Top

പ്രഫുലിനെ പുറത്താക്കണമെന്ന് ബിനോയ് വിശ്വം; ലക്ഷദ്വീപിനെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാര്‍ നീക്കമാണ് നടക്കുന്നതെന്ന് ഇ പി ജയരാജന്‍

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ പുറത്താക്കണമെന്ന്‌ സിപിഐ ദേശീയസെക്രട്ടറി ബിനോയ് വിശ്വം. ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് ബിനോയ് വിശ്വം കത്ത് നല്‍കി. ദ്വീപിലെ ജനങ്ങള്‍ നിലവില്‍ അനുഭവിക്കുന്ന പ്രയാസങ്ങളുടെ പ്രധാന കാരണം പ്രഫുല്‍ പട്ടേലിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചതാണെന്ന് കത്തില്‍ പറയുന്നു. കേന്ദ്രഭരണ പ്രദേശത്തിന്റെ അധികാരി എന്ന നിലയില്‍ ജനവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ തീരുമാനങ്ങളാണ് അദ്ദേഹം കൈക്കൊള്ളുന്നത്. കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കാട്ടുന്ന അലംഭാവവും വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവും ജനങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ജീവനോപാധികള്‍ തടയലും […]

24 May 2021 8:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രഫുലിനെ പുറത്താക്കണമെന്ന് ബിനോയ് വിശ്വം; ലക്ഷദ്വീപിനെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാര്‍ നീക്കമാണ് നടക്കുന്നതെന്ന് ഇ പി ജയരാജന്‍
X

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ പുറത്താക്കണമെന്ന്‌ സിപിഐ ദേശീയസെക്രട്ടറി ബിനോയ് വിശ്വം. ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതിക്ക് ബിനോയ് വിശ്വം കത്ത് നല്‍കി. ദ്വീപിലെ ജനങ്ങള്‍ നിലവില്‍ അനുഭവിക്കുന്ന പ്രയാസങ്ങളുടെ പ്രധാന കാരണം പ്രഫുല്‍ പട്ടേലിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചതാണെന്ന് കത്തില്‍ പറയുന്നു.

കേന്ദ്രഭരണ പ്രദേശത്തിന്റെ അധികാരി എന്ന നിലയില്‍ ജനവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ തീരുമാനങ്ങളാണ് അദ്ദേഹം കൈക്കൊള്ളുന്നത്. കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കാട്ടുന്ന അലംഭാവവും വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവും ജനങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളും ജീവനോപാധികള്‍ തടയലും ഉള്‍പ്പെടെ ഇവയില്‍പ്പെടുന്നു. കൂടാതെ പ്രദേശത്തെ ഭൂരിപക്ഷ വിഭാഗത്തിന്റെ സാമുദായിക വികാരങ്ങള്‍ക്കെതിരായ സമീപനങ്ങള്‍ സ്വീകരിക്കുകയാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

കൊവിഡ് പൊട്ടിപ്പുറപ്പെട്ട 2020-ല്‍ വൈറസിനെ ദ്വീപില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിന് സാധിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്ററെ നിയോഗിച്ചതിന് ശേഷം സമ്പര്‍ക്ക വിലക്ക് ഉള്‍പ്പടെയുള്ള മാനദണ്ഡങ്ങളില്‍ വരുത്തിയ ഇളവുകളെ തുടര്‍ന്ന് ഇതിനകം 4000ത്തിലധികം രോഗികളും 20 മരണങ്ങളും ഉണ്ടായിരിക്കുന്നു. ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത ജനങ്ങളില്‍ ഭീതിയും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. ജനങ്ങളുടെ പ്രധാന ജീവിതോപാധിയായ മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന തീരുമാനങ്ങളും കൈക്കൊണ്ടു. മുന്‍ അധികാരികള്‍ സജ്ജീകരിച്ച മത്സ്യശീതീകരണ സംവിധാനങ്ങള്‍ ഇല്ലാതാക്കി. ഇത് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ദോഷകരമായി ബാധിക്കുന്നതാണ്. അംഗന്‍വാടികള്‍ അടച്ചുപൂട്ടുകയും വിവിധ വകുപ്പുകളിലെ താല്ക്കാലിക തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു.

ഭരിക്കപ്പെടുന്ന ജനങ്ങളുടെ താല്പര്യങ്ങളെയല്ല അഡ്മിനിസ്‌ട്രേറ്റര്‍ പരിഗണിക്കുന്നത് എന്നതിന്റെ തെളിവുകളാണ് ഇതെല്ലാം. ഈ സാഹചര്യത്തില്‍ ദ്വീപ് വാസികളുടെ ജീവിതം താറുമാറാക്കുന്ന പ്രഫുല്‍ കെ പട്ടേലിനെ ഒഴിവാക്കുന്നതിന് നടപടി കൈക്കൊള്ളണമെന്ന് ബിനോയ് വിശ്വം കത്തില്‍ ആവശ്യപ്പെട്ടു.

