
ബിനീഷ് കോടിയേരി യാതൊരുവിധ ലഹരിക്കും അടിമയല്ലെന്ന് ഭാര്യ റിനീറ്റ. ബിനീഷ് മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ കഞ്ചാവ് വലിക്കുകയോ ചെയ്യില്ലെന്നും റിനീറ്റ പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ ബിനീഷ് കൊക്കെയ്ന്‍ ഉപയോഗിക്കുമെന്ന പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു റിനീറ്റ. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറിലായിരുന്നു റിനീറ്റയുടെ പ്രതികരണം.
ഒരാള്‍ പറഞ്ഞു എന്നത് കൊണ്ട് എങ്ങനെയാണ് ഒരാളെ കഞ്ചാവെന്നൊക്കെ വിളിക്കുന്നതെന്നും റിനീറ്റ ചോദിച്ചു. ‘ഇതിനൊക്കെ എന്തെങ്കിലും ഒരു തെളിവ് വേണം. ബിനീഷിനെ അറിയാവുന്ന എല്ലാവര്‍ക്കുമറിയാം അദ്ദേഹം സിഗരറ്റോ, കള്ളോ, കഞ്ചാവോ ഒന്നുമല്ലെന്ന്. ഇത്രയും ദിവസമായി ഇഡിയുടെ കസ്റ്റഡില്‍ കഴിയുന്ന ബിനീഷ് കഞ്ചാവിന്റേതായ എന്തെങ്കിലും സ്വഭാവം കാണിക്കുന്നുണ്ടോ എന്ന് അവര്‍ക്കറിയാന്‍ പറ്റുമല്ലോ. അത് താന്‍ ആരു പറഞ്ഞാലും സമ്മതിക്കില്ല. ബിനീഷിന് അങ്ങനൊരു സ്വാഭാവമില്ല’, റിനീറ്റ പറഞ്ഞു. ഇങ്ങനെയൊക്കെ പറഞ്ഞ് ഒരു ഫാമിലിയെ തകര്‍ക്കാന്‍ നോക്കിയാല്‍ സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
‘ബിനീഷ് ‘കോടിയേരി’ ആയതുകൊണ്ടാണോ അദ്ദേഹത്തെ ഇങ്ങനെ വേട്ടയാടുന്നതെന്ന് എനിക്കറില്ല. എന്തുണ്ടെങ്കിലും അവസാനം ഒരു പേര് ബിനീഷിന്റേതായി വന്ന് നില്‍ക്കാറുണ്ട്. ആര്‍ക്കും ഒരു ദ്രോഹത്തിനും പോകാതെ എങ്ങനെയാണോ എല്ലാവരും കുടുംബവുമായി ജീവിക്കുന്നത് അങ്ങനെയാണ് ഞങ്ങളും ജീവിക്കുന്നത്. ഇഡി പറയുന്നു കൊക്കെയിന്‍ ഉപയോഗിച്ചെന്ന്. ഇഡി പറയുന്നത് കള്ളമാണ്’, റിനീറ്റ പറഞ്ഞു. വൈദ്യ പരിശോധനയൊന്നും നടത്താതെ എങ്ങനെയാണ് ഇഡിക്ക്, കൊക്കെയിന്‍ ഉപയോഗിച്ചിട്ടുണ്ടെന്നൊക്കെ പറയാന്‍ കഴിയുന്നതെന്നും റിനീറ്റ ചോദിച്ചു. ബിനീഷ് പണ്ട് സമരത്തിനൊക്കെ പോയി നല്ല അടികിട്ടിയിട്ടുള്ള ആളാണ്. നടുവേദനയും അദ്ദേഹത്തിന് നല്ലത് പോലെയുണ്ട്. പിന്നെ അവരുടെ ഉപദ്രവും ഭക്ഷണവും ഒക്കെയായിരുക്കും ബിനീഷിന്റെ ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നും റിനീറ്റ പറഞ്ഞു.
ബിനീഷിന് കൂടുതല്‍ സുഹൃത്തുക്കള്‍ ഉള്ളത് ഒരു പ്രശ്നമാണെന്ന തനിക്കിപ്പോള്‍ തോന്നുന്നുണ്ടെന്നും റിനീറ്റ പറഞ്ഞു. ഹോട്ടലിന് വേണ്ടി മാത്രമാണ് ബിനീഷ് അനൂപിന് പണം കൊടുത്തത്. ഒരിക്കലും ഇത്തരിത്തിലുള്ള കേസുകളിലേക്ക് പോകാനുള്ള യാ തൊരു സാധ്യതയുമില്ല. അനൂപ് അങ്ങനെ ചെയ്തത് വെച്ച് അത് ബിനീഷിന്റെ തലയില്‍ വെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് നടക്കില്ലെന്ന് മാത്രമെ താന്‍ പറയാന്‍ ആഗ്രഹിക്കുന്നുള്ളുവെന്നും റിനീറ്റ വ്യക്തമാക്കി. ഒരു ഹോട്ടല്‍ തുടങ്ങാന്‍ അവനെ സഹായിക്കുക മാത്രമാണ് ബിനീഷ് ചെയ്തത്. അതിനുള്ള പണം ലോണെടുത്ത് കൊടുത്തതാണ്. അത് സംബന്ധിച്ച രേഖകള്‍ ഇഡിക്ക് മുമ്പില്‍ ഹാജരാക്കിയിട്ടുണ്ടെന്നും റിനീറ്റ കൂട്ടിച്ചേര്‍ത്തു. അദ്ദേഹം ഫോട്ടോ എടുക്കാനൊക്കെ താല്പര്യമുള്ള ആളാണ്. അതുകൊണ്ട് തന്നെ അത്തരം ഫോട്ടോകള്‍ എടുത്ത് കാട്ടി ബിനീഷിനെ ബോസായും ഡോണായുമൊക്കെ ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും റിനീറ്റ പറഞ്ഞു.