Top

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; 38000 താറാവുകളെ കൊല്ലും, മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ലെന്ന് കെ രാജു

ആലപ്പുഴയിലും കുട്ടനാടും താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണ്. ഇത് മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

4 Jan 2021 5:18 AM GMT

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; 38000 താറാവുകളെ കൊല്ലും, മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ലെന്ന് കെ രാജു
X

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതായി വനം വകുപ്പ് മന്ത്രി കെ രാജു. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴയിലും കുട്ടനാടും താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണ്. ഇത് മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയം നീണ്ടൂരില്‍ പതിനാലാം വാര്‍ഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരാളുടെ പക്കലുള്ള 8000 താറാവുകളുടെ കൂട്ടത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ താറാവുകളെ മുഴുവന്‍ കൂട്ടത്തോടെ കൊല്ലേണ്ട നടപടികളിലേക്ക് കടക്കും. രോഗ ബാധ സ്ഥിരീകരിച്ച പ്രദേശത്തെ ഒരു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന എല്ലാ താറാവുകളേയും കൊല്ലുമെന്ന് വനം വകുപ്പ് അറിയിച്ചു. ഏകദേശം 38000 ത്തോളം താറാവുകളെകൊല്ലേണ്ടതായി വരും. ദ്രുത കര്‍മ്മ സേന രൂപീകരിച്ചു. കോട്ടയം കളക്ടറുടെ നേതൃത്വത്തിലുള്ള യോഗം പുരോഗമിച്ചുവരികയാണ്.

ഡിസംബര്‍ 19 മുതലാണ് ആലപ്പുഴ ജില്ലയിലെ ചില മേഖലകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടുതുടങ്ങിയത്. ക്രിസ്മസ് കച്ചവടത്തിന്റെ തിരക്കില്‍ കര്‍ഷകര്‍ അത് ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഒട്ടേറെ വില്‍പ്പനയും നടന്നിരുന്നു.

പരിശോധനയ്ക്കായി സാമ്പിളുകള്‍ തൃശ്ശൂരിലെ മൈക്രോബയോളജി ലാബിലേക്ക് അയക്കുകയും പ്രാഥാമിക പരിശോധനയില്‍ ബാക്ടീരിയ ബാധയാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് സാമ്പിള്‍ ഭോപ്പാലിലേക്ക് അയക്കുകയും പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയും ആയിരുന്നു. താറാവുകളില്‍ മാത്രമാണ് ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Story