Top

പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് സര്‍ക്കാര്‍

രോഗബാധയേറ്റ പക്ഷികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, കശാപ്പുകാര്‍, മൃഗഡോക്ടര്‍മാര്‍, ഫാം ജീവനക്കാര്‍ എന്നിവര്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

5 Jan 2021 2:14 AM GMT

പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് സര്‍ക്കാര്‍
X

രണ്ട് ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പക്ഷിപ്പനി സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ചു. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴ, കോട്ടയം ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും അതിര്‍ത്തിപ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള കോഴിയും മുട്ടയും ഇറക്കുമതി ചെയ്യുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ആലപ്പുഴയില്‍ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് എന്നീ നാല് പഞ്ചായത്തുകളിലും കോട്ടയം ജില്ലയില്‍ നീണ്ടൂര്‍ പഞ്ചായത്തിലുമാണ് പക്ഷിപ്പനിയുടെ സാന്നിധ്യം കണ്ടെത്തിയത്. നീണ്ടൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലും ഒരുമീറ്റര്‍ ചുറ്റളവുള്ള പ്രദേശത്തും പക്ഷികളെ കൊന്നൊടുക്കുന്ന നടപടികള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്നാണ് നിഗമനമെങ്കിലും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗബാധയേറ്റ പക്ഷികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, കശാപ്പുകാര്‍, മൃഗഡോക്ടര്‍മാര്‍, ഫാം ജീവനക്കാര്‍ എന്നിവര്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

2014ല്‍ സ്ഥിരീകരിച്ചതില്‍ നിന്നും മരണ നിരക്ക് കുറഞ്ഞ വൈറസാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന് വേണ്ടുന്ന എല്ലാ നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ പനി സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ എത്തി രോഗലക്ഷണമുള്ളവരെ നിരീക്ഷണത്തില്‍ വെച്ചുകൊണ്ട് അവര്‍ക്ക് ഹീമോ പ്രപ്പൊലെന്റ്‌സ് നല്‍കുന്നുതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Next Story