
മലപ്പുറം തിരൂരില്‍ കോണ്‍ഗ്രസിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗത്തില്‍ ബിജെപി പ്രവര്ത്തകന് പങ്കെടുത്തതിനേത്തുടര്ന്ന് സംഘര്‍ഷം. തിരുനാവായയില്‍ 11-ാം വാര്‍ഡില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിനിടെയാണ് ഗ്രൂപ്പ് തിരിഞ്ഞ് സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഷാജു മഠത്തിലിന്റെ പേര് മണ്ഡലം സെക്രട്ടറി സി പി ഇബ്രാഹിം നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശത്തെ പ്രവീണ്‍ എന്നയാള്‍ പിന്തുണച്ചു. പ്രവീണ്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ചൂണ്ടിക്കാട്ടി എതിര് വിഭാഗം രംഗത്തെത്തി.
ഇതോടെ ഷാജു മഠത്തിന് അനുകൂലികളും എതിര് ഗ്രൂപ്പില്‍ പെട്ടവരും തമ്മില്‍ തര്‍ക്കമാരംഭിച്ചു. സാഹചര്യം സംഘര്‍ഷത്തിന് വഴി മാറി. ഇതിനേത്തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയായി ആദ്യം നിര്‍ദ്ദേശിക്കപ്പെട്ട കെ പി ലത്തീഫിനെ അനുകൂലിക്കുന്നവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കെപി ലത്തീഫിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി മൊയ്തീന്, മണ്ഡലം പ്രസിഡന്റ് മുള്ളക്കല് മുഹമ്മദലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സി പി നിസാര്‍ കെ പി ലത്തീഫിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കുകയും സോളമന് പിന്താങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഷാജു മഠത്തിലിന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടതും ബിജെപി പ്രവര്ത്തകന് പിന്താങ്ങിയതും.