Top

‘ഇത്തവണ ഞങ്ങള്‍ കൊല്ലത്ത് പിടിച്ചുനിന്നതുകൊണ്ടാണീ വ്യാജപ്രചരണം’; രാഹുലിന്റെ വാടക വിവാദത്തെ നിയമപരമായി നേരിടുമെന്ന് ബിന്ദു കൃഷ്ണ

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുരൂപയുടെ ഇടപാടുപോലും അവശേഷിക്കുന്നില്ലെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി.

29 May 2021 4:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഇത്തവണ ഞങ്ങള്‍ കൊല്ലത്ത് പിടിച്ചുനിന്നതുകൊണ്ടാണീ വ്യാജപ്രചരണം’; രാഹുലിന്റെ വാടക വിവാദത്തെ നിയമപരമായി നേരിടുമെന്ന് ബിന്ദു കൃഷ്ണ
X

കൊല്ലത്ത് മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക നല്‍കിയില്ലെന്ന പ്രചരണത്തെ നിയമപരമായി നേരിടുമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുരൂപയുടെ ഇടപാടുപോലും അവശേഷിക്കുന്നില്ലെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി. ഇടതുതരംഗത്തിനിടയിലും ഐക്യ ജനാധിപത്യ മുന്നണി കൊല്ലത്ത് പിടിച്ചുനിന്നതാണ് ഇടതുപക്ഷത്തിന്റെ ഇത്തരം വ്യാജപ്രചരണങ്ങള്‍ക്ക് കാരണമെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. വിവാദത്തില്‍ പ്രതികരണവുമായി ബീച്ച് ഹോട്ടല്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയും പ്രമുഖരും താമസിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ മുന്‍പ് തന്നെ തീര്‍ത്തിരുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട് കൊയ്‌ലോണ്‍ ബീച്ച് ഹോട്ടലിന് യാതൊരു തര്‍ക്കവും ഉണ്ടായിട്ടില്ലെന്നുമാണ് ഹോട്ടല്‍ വ്യക്തമാക്കുന്നത്. സ്വന്തം ലെറ്റര്‍ പാഡിലെഴുതി ഒപ്പിട്ട് ഹോട്ടലിന്റെ ജനറല്‍ മാനേജര്‍ തന്നെയാണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നത്. ഇതിന്റെ രേഖകള്‍ കൂടി പങ്കുവെച്ചുകൊണ്ടായിരുന്നു ഫേസ്ബുക്കിലൂടെ ബിന്ദു കൃഷ്ണയുടെ പ്രതികരണം.

ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

രണ്ട് പതിറ്റാണ്ടിന് ശേഷം കൊല്ലത്ത് രണ്ട് കോൺഗ്രസ് എംഎൽഎമാർ, മൂന്ന് സീറ്റുകൾ വെറും രണ്ടായിരം വോട്ടുകൾക്ക് മാത്രം നഷ്ടം, നാൽപ്പതിനായിരവും, മുപ്പതിനായിരവും ഭൂരിപക്ഷം ലഭിച്ചിരുന്ന സ്ഥലങ്ങളിലെ ഭൂരിപക്ഷം ഇപ്പോൾ വെറും പതിനായിരം മാത്രം. 11 അസംബ്ലി മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷം നേടിയ എൽഡിഎഫിൻ്റെ കൊല്ലത്തെ അവസ്ഥ ഇതാണ്.

അതിനെ മറികടക്കാൻ ഇടതുപക്ഷം എന്ത് അസത്യപ്രചരണങ്ങൾക്കും മുന്നിലുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.അത്തരം അസത്യ പ്രചരണങ്ങൾക്ക് കൂട്ട് നിൽക്കാൻ കോൺഗ്രസ് പാർട്ടിയോട് കൂറുള്ള ഒരു വ്യക്തിയും നിൽക്കില്ല.

ബഹുമാനപ്പെട്ട രാഹുൽജിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊല്ലം ബീച്ച് ഹോട്ടലിൽ ഒരു രൂപയുടെ ഇടപാട് പോലും അവശേഷിക്കുന്നില്ല. അതിൻ്റെ ഇടപാടുകൾ എല്ലാം അന്ന് തന്നെ തീർത്തിരുന്നതാണ്.ഇന്ന് വ്യാജ ആരോപണങ്ങൾ ഉയർന്നുവെങ്കിൽ അതിൻ്റെ ഏകകാരണം ഇടത് തരംഗത്തിലും കൊല്ലം ജില്ലയിലെ ഐക്യജനാധിപത്യ മുന്നണി പിടിച്ചുനിന്നു എന്നതുകൊണ്ട് മാത്രമാണ്.

വ്യാജ കഥകൾ സൃഷ്ടിച്ച് പ്രചരപ്പിക്കുന്നവരെ നിയമപരമായി നേരിടും.

Next Story