
കൊച്ചിയില്‍ ഫ്ലാറ്റില്‍ നിന്നുവീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തില്‍ കേരളപൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. ഇതര സംസ്ഥാനത്തൊഴിലാളിയുടെ മരണത്തിന്റെ എഫ്ഐആറില്‍ ഫ്ലാറ്റ് ഉടമയുടെ പേര് അണ്‍നോണ്‍ എന്നുരേഖപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാട്ടില്‍ എല്ലാവര്ക്കും അറിയുന്ന പേര് എന്തുകൊണ്ട് പൊലീസിന് മാത്രം അറിയുന്നില്ല എന്ന് അദ്ദേഹം ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ സൂചിപ്പിച്ചു. കടുത്ത മനുഷ്യാവകാശലംഘനം നടക്കുമ്പോള്‍ പൊലീസ് ഒട്ടകപക്ഷിയാകരുതെന്ന് ബിനോയ് വിശ്വം സൂചിപ്പിച്ചു.
ഇതരസംസ്ഥാനത്തൊഴിലാളികളെ സംരക്ഷിക്കുമെന്നതാണ് എല്‍ഡിഎഫിന്റെ നയം. അത് പൊലീസിലെ കുറേപ്പേര്‍ക്ക് അറിയാത്തതാണ് കുഴപ്പമെന്നും ബിനോയ് വിശ്വം പോസ്റ്റിലൂടെ പറയുന്നു. പണിയെടുത്ത് ജീവിക്കാന്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെയെത്തുന്നവര്‍ക്കെല്ലാം സുരക്ഷിതബോധം നല്‍കുംവിധം സര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുന്നതായും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
എറണാകുളം ഫ്ലാറ്റ് ദുരന്തത്തിൻ്റെ FIR സോഷ്യൽ മീഡിയയിൽ ഇപ്പോൾ കണ്ടു. ഫ്ലാറ്റ് ഉടമയുടെ പേര് unknown എന്ന് കണ്ടപ്പോൾ അത്ഭുതം തോന്നി. നാട്ടിൽ എല്ലാവരും വായിച്ചറിഞ്ഞ ആ പേരു് പോലീസ് മാത്രം അറിഞ്ഞില്ലേ?
നാടും വീടും വിട്ട് പണിയെടുത്ത് ജീവിക്കാൻ ഇവിടെയെന്നുന്ന ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുകയാണ് LDF സർക്കാർ നയം. അത് പോലീസിലെ കുറേ പേർക്ക് അറിയില്ല. 10,000 രൂപക്ക് വേണ്ടി ബന്ദിയാക്കപ്പെട്ട ഒരു പാവം സ്ത്രീയുടെ പിടച്ചിലിൻ്റെ കഥയും ആ FIR പറയുന്നു. ആ പണം ഭർത്താവ് അയച്ചുകൊടുത്തെങ്കിലും ‘unknown’ ആയ ഫ്ളാറ്റ് ഉടമ ആ തൊഴിലാളിയെ വീട്ടിൽ പോകാൻ സമ്മതിച്ചില്ല. ഇതും FIR വായിച്ച് മനസിലാക്കിയതാണ്.
ഇത്തരം കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് മുമ്പിൽ പോലീസ് ഒട്ടകപ്പക്ഷിയാകരുത്. ഭരണ ഘടനാപ്രമാണങ്ങൾ പ്രകാരമുള്ള LDF സർക്കാർ നയം നടപ്പിലാക്കലാണ് പോലീസിൻ്റെ ചുമതല. unknown എന്ന മാളമുണ്ടാക്കി കുറ്റവാളികളെ ഒളിപ്പിക്കുന്ന ഏജൻസിയായി പോലീസിലെ ചിലരെങ്കിലും മാറുന്നത് അനുവദിക്കരുത് . വേലയെടുത്ത് ജീവിക്കാൻ ഇവിടെയെത്തുന്നവർക്കെല്ലാം സുരക്ഷിതബോധം നൽകുംവിധം സർക്കാർ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു.
- TAGS:
- Binoy viswam
- Flat kochi