Also Read: ‘ലക്ഷദ്വീപും കേരളവും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധം’; അവരുടെ ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

സമാധാനത്തോടെ അധിവസിക്കുന്ന ലക്ഷദ്വീപ് സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാര്‍ നീക്കം അപലപനീയമാണെന്ന് മുന്‍ മന്ത്രി ഇപി ജയരാജന്‍ പ്രതികരിച്ചു.

ദ്വീപില്‍ അശാന്തി നിറയ്ക്കാന്‍ വര്‍ഗീയ വിഷംചീറ്റുന്ന നടപടികളുമായി മുന്നോട്ടു പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധിക്കാന്‍ വലിയ ശേഷിയില്ലാത്ത ഒരു ജനവിഭാഗത്തിന്റെ അസ്ഥിത്വം തന്നെ ഇല്ലാതാക്കുന്ന നിലപാടുകളാണ് ഇവയെല്ലാം. ഈ ജനവിരുദ്ധ നിലപാടിനെതിരെ രാജ്യമൊന്നാകെ പ്രതിഷേധം ഉയരണമെന്നും ഇ പി ജയരാജന്‍ ആഹ്വാനം ചെയ്തു.

ഇ പി ജയരാജന്‍ പറഞ്ഞത്:

ലക്ഷദ്വീപില്‍ സംഘപരിവാര്‍ നേതാവായ, ഗുജറാത്തില്‍ നിന്നുള്ള പ്രഫുല്‍ ഘോഡ പട്ടേലിനെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ചാണ് തുടക്കം. 99 ശതമാനം ഇസ്ലാമിക വിശ്വാസികള്‍ താമസിക്കുന്ന മേഖലയില്‍ അവരുടെ മതവികാരം വ്രണപ്പെടുത്തുന്ന നിലപാടുകളാണ് പുതിയ ഭരണത്തില്‍ സ്വീകരിക്കുന്നത്. ബീഫ് നിരോധനം ഇതിന്റെ ഭാഗമാണ്. കടുത്ത നിയന്ത്രണങ്ങളിലൂടെ കൊ വിഡിനെ ദ്വീപ് അകറ്റി നിര്‍ത്തിയിരുന്നു. ക്വാറന്റൈന്‍ നിബന്ധനകള്‍ എടുത്തുകളഞ്ഞതോടെ ദ്വീപില്‍ രോഗം വ്യാപിച്ചത് വലിയ ദുരിതമായി.

തദ്ദേശിയരെ താല്‍ക്കാലിക ജോലികളില്‍ നിന്നു പിരിച്ചുവിട്ടു. കുറ്റവും കുറ്റവാളികളും ഇല്ലാത്തതിനാല്‍ ജയില്‍ അടഞ്ഞുകിടക്കുന്ന ദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പാക്കുകയാണ്. എല്ലാ ആവശ്യങ്ങള്‍ക്കും കേരളവുമായി ബന്ധപ്പെടുന്നത് തടഞ്ഞ്, കര്‍ണാടകയിലെ മംഗലാപുരവുമായി ബന്ധപ്പെടണമെന്ന നിബന്ധന കൊണ്ടുവരുന്നു. ടൂറിസത്തിന്റെ പേരില്‍ ദീപ് കുത്തകകള്‍ക്ക് തീറെഴുതാനുള്ള നിയമ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുന്നു.

ജനാധിപത്യത്തെ അധികാരം ഉപയോഗിച്ച് തകര്‍ക്കാനാണ് നീക്കം. ഏറ്റവും ശാന്തമെന്ന് ഐക്യരാഷ്ട്രസഭ പോലും വിലയിരുത്തിയ മേഖലയെ ആണ് ഇത്തരത്തില്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്. ദ്വീപില്‍ നിന്ന് ഉയരുന്ന പ്രതിഷേധങ്ങള്‍ തീര്‍ത്തും അവഗണിക്കുകയാണ്.

നാളെ രാജ്യത്തെ ഏതു മേഖലയ്ക്കു നേരെയും ഇത്തരം കടന്നുകയറ്റം ഉണ്ടാകാം. വര്‍ഗീയതയുടെ പേരില്‍ നാടിനെ കലാപഭൂമിയാക്കി, കുത്തകകള്‍ക്ക് തീറെഴുതുന്നതാണ് സംഘപരിവാര്‍ അജണ്ട. ഈ കടുത്ത ജനവിരുദ്ധതക്കെതിരെ രാജ്യമാകെ പ്രതിഷേധം ഉയരണം. ലക്ഷദ്വീപിലെ സഹോദരങ്ങള്‍ക്കെതിരെ നമുക്ക് ഒന്നിച്ചു പോരാടാം.

Also Read: പ്രഫുലിന്റേത് ഭ്രാന്തന്‍ നടപടി; പൊരുതുന്ന ജനതയ്ക്ക് അഭിവാദ്യങ്ങളെന്ന് വി എം സുധീരന്‍

Next Story

Popular Stories