയില്ലെന്നാണ് രാംപുരി മഠത്തിലെ പ്രസന്ന രേണുക വീരസോമേശ്വര ശിവാചാര്യ സ്വാമിജി പറയുന്നത്. യദ്യൂരപ്പയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മറ്റൊരു മഠത്തിലെ സ്വാമിജി പറയുന്നത് യദ്യൂരപ്പയ്ക്ക് പ്രയാസം നേരിട്ടാല്‍ പാര്‍ട്ടിയെ അത് ബാധിക്കുമെന്നാണ്. ഇതു തന്നെയാണ് ബി ജെ പി നേതൃത്വത്തിന് യദ്യൂരപ്പ നല്കുന്ന മുന്നറിയിപ്പും.

താന്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് വിധേയമായി പ്രവര്‍ത്തിക്കുമെന്ന് പറയുമ്പോഴും 78കാരനായ ബി എസ് യദ്യൂരപ്പ ബിജെപിയ്ക്ക് തിരിച്ചടി നല്കിക്കൊണ്ട് പുതിയ തന്ത്രം പയറ്റുകയാണ്. സന്ന്യാസി സമൂഹം യദ്യൂരപ്പയ്ക്ക് പിന്നില്‍ ഉറച്ചുനില്ക്കുമ്പോള്‍ പെട്ടെന്ന് നേതൃമാറ്റമെന്ന ബി ജെ പി കേന്ദ്ര നിലപാട് വിഷമഘട്ടത്തിലെത്തി നില്ക്കുയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന് തന്നെ വിരുദ്ധമായി സമുദായ മത മേലധ്യക്ഷന്‍മാര്‍ എംഎല്‍എമാരുടെ ഇംഗിതങ്ങള്‍ മറികടന്ന് അധികാര രാഷ്ട്രീയത്തിന്റെ ചുക്കാന്‍ കയ്യേറുന്നത് തെറ്റായ പ്രവണതയുടെ തുടക്കമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ബിഎസ് യെദ്യൂരപ്പ നാലുതവണ മുഖ്യമന്ത്രി പദവിലെത്തിയിട്ടുണ്ട്. യെദ്യൂരപ്പയെ മാറ്റാതിരിക്കാന്‍ ബിജെപി നേതൃത്വത്തില്‍ ശക്തമായ സമ്മര്‍ദ്ദമാണ് സന്ന്യാസി സമൂഹം ചെലുത്തുന്നത്.

Next Story