
വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ മാറ്റിവയ്ക്കണമെന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി. താന്‍ ദുബായിലാണെന്നും അതിനാല്‍ വിചാരണ മാറ്റിവെക്കണമെന്ന് ബിനോയ് കോടതിയെ അറിയിച്ചു. എന്നാല്‍ ഇതിനെതിരെ യുവതി രംഗത്തെത്തി. അപേക്ഷ അംഗീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് യുവതി മുംബൈ ദിന്‍ഡോഷി കോടതിയില്‍ ഹര്‍ജി നല്കി.
ബിഹാര്‍ സ്വദേശിനിയായ പരാതിക്കാരിയുടെ അഭിഭാഷകന് അബ്ബാസ് മുക്ത്യാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കേസ് 19ന് പരിഗണിക്കും. 21നു വിചാരണ ആരംഭിക്കാനിരിക്കെയാണ് താന്‍ ദുബായിലാണെന്നും നടപടികള്‍ മൂന്ന് ആഴ്ച മാറ്റിവയ്ക്കണമെന്നും അഭ്യര്‍ത്ഥിച്ച് ബിനോയ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ മാസം 15നാണ് കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിവാഹ വാഗ്ദാനം നല്കി തന്നെ പീഡിപ്പിച്ചു എന്നായിരുന്നു ബിഹാര്‍ സ്വദേശിനിയുടെ പരാതി. അന്ധേരി കോടതിയാണ് കേസ് പരിഗണിച്ചത്. ബിനോയ്ക്കെതിരെയുള്ള 678 പേജുള്ള കുറ്റപത്രം കോടതിയില്‍ വെച്ച് വായിച്ചു. ബീനോയ് പീഡനം നടത്തിയതിന് തെളിവുണ്ട്. പരാതിക്കാരിക്ക് മുബൈയില്‍ ഫ്ലാറ്റ് എടുത്ത് കൊടുത്തത് ബിനോയ് തന്നെയാണെന്ന് ഫ്ലാറ്റ് ഉടമയുടെ മൊഴിയും കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പൊലീസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ മുബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തന്റെ കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ലാബില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു.
- TAGS:
- Binoy Kodiyeri