
നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട പശ്ചാത്തലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തോടുള്ള വിമര്‍ശനം പലപ്പോഴും വാക്പോരില്‍ കലാശിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ പരസ്യമായ വിമര്‍ശനം വേണ്ടെന്ന നിലപാടെടുത്തിരിക്കുകയാണ് ബിജെപി. പാര്‍ട്ടിയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് പല ബിജെപി സ്ഥാനാര്‍ഥികളും പരാതിപ്പെട്ട പശ്ചാത്തലത്തില്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും എഴുതി നല്‍കാനാണ് സ്ഥാനാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ ബിജെപി സ്ഥാനാര്‍ഥികളുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.
നാല് സ്ഥാനാര്‍ഥികള്‍ ഒഴികെ മറ്റെല്ലാവരും ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ജില്ലാ അവലോകന യോഗങ്ങളില്‍ സംസ്ഥാന നേതൃത്വത്തെക്കുറിച്ചുയരുന്ന രൂക്ഷ വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ വഴി ചോരുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്ന ആശങ്കയെത്തുടര്‍ന്നാണ് പരാതികള്‍ എഴുതി നല്കാന് ധാരണയായത്. സംസ്ഥാനത്തെ 31 ലക്ഷം പേര് ബിജെപിയില്‍ പ്രാഥമിക അംഗത്വം എടുത്തിട്ടുണ്ടെങ്കില്‍ പോലും തെരഞ്ഞെടുപ്പില്‍ ആകെ ലഭിച്ചത് വെറും 23.5 ലക്ഷം വോട്ടുകള്‍ മാത്രമാണെന്നതാണ് ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്. നേതൃത്വത്തോടുള്ള പ്രവര്‍ത്തകരുടെ അതൃപ്തി കൂടി പ്രതിഫലിച്ച തെരഞ്ഞടുപ്പാണ് കഴിഞ്ഞത്. വി മുരളീധരന്റേയും കെ സുരേന്ദ്രന്റേയും നേതൃത്വത്തിന്റെ പരാജയമാണ് ദയനീയ തോല്‍വി സൂചിപ്പിക്കുന്നതെന്ന് പാര്‍ട്ടിയ്ക്ക് അകത്ത് നിന്നുതന്നെ അഭിപ്രായമുയരുന്നുണ്ട്.
സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രചരണവും 35 സീറ്റുകള്‍ ലഭിച്ചാല്‍ കേരളത്തിന്റെ ഭരണം പിടിക്കുമെന്ന, തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ജനങ്ങളില്‍ ബിജെപി വിരുദ്ധ വികാരമുണ്ടാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. വി മുരളീധരന് താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രമാണ് പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനങ്ങള്‍ നല്‍കിയത് എന്ന വിമര്‍ശനവും പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിച്ച ബിജെപിയ്ക്ക് കൈയ്യിലിരുന്ന ഒരു സീറ്റ് കൂടി നഷ്ടമായ കാഴ്ചയാണ് ഫലപ്രഖ്യാപനത്തിനുശേഷം കേരളം കണ്ടത്. കേരളത്തില്‍ വേരുറപ്പിക്കാന്‍ പല അടവുകളും പയറ്റിയ ബിജെപിയ്ക്ക് പക്ഷേ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു. സെലിബ്രിറ്റി സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച സ്ഥലത്തുപോലും ബിജെപിയ്ക്ക് പച്ചപിടിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല പല ബൂത്തുകളിലും ബിജെപി സംപൂജ്യരായി. 318 ബൂത്തുകളിലാണ് ബിജെപിയ്ക്ക് ബൂത്ത് ഏജന്റുമാരുടെ വോട്ടുപോലും ലഭിക്കാത്ത ഗതികേടുണ്ടായത്.