Top

തൃപുരയില്‍ ബിജെപിയ്ക്ക് ഞെട്ടല്‍; സഖ്യകക്ഷി മുന്നണി വിട്ട് തൃപുര റോയലില്‍ ലയിച്ചു; പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യം

തെരഞ്ഞെടുപ്പിന് മുന്‍പ് ഉരുത്തിരിഞ്ഞുവന്ന ഈ പുതിയ സാഹചര്യം ബിജെപിയ്ക്ക് തൃപുരയില്‍ കനത്ത തിരിച്ചടിയാകും.

20 Feb 2021 1:35 AM GMT

തൃപുരയില്‍ ബിജെപിയ്ക്ക് ഞെട്ടല്‍; സഖ്യകക്ഷി മുന്നണി വിട്ട് തൃപുര റോയലില്‍ ലയിച്ചു; പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യം
X

തൃപുരയില്‍ ബിജെപി സഖ്യക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് തൃപുര(ഐപിഎഫ്ടി) മുന്നണി വിടുന്നു. പ്രത്യേക സംസ്ഥാനം എന്ന ആവശ്യമുയര്‍ത്തി ഐപിഎഫ്ടി പ്രദ്യോത് മാണിക്യ ദേബിന്റെ നേതൃത്വത്തിലുള്ള തൃപുര റോയലുമായി ചേര്‍ന്ന പുതിയ കൂട്ടുകക്ഷിക്ക് രൂപം നല്‍കി. രണ്ട് പാര്‍ട്ടികളും ഒരുമിച്ച് വരുന്ന ട്രൈബല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇരുപാര്‍ട്ടികളുടേയും നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് 17നാണ് ട്രൈബല്‍ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവെയ്ക്കുകയായിരുന്നു.

ബിജെപി സഖ്യകക്ഷി തൃപുര റോയലുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയതായി പ്രദ്യോത് മാണിക്യ ദേബ് തന്നെയാണ് ഒരു ട്വീറ്റിലൂടെ അറിയിച്ചത്. പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ മുതലായ വിഷയങ്ങളിലുണ്ടായ ആശയഭിന്നതകളെത്തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് പ്രദ്യോതിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും അകന്നത്. പ്രദ്യോതിന്റെ ഈ പുതിയ നീക്കം തൃപുരയിലെ ബിജെപിയ്ക്ക് കനത്ത ആഘാതമായിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മറ്റ് ചില പ്രാദേശിക പാര്‍ട്ടികള്‍ കൂടി വരുംദിവസങ്ങളില്‍ പ്രദ്യോത് മാണിക്യ ദേബിനൊപ്പം ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇവര്‍ ഒരുമിച്ച് ചേര്‍ന്ന് പ്രത്യേക സംസ്ഥാനത്തിനുള്ള ആവശ്യമുയര്‍ത്തുമെന്നാണ് വിവിരം. ഗോത്രവിഭാഗങ്ങള്‍ക്കായി പ്രത്യേക സംസ്ഥാനം എന്ന ഇവരുടെ ആവശ്യത്തിന് ജനങ്ങള്‍ക്കിടയില്‍ നിന്നും നല്ല പിന്തുണ ലഭിച്ചുവരികയാണ്. ഇത് ട്രൈബല്‍ തെരഞ്ഞെടുപ്പില്‍ ഈ കൂട്ടുകക്ഷിയ്ക്ക് ഗുണകരമാകുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് ഉരുത്തിരിഞ്ഞുവന്ന ഈ പുതിയ സാഹചര്യം ബിജെപിയ്ക്ക് തൃപുരയില്‍ കനത്ത തിരിച്ചടിയാകും.

Next Story