Top

ഉദ്യോഗസ്ഥര്‍ രാത്രി പഞ്ചായത്ത് ഓഫീസ് പൂട്ടാതെ പോയി; ‘വെള്ളമടിച്ച് ഫിറ്റായിട്ടെന്ന്’ ബിജെപി

പഞ്ചായത്ത് പ്രസിഡന്റും ഉദ്യോഗസ്ഥരും കൂടി ഓഫീസിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം.

4 Jan 2021 10:48 PM GMT

ഉദ്യോഗസ്ഥര്‍ രാത്രി പഞ്ചായത്ത് ഓഫീസ് പൂട്ടാതെ പോയി; ‘വെള്ളമടിച്ച് ഫിറ്റായിട്ടെന്ന്’ ബിജെപി
X

കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്ത് ഓഫീസ് പൂട്ടാന്‍ ഉദ്യോഗസ്ഥര്‍ മറന്നതിന്റെ പേരില്‍ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് ഓഫീസ് പൂട്ടാതെ പോയതിനാല്‍ രാത്രി മുഴുവന്‍ പ്രധാന ഓഫീസ് തുറന്നുകിടന്നതാണ് വിവാദമായത്. അതിരാവിലെ പ്രഭാതസവാരിയ്ക്കിറങ്ങിയവരാണ് പഞ്ചായത്ത് ഓഫീസ് അടച്ചിട്ടില്ലെന്ന് കണ്ടുപിടിച്ചത്. പിന്നീട് വാര്‍ത്ത നാടുനീളെ പരക്കുകയും പ്രതിപക്ഷം വിവാദം ആളിക്കത്തിക്കുകയും ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റും ഉദ്യോഗസ്ഥരും കൂടി ഓഫീസിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. വെള്ളമടിച്ച് ഫിറ്റായ ഇവര്‍ പിന്നീട് ഓഫീസ് വിട്ടിറങ്ങിയപ്പോള്‍ വാതിലടയ്ക്കാന്‍ മറന്നെന്നും പ്രദേശത്തെ ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും പ്രധാനവാതില്‍ അടയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ മറന്നുപോയതാണെന്നും ഒരു കൈപ്പിഴ മാത്രമാണെന്നും പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് വിനു മംഗലത്ത് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഏറെ വാര്‍ത്തകളില്‍ നിറഞ്ഞ പഞ്ചായത്താണ് പോരുവഴി. ഇവിടെ ബിജെപി, ഇടതുമുന്നണി,കോണ്‍ഗ്രസ് എന്നിവര്‍ അഞ്ച് സീറ്റുകള്‍ വീതം നേടിയിരുന്നു.എസ്ഡിപിഐയ്ക്ക് മൂന്ന് സീറ്റുകളും ലഭിച്ചു. ഒടുവില്‍ എസ്ഡിപിഐ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തി. ഇന്നലെ ഇതിന്റെ ഭാഗമായി നിശാപാര്‍ട്ടി നടന്നുവെന്നാണ് ആരോപണം.

പഞ്ചായത്ത് ഓഫീസിന്റെ സുപ്രധാന രേഖകള്‍ അടങ്ങുന്ന സെര്‍വര്‍ റൂം ഉള്‍പ്പടെ തുറന്ന് കിടന്നുവെന്നാണ് ആരോപണം. ഓഫീസിനുള്ളില്‍നിന്ന് മദ്യക്കുപ്പി കണ്ടെടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാദത്തെത്തുടര്‍ന്ന് പഞ്ചായത്ത് ഓഫീസില്‍ പൊലീസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്നാണ് ബിജെപി നിലപാട്.

Next Story