Top

സ്റ്റേഡിയത്തില്‍ അരുണ്‍ ജെയ്റ്റ്‌ലീയുടെ പ്രതിമ സ്ഥാപിക്കാന്‍ നീക്കം; ഡെല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് രാജി വച്ച് ബിഷന്‍ സിംഗ് ബേദി

ഭരണാധികരുടെ ഓര്‍മയാവരുത് മൈതാനങ്ങളില്‍ ഉണ്ടാവേണ്ടതെന്നും താരങ്ങളുടെയാവണമെന്നും പറഞ്ഞ ബേദി അസോസിയേഷന്റെ സ്വജന പക്ഷപാതത്തെയും തുറന്നു കാട്ടി.

23 Dec 2020 7:03 AM GMT

സ്റ്റേഡിയത്തില്‍ അരുണ്‍ ജെയ്റ്റ്‌ലീയുടെ പ്രതിമ സ്ഥാപിക്കാന്‍ നീക്കം; ഡെല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് രാജി വച്ച് ബിഷന്‍ സിംഗ് ബേദി
X

ഡെല്‍ഹി ഫിറോസ് ഷാ കോട്‌ല ക്രിക്കറ്റ് മൈതാനത്ത് അന്തരിച്ച ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി മുന്‍ ഇന്ത്യന്‍ താരം ബിഷന്‍ സിംഗ് ബേദി. ഡെല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനില്‍ (ഡിഡിസിഎ) നിന്ന് ബേദി രാജി വച്ചു. ഇതിന് പുറമെ തന്റെ പേര് ഗ്യാലറിയില്‍ നിന്ന് നീക്കണമെന്നും മുന്‍ താരം ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഡിസിഎയുടെ പ്രസിഡന്റായ രോഹന്‍ ജെയ്റ്റ്‌ലിക്ക് കത്തയച്ചാണ് ബേദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഭരണാധികരുടെ ഓര്‍മയാവരുത് മൈതാനങ്ങളില്‍ ഉണ്ടാവേണ്ടതെന്നും താരങ്ങളുടെയാവണമെന്നും പറഞ്ഞ ബേദി അസോസിയേഷന്റെ സ്വജന പക്ഷപാതത്തെയും തുറന്നു കാട്ടി. ‘പ്രസിഡന്റ്, എത്രയും പെട്ടെന്ന് തന്നെ ഗ്ര്യാലറിയില്‍ നിന്ന് എന്റെ പേര് നീക്കണം, ഞാന്‍ ഡിഡിസിഎ അംഗത്വത്തില്‍ നിന്നും പിന്മാറുന്നു. ഞാന്‍ എനിക്ക് തന്ന ആദരം തിരികെ നല്‍കുന്നു. കാരണം വിരമിക്കലിന് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഞാന്‍ എന്റെ മൂല്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതിനാലാണ്,’ കത്തില്‍ പറയുന്നു.

താന്‍ ഒരിക്കലും ഒരു ജയ്റ്റ്‌ലി ആരാധകനായിരുന്നില്ല എന്നും ബേദി വ്യക്തമാക്കി. മറ്റ് രാജ്യങ്ങളില്‍ എങ്ങനെ ക്രിക്കറ്റ് താരങ്ങളെ ആദരിക്കുന്നു എന്നത് ഉദാഹരണങ്ങള്‍ പറഞ്ഞാണ് ബേദി ചൂണ്ടിക്കാണിച്ചത്. ലോര്‍ഡ്‌സില്‍ ഡബ്ല്യു ജി ഗ്രേസ്, ഓവലില്‍ സര്‍ ജാക്ക് ഹോബസ്, സിഡ്‌നിയില്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍, ബോര്‍ബഡോസില്‍ സര്‍ ഗാര്‍ഫീല്‍ സോബേഴ്‌സ് എന്നിവരുടെ പ്രതിമകളാണ് സ്ഥാപിച്ചിരിക്കുന്നത്. അവിടെയെത്തുന്ന പുതുതലമുറക്ക് അവയെല്ലാം പ്രചോദനമാകുമെന്നും ബേദി വ്യക്തമാക്കി.

ക്രിക്കറ്റിന്റെ പാരമ്പര്യവും മൂല്യവും അറിയാത്ത അസോസിയേഷനില്‍ നിന്ന് പുറത്തേക്ക് പോകാനാണ് തനിക്കിഷ്ടമെന്നും ബേദി തുറന്നടിച്ചു. 2017ലാണ് ബേദിയുടെ പേര് മോഹിന്ദര്‍ അമര്‍നാഥിനൊപ്പം സ്റ്റാന്‍ഡില്‍ ചേര്‍ത്തത്. 1999 മുതല്‍ 2003 വരെയുള്ള കാലഘട്ടത്തില്‍ അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു ഡിഡിസിഎയുടെ പ്രസിഡന്റ്. 2019 ഓഗസ്റ്റ് 24ന് ജെയ്റ്റ്‌ലിയുടെ ആറടി പൊക്കമുള്ള പ്രതിമ സ്ഥാപിക്കാനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

Next Story

Popular Stories