
ബിനീഷ് കോടിയേരിയെ ഇഡി കസ്റ്റഡിയില്‍ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണെന്ന് സഹോദരന് ബിനോയ് വിനോദിനി ബാലകൃഷ്ണന് റിപ്പോര്‍ട്ടര്‍ ടിവിയോട്. ബിനീഷിന്റെ അടിസ്ഥാനപരമായ അവകാശങ്ങള്‍ പോലും കേന്ദ്ര ഏജന്‍സി പരിഗണിക്കുന്നില്ലെന്നും അഭിഭാഷകരെ കാണാനോ വക്കാലത്ത് മാറ്റാനോ പോലും ഇഡി അനുവദിച്ചില്ലെന്നും ബിനോയ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. അഭിഭാഷകര്‍ക്കൊപ്പം ബെംഗളുരു ഇഡി ഓഫീസിലെത്തി ബിനീഷിനെ കാണാന്‍ കഴിയാതെ മടങ്ങിയശേഷമാണ് ബിനോയിയുടെ പ്രതികരണം.
ബിനോയി പറഞ്ഞത്
“വക്കാലത്ത് മാറ്റാന്‍ വേണ്ടിയാണ് ബിനീഷിനെ കാണാന്‍ ഇഡി ഓഫീസില്‍ എത്തിയത്. വക്കാലത്ത് ഒപ്പിടുവിക്കാന്‍ ഇഡി അനുവദിച്ചില്ല. അവധി ദിവസങ്ങളാണ് വരുന്നതെന്ന് പറഞ്ഞെങ്കിലും കാണാന്‍ അനുമതി നല്‍കിയില്ലെന്ന് മാത്രമല്, ഒരു തരത്തിലുള്ള ആശയവിനിമയവും അനുവദിക്കുന്നില്ല. ആശയവിനിമയം പൂര്‍ണമായും തടഞ്ഞു. ബിനീഷിനെ കേന്ദ്ര ഏജന്‍സി കസ്റ്റഡിയില്‍ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. തിങ്കളാള്ച്ച കോടതിയില്‍ വരുമ്പോള്‍ കണ്ടാല്‍ മതിയെന്നാണ് പറഞ്ഞത്. ഇപ്പോള്‍ ബെംഗളുരു ഇഡി ഓഫീസിലുള്ള ബിനീഷിനെ വില്‍സണ്‍ ഗാര്ഡന് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയാണ്.”
കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കാണാന്‍ സഹോദരന് ബിനോയ് എത്തിയതിനേത്തുടര്‍ന്ന് ബെംഗളുരു ഇഡി ഓഫീസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. സഹോദരനെ കാണണമെന്ന് ബിനോയിയും ഒപ്പമെത്തിയ അഭിഭാഷകരും അഭ്യര്‍ത്ഥിച്ചെങ്കിലും ഇഡി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ബിനോയ് കോടിയേരി അരമണിക്കൂറോളം ഓഫീസില്‍ കാത്തിരുന്നു. ഇതിനേത്തുടര്‍ന്ന് ബിനോയിയുടെ ഒപ്പമെത്തിയ അഭിഭാഷകരും ഇ ഡി ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമായി. ഇതോടെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ലോക്കല്‍ പൊലീസിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് ബിനീഷിനെ കാണാനാകാതെ ബിനോയ് ഇഡി ഓഫീസില്‍ നിന്ന് മടങ്ങുകയായിരുന്നു.
ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നല്‍കാനാകില്ലെന്നായിരുന്നു ഇഡിയുടെ നിലപാട്. ബിനീഷിനെ കണ്ടിട്ടേ താന്‍ പോകൂ എന്നറിയിച്ച് ബിനോയ് ഓഫീസില്‍ തന്നെ തിന്നു. കാത്തുനിന്ന് മടുക്കുമ്പോള്‍ പൊയ്ക്കോളും എന്ന് ഇഡി അധികൃതരും. കസ്റ്റഡിയിലുള്ള പ്രതിയെ കാണാന്‍ അനുവദിക്കില്ലെന്ന് ഇഡി അഭിഭാഷകരോട് ആവര്‍ത്തിച്ചതോടെ തര്‍ക്കം തുടങ്ങി. ബിനോയിയും അഭിഭാഷകരും ഓഫീസില്‍ നിന്ന് പോകാതായതോടെ ഇഡി പൊലീസിന്റെ സഹായം തേടുകയായിരുന്നു. തിങ്കളാഴ്ച്ച കോടതി പരിസരത്ത് വെച്ച് ബിനീഷിനെ കാണാന്‍ അവസരം ലഭിക്കുമെന്ന് ഇഡി അറിയിച്ചെങ്കിലും ബിനോയ് തൃപ്തനായില്ല. തുടര്‍ന്ന് ബിനോയിയും അഭിഭാഷകരും ഓഫീസില്‍ നിന്ന് മടങ്ങുകയാണുണ്ടായത്.