
ബിനീഷ് കോടിയേരിക്കെതിരായ മയക്കുമരുന്ന് കേസ് എന്‍ഐഎ അന്വേഷിച്ചേക്കും. പ്രതികളുടെ തീവ്രവാദ ബന്ധം അന്വേഷിക്കാനാണ് കേസ് എന്‍ഐഎയക്ക് കൈമാറാനുള്ള ശുപാര്‍ശയുണ്ടായിരിക്കുന്നത്.
ഇത് സംബന്ധിച്ച് ആഭ്യന്തര സുരക്ഷ മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിഷയത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനം നിര്‍ണ്ണായകമാകും. ലഹരിമരുന്ന് ഇടപാടുകളില്‍ പ്രതികള്‍ക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായടക്കം ബന്ധമുണ്ടെന്ന നിഗമനത്തിലാണ് സര്‍ക്കാറുള്ളത്. എന്‍ഐഎ കേസ് അന്വേഷണത്തിനെത്തും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മയക്കുമരുന്ന് കേസുകള്‍ എന്‍ഐഎയ്ക്ക് അന്വേഷിക്കാം എന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു.
ലഹരിമരുന്ന് കേസില്‍ മുന്‍പ് അറസ്റ്റിലായ അനൂപിന്റെ മൊഴിയെ തുടര്‍ന്നാണ് ബിനീഷിന് കുരുക്ക് മുറുകിയത്. ബിനീഷിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 20 പേര് പണം മുടക്കി എന്നായിരുന്നു അനൂപ് മുഹമ്മദിന്റെ മൊഴി. ലഹരി ഇടപാടുകളില്‍ ബിനീഷിന് നേരിട്ടോ അല്ലാതെയോ ബന്ധം ഉണ്ടെന്ന് തെളിഞ്ഞാല്‍ ലഹരി പദാര്‍ഥ നിരോധന നിയമപ്രകാരം കേസന്വഷിക്കുന്ന നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും ബിനീഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. ബിനീഷിനെതിരെയുളള കുറ്റം തെളിഞ്ഞാല്‍ 10 മുതല്‍ 20 വര്‍ഷം വരെ കഠിന തടവും 1-2 ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കും.