2024ലെ തെരഞ്ഞെടുപ്പിന് കാലേകൂട്ടി ഒരുങ്ങാന്‍ ബിജെപി; വമ്പന്മാരെ ഇറക്കി പ്രചാരണം, ബ്രഹ്മാണ്ഡ പദ്ധതികള്‍; കേരളത്തില്‍ യാത്രയില്ല
2024ലെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രചാരണത്തിനായി ബ്രഹ്മാണ്ഡ പദ്ധതികള്‍ ആവിഷ്കരിച്ച് ബിജെപി. 43 കേന്ദ്രമന്ത്രിമാരെയും രംഗത്തിറക്കി 19 സംസ്ഥാനങ്ങളില്‍ വമ്പന്‍ റാലികളും മറ്റ് പ്രചാരണപരിപാടികളും ആരംഭിക്കാനാണ് പാര്‍ട്ടി നീക്കം നടത്തുന്നത്. ഇതിനായുള്ള രൂപരേഖ പാര്‍ട്ടി ഇതിനോടകം തന്നെ തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. 15000 കിലോമീറ്റര്‍ ദൂരത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 19 സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ കേരളമില്ല. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പുതിയ മന്ത്രിസഭയെ അവതരിപ്പിക്കാന്‍ മോദിയ്ക്ക് കഴിയാതിരുന്നതിനാലാണ് ജനങ്ങളുടെ ആശിര്‍വാദം നേടാന്‍ ജന ആശീര്‍വാദ യാത്ര നടത്തുന്നതെന്നാണ് പാര്‍ട്ടി പറയുന്നത്. ആഗസ്റ്റ് 16ന് ആരംഭിച്ച് മൂന്ന് ദിവസം കൊണ്ട് സമാപിക്കുന്ന രീതിയിലാണ് ഈ യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.
31 July 2021 3:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഡല്‍ഹി,ബീഹാര്‍, രാജസ്ഥാന്, തൃപുര, ജാര്‍ഖണ്ഡ്, ഗുജറാത്ത്, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, ഒഡിഷ, മണിപ്പൂര്‍, മഹാരാഷ്ട്ര, അസം, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് യാത്ര നടക്കുക. 43 മന്ത്രിമാര്‍ അവരുടെ സ്വന്തം മണ്ഡലത്തില്‍ നിന്ന് 400 മീറ്റര്‍ അകലെനിന്നും തുറന്ന വാഹനത്തില്‍ യാത്ര തുടങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ സ്വന്തം ജില്ലയില്‍ തിരിച്ചെത്തണമെന്നാണ് നിര്‍ദ്ദേശം. 150 ലോക്സഭാ മണ്ഡലങ്ങളിലെ 15000 കിലോമീറ്ററിലധികം ദൂരം ഇത്തരത്തില്‍ ഉള്ക്കൊള്ളക്കാന് കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ.
ജനങ്ങളുമായി കൂടുതല്‍ ഇടപെഴകുന്നതിനായി മന്ത്രിമാര്‍ ഈ ദിവസങ്ങളില്‍ ഗ്രാമപ്രദേശങ്ങളില്ത്തന്നെ രാത്രി തങ്ങണമെന്നും പാര്‍ട്ടി നിര്ദ്ദേശിച്ചെന്നതാണ് മറ്റൊരു സവിശേഷത. യാത്രയ്ക്കിടെ സാമൂഹ്യപ്രവര്‍ത്തകര്‍, മതപണ്ഡിതര്‍, രക്തസാക്ഷികളുടെ കുടുംബങ്ങള്‍, സംസ്ഥാന ,ദേശീയ തലത്തില്‍ നേട്ടങ്ങളുണ്ടാക്കിയ കായിക താരങ്ങള്‍, കലാകാരന്മാര് എന്നിവരെ സന്ദര്‍ശിക്കണമെന്നും മന്ത്രിമാരോട് പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്.