ലക്ഷദ്വീപിനെ പ്രതിരോധിക്കാന്‍ മലപ്പുറം; തിരൂരില്‍ എഴുത്തച്ഛന് സ്മാരകം പണിയാന്‍ പോലും സാധിക്കുന്നില്ലെന്ന് ബിജെപി; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
ലക്ഷദ്വീപിന്റെ സംസ്കാരവും പൈതൃകവും നിലനിര്‍ത്തണമെന്ന വ്യാജപ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നവര് മനസാക്ഷിയോട് കൂറ് പുലര്‍ത്തുന്നുണ്ടെങ്കില്‍ ഭാഷാ പിതാവിന് ജന്മനാട്ടില് സ്മാരകം വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
27 May 2021 8:20 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലക്ഷദ്വീപിന്റെ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം പുകയുന്ന പശ്ചാത്തലത്തില്‍ അതിനെ പ്രതിരോധിക്കാന്‍ മലപ്പുറത്തെ ഉയര്‍ത്തിക്കാട്ടാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം പുകയുന്നു. ലക്ഷദ്വീപിന്റെ പൈതൃകത്തില്‍ കൈകടത്തരുതെന്ന് പറയുന്ന സാംസ്കാരിക നായകര്‍ക്ക് മലപ്പുറത്ത് തുഞ്ചത്ത് എഴുത്തച്ഛന് സ്മാരകം പണിയാന്‍ പിന്തുണ നല്കാനാകുമോ എന്നായിരുന്നു ബിജെപിയുടെ ചോദ്യം. ബിജെപി ഒബിസി മോര്‍ച്ച സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്റെ പരസ്യ പ്രസ്താവനയെത്തുടര്‍ന്നാണ് വിവാദമുണ്ടായത്. നടന് പൃഥ്വിരാജിനെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ബിജെപി പ്രസ്താവന.
ലക്ഷദ്വീപിന്റെ സംസ്കാരവും പൈതൃകവും നിലനിര്‍ത്തണമെന്ന വ്യാജപ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നവര് മനസാക്ഷിയോട് കൂറ് പുലര്‍ത്തുന്നുണ്ടെങ്കില്‍ ഭാഷാ പിതാവിന് ജന്മനാട്ടില് സ്മാരകം വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. എഴുത്തച്ഛന് സ്മാരകം വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നപ്പോള്‍ ലീഗ് ഭരിക്കുന്ന തിരൂര്‍ മുന്‍സിപ്പാലിറ്റി ഈ ആവശ്യം അംഗീകരിച്ചില്ലെന്നാണ് പ്രചാരണം. ഇടത്, വലത് സര്‍ക്കാരുകള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തിയില്ലെന്നും ബിജെപി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചകള്‍ നടക്കുന്നത്.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ താമസിക്കുന്ന ഗസ്റ്റ് ഹൗസിനോട് ചേർന്നുനിൽക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള വടക്കേ പള്ളി പൊളിക്കാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി പ്രസ്താവന പുറത്തുവന്നത്. വടക്കേ പള്ളി മുദരീസ് ഹമീദാണ് പള്ളി പൊളിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ റോഡിന് വീതി കൂട്ടുന്നതിനായി പള്ളി തടസമാണെന്നും അതിനാല്‍ പള്ളി പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടുവെന്നും ഹമീദ് റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. മസ്ജിനോട് ചേര്‍ന്നു നില്ക്കുന്ന ഖബറസ്ഥാനിയില്‍ ഇനി മൃതദേഹം മറവു ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.