ബത്തേരിയിലെ പ്രചാരണത്തിനായി ഒന്നേകാൽ കോടി കുഴൽപ്പണം; കാസർകോട് നിന്ന് എൻഡിഎ പണമെത്തി
പ്രചരണ വാഹനമായി ഉപയോഗിച്ചിരുന്ന കാറുമായി രണ്ട് ജില്ലാ നേതാക്കൾ കാസർകോട് ബിജെപി ഓഫീസിലെത്തി അമ്പത് ലക്ഷം രൂപ കൈപ്പറ്റി മണ്ഡലത്തിലെത്തിച്ചു.
3 Jun 2021 12:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിലെ എൻഡിഎയുടെ പ്രചാരണത്തിന് ഒന്നേകാൽ കോടി രൂപയെത്തിച്ചതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ മാർച്ച് 24ന് കാസർകോടു നിന്ന് ഒന്നേകാൽ കോടി രൂപ സുൽത്താൻ ബത്തേരിയിൽ എത്തിച്ചതായിട്ടാണ് റിപ്പോർട്ടിൽ പറയുന്നത്. സുൽത്താൻ ബത്തേരിയിലെ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് പ്രചാരണ ചെലവ് കണക്കിൽ മംഗലാപുരം യാത്രയ്ക്കായി 30,000 രൂപ ചിലവാക്കിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ യാത്ര കുഴൽപ്പണം എത്തിക്കാൻ വേണ്ടിയുള്ളതായിരുന്നുവെന്നാണ് അഭ്യൂഹം.
യാത്ര മംഗലാപുരത്തേക്ക് ആയിരുന്നില്ലെന്നും കാസർകോട്ടേക്കായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രണ്ട് കാറുകളിലായിട്ടാണ് ഒന്നേകാൽ കോടി രൂപയെത്തിച്ചത്. 25 ലക്ഷം രൂപ സ്ഥാനാർത്ഥിക്ക് കൈമാറിയെന്നും ബാക്കി തുക ബിജെപിയുടെ ചില നേതാക്കൾ വഴി ചിലവഴിച്ചുമെന്നാണ് കരുതുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിൽ വ്യാപകമായി കുഴൽപ്പണം ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പ്രചരണ വാഹനമായി ഉപയോഗിച്ചിരുന്ന കാറുമായി രണ്ട് ജില്ലാ നേതാക്കൾ കാസർകോട് ബിജെപി ഓഫീസിലെത്തി അമ്പത് ലക്ഷം രൂപ കൈപ്പറ്റി മണ്ഡലത്തിലെത്തിച്ചുവെന്നും റിപ്പോർട്ടുണ്ട്.
അതേസമയം കൊടകര കുഴല്‍പണ കേസില്‍ ബിജെപി മധ്യ മേഖല സംഘടനാ സെക്രട്ടറി എല്‍.പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും. പണം കൊണ്ടു വന്ന ധര്‍മ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി.കര്‍ത്തക്ക് കൈമാറാനാണ് പണം കൊണ്ടുപോയതെന്ന് ധര്മരാജന് മൊഴി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയുടെ ചുമതലയുണ്ടായിരുന്ന സംഘടനാ സെക്രട്ടറിയായിരുന്നു എല്‍.പത്മകുമാര്‍. പ്രതികളില്‍ ചിലരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും.
ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍ പത്മകുമാര്‍. കുഴല്‍പ്പണം കൊണ്ടുപോയത് ആലപ്പുഴ ബിജെപി നേതാക്കള്‍ക്ക് നല്‍കാനാണെന്ന് പൊലീസ് കണ്ടെത്തല്‍. നേരത്തെ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് അടക്കമുള്ള ബിജെപി നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ആരോപണമുയര്‍ന്നതിനാല്‍ മാത്രമാണ് പാര്‍ട്ടി സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയതെന്ന് അനീഷ് കുമാര്‍ പറയുന്നു. ധര്മ്മരാജന് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യാന്‍ എത്തിയതിനാല്‍ മാത്രമാണ് അയാള്‍ക്ക് മുറി എടുത്ത് നല്‍കിയത്. ബിജെപി നേതാക്കളാണ് കേസില്‍ ഉള്‍പ്പെട്ടതെങ്കില്‍ എന്തുകൊണ്ട് നേതാക്കളെ ആരെയും അറസ്റ്റ് ചെയ്തില്ല എന്നും അനീഷ് കുമാര്‍ ചോദിച്ചു. കേസില്‍ അറസ്റ്റിലായവരില്‍ ദീപക് ഒഴികെയുള്ള മറ്റെല്ലാ പ്രതികളും സിപിഐഎം പശ്ചാത്തലമുള്ളവരാണെന്നും അനീഷ് കുമാര്‍ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു.