Top

ജൈവ ഫ്‌ളക്‌സ് തട്ടിപ്പ്: കുമ്മനത്തിനെതിരായ കേസ് പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കാന്‍ ബിജെപി ശ്രമം

പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ പരാതിക്കാരന്റെ മേലും പ്രതികളുടെ മേലും രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

22 Oct 2020 9:50 PM GMT

ജൈവ ഫ്‌ളക്‌സ് തട്ടിപ്പ്: കുമ്മനത്തിനെതിരായ കേസ് പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കാന്‍ ബിജെപി ശ്രമം
X

മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രതിയായ ജൈവഫ്‌ളക്‌സ് സാമ്പത്തിക തട്ടിപ്പ് കേസ് പണം നല്‍കി സ്റ്റേഷന് പുറത്ത് തീര്‍ക്കാനുള്ള ശ്രമവുമായി ബിജെപി. പരാതിക്കാരനായ ഹരികൃഷ്ണന് മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് കേസില്‍ രണ്ടാം പ്രതിയായ വിജയന്‍ പറഞ്ഞു. ഇരുവരും തമ്മില്‍ ഉടന്‍ തന്നെ കൂടിക്കാഴ്ച്ചയുണ്ടാകുമെന്നാണ് വിവരം.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് മുതിര്‍ന്ന നേതാവിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണമുയര്‍ന്നത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ പരാതിക്കാരന്റെ മേലും പ്രതികളുടെ മേലും രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നു. പ്രശ്‌നം എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ആര്‍എസ്എസ് നേതൃത്വവും നിര്‍ദ്ദേശം നല്‍കിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ ആറന്മുളയിലെത്തിയ കുമ്മനം പ്രശ്‌നപരിഹാരത്തിന് വിശ്വസ്തരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുമ്മനത്തിനെതിരെ സര്‍ക്കാര്‍ കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് ബിജെപി ഇന്ന് കരിദിനം ആചരിക്കുകയാണ്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ കുമ്മനം രാജശേഖരനെ പ്രതി ചേര്‍ക്കാനുള്ള കാരണം ആറന്മുള പൊലീസ് വ്യക്തമാക്കിയിരുന്നു. കുമ്മനത്തിന്റെ സാന്നിധ്യത്തിലാണ് താന്‍ പ്രവീണിനെ കണ്ടതെന്നും മികച്ച സംരംഭമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അഭിപ്രായപ്പെട്ടെന്നും ഹരികൃഷ്ണന്‍ നല്‍കിയ പരാതിയിലുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. 2018 ഫെബ്രുവരിയില്‍ തന്റെ വീട്ടിലെത്തിയ പ്രവീണ്‍ കുമ്മനത്തിന്റെ പി എ ആണെന്ന് പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്. തന്റെ സുഹൃത്ത് വിജയന്‍ തുടങ്ങുന്ന കമ്പനിയില്‍ പണം നിക്ഷേപിക്കണമെന്ന് പ്രവീണ്‍ ആവശ്യപ്പെട്ടു. ഹരികൃഷ്ണന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പ്രവീണും കൊല്ലങ്ങോട് സ്വദേശി വിജയനും കമ്പനി ജീവനക്കാരന്‍ സേവ്യറും ചേര്‍ന്ന് ഉല്‍പന്നങ്ങള്‍ കാണിച്ച് തന്നെ വിശ്വസിപ്പിക്കുകയായിരുന്നെന്നും പരാതിയിലുണ്ട്.

2018 ഒക്ടോബര്‍ 20 മുതല്‍ 2020 ജനുവരി 14 വരെയുള്ള സമയത്ത് പലപ്പോഴായി 30.75 ലക്ഷം രൂപ പ്രവീണും കൂട്ടരും വാങ്ങി. പങ്കാളിത്തം വ്യക്തമാക്കുന്ന രേഖകളോ പണമോ ലഭിക്കാതായതോടെയാണ് താന്‍ നിയമനടപടിക്ക് ഒരുങ്ങുന്നതെന്നും ഹരികൃഷ്ണന്‍ പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ 12ന് പത്തനംതിട്ടാ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതി ആറന്മുള പൊലീസിന് കൈമാറി. ബുധനാഴ്ച്ച വാദിയെ വിളിച്ചുവരുത്തി എഴുതി വാങ്ങിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസില്‍ നാലാം പ്രതിയാണ് മിസോറാം മുന്‍ ഗവര്‍ണര്‍. മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് പ്രവീണ്‍ ഒന്നാം പ്രതി. സ്ഥാപനം തുടങ്ങുന്നയാളായി ഹരികൃഷ്ണന്റെ മുന്‍പിലെത്തിയ വിജയന്‍ രണ്ടാം പ്രതിയും ഇയാളുടെ മാനേജര്‍ സേവ്യര്‍ മൂന്നാം പ്രതിയുമാണ്. ബിജെപിയുടെ എന്‍ആര്‍ഐ സെല്‍ കണ്‍വീനറായിരുന്ന ഹരികുമാര്‍ അഞ്ചാം പ്രതി. രണ്ടാം പ്രതി വിജയന്റെ ഭാര്യയും മക്കളും പ്രതിപ്പട്ടികയിലുണ്ട്. ഐപിസി 406, 420, 34 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതി ചേര്‍ക്കല്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് കുമ്മനത്തിന്റെ വിശദീകരണം. വിജയന്‍ പ്ലാസ്റ്റിക്കിന് പകരമായി ജൈവ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഫ്ളക്സ് നിര്‍മിക്കുന്ന സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചു. പരാതിക്കാരന്‍ ഇതിനേക്കുറിച്ച് സംസാരിച്ചപ്പോള്‍ പരിസ്ഥിതിക്ക് ദോഷം വരാത്തത് എന്ന നിലയില്‍ നല്ല സംരംഭമാണെന്ന് പറഞ്ഞു. പങ്കാളിയാകളമെന്നോ, പണം മുടക്കണമെന്നോ പറഞ്ഞിട്ടില്ല. സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകളില്‍ താന്‍ പങ്കാളിയല്ലെന്നും കുമ്മനം രാജശേഖരന്‍ പറയുന്നു.

Next Story