Top

‘അറിയാതെ കണ്ണ് നിറഞ്ഞു പോയി’; വൈകാരിക രംഗത്തില്‍ വിശദീകരണവുമായി ബിന്ദു കൃഷ്ണ

കൊല്ലം ഡിസിസി ഓഫീസില്‍ വച്ച് ഇന്നലെ പൊട്ടിക്കരഞ്ഞ സംഭവത്തില്‍ വിശദീകരണ കുറിപ്പുമായി ബിന്ദു കൃഷ്ണ. വിതുമ്പിയത് മനപ്പൂര്‍വ്വമായിരുന്നില്ലെന്നും പ്രവര്‍ത്തകരുടെയും ജനങ്ങളുടേയും സ്‌നേഹത്തിന് മുന്നില്‍ അറിയാതെ കണ്ണ് നിറഞ്ഞുപോയതാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. കോണ്‍ഗ്രസിന്റെ തീരുമാനങ്ങളെ സിരകളില്‍ രക്തമൊഴുകുന്ന കാലത്തോളം ബഹുമാനിക്കുകയും അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തിരിക്കുമെന്നും ബിന്ദു പറഞ്ഞു. ബിന്ദു കൃഷ്ണയുടെ വാക്കുകള്‍: ”സിരകളില്‍ രക്തം ഒഴുകുന്നിടത്തോളം കാലം ആ രക്തത്തില്‍ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ കൂടി ചേര്‍ന്നിരിക്കും. ആ പ്രസ്ഥാനത്തിന്റെ തീരുമാനങ്ങളെ സിരകളില്‍ രക്തമൊഴുകുന്ന […]

14 March 2021 3:51 AM GMT

‘അറിയാതെ കണ്ണ് നിറഞ്ഞു പോയി’; വൈകാരിക രംഗത്തില്‍ വിശദീകരണവുമായി ബിന്ദു കൃഷ്ണ
X

കൊല്ലം ഡിസിസി ഓഫീസില്‍ വച്ച് ഇന്നലെ പൊട്ടിക്കരഞ്ഞ സംഭവത്തില്‍ വിശദീകരണ കുറിപ്പുമായി ബിന്ദു കൃഷ്ണ. വിതുമ്പിയത് മനപ്പൂര്‍വ്വമായിരുന്നില്ലെന്നും പ്രവര്‍ത്തകരുടെയും ജനങ്ങളുടേയും സ്‌നേഹത്തിന് മുന്നില്‍ അറിയാതെ കണ്ണ് നിറഞ്ഞുപോയതാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. കോണ്‍ഗ്രസിന്റെ തീരുമാനങ്ങളെ സിരകളില്‍ രക്തമൊഴുകുന്ന കാലത്തോളം ബഹുമാനിക്കുകയും അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തിരിക്കുമെന്നും ബിന്ദു പറഞ്ഞു.

ബിന്ദു കൃഷ്ണയുടെ വാക്കുകള്‍: ”സിരകളില്‍ രക്തം ഒഴുകുന്നിടത്തോളം കാലം ആ രക്തത്തില്‍ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ കൂടി ചേര്‍ന്നിരിക്കും. ആ പ്രസ്ഥാനത്തിന്റെ തീരുമാനങ്ങളെ സിരകളില്‍ രക്തമൊഴുകുന്ന കാലത്തോളം ബഹുമാനിക്കുകയും, അംഗീകരിക്കുകയും, നടപ്പിലാക്കുകയും ചെയ്തിരിക്കും… ഇന്ന് വിതുമ്പിയത് മനപ്പൂര്‍വ്വമായിരുന്നില്ല…പ്രവര്‍ത്തകരുടെയും ജനങ്ങളുടേയും സ്‌നേഹത്തിന് മുന്നില്‍ ഞാനറിയാതെ കണ്ണ് നിറഞ്ഞുപോയി… എന്റെ മാത്രമല്ല, വൈകാരിക നിമിഷത്തില്‍ ഒപ്പമുണ്ടായിരുന്ന ഓരോരുത്തരുടേയും…”

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കൊല്ലം ഡിസിസി ഓഫീസില്‍ വൈകാരിക രംഗങ്ങള്‍ അരങ്ങേറിയത്. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രവര്‍ത്തകരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. അവര്‍ക്ക് മുന്നിലാണ് ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞത്. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ എത്തിയാണ് കൊല്ലത്ത് ബിന്ദു കൃഷ്ണയെ വേണമെന്ന ആവശ്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. പ്രതിഷേധിച്ചെത്തിയ വനിതാ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞതിങ്ങനെ, ‘ഇതിനെ ഞങ്ങള്‍ക്ക് തന്നേ പറ്റൂ, ഇല്ലെങ്കില്‍ ഞങ്ങള്‍ വോട്ട് ചെയ്യത്തില്ല. ഇവരെ ഞങ്ങള്‍ക്ക് തന്നില്ലെങ്കില്‍ ഞങ്ങളെല്ലാം ഒന്നടങ്കം രാജിവെക്കും. ഈ ബിന്ദു കൃഷ്ണയെ തീരദേശത്തിന്റെ പ്രതിനിധിയായി തന്നില്ലെങ്കില്‍, ഞങ്ങളുടെ സഹോദരിയായി തന്നില്ലെങ്കില്‍, ഞങ്ങളുടെ മകളായി തന്നില്ലെങ്കില്‍… ഞങ്ങള്‍ പിന്നോട്ടല്ല. ഞങ്ങളെല്ലാം മുമ്പോട്ടാണ്. ഞങ്ങളുടെ ഈ മകളെ ഞങ്ങള്‍ക്ക് കിട്ടിയേ പറ്റൂ. മത്സ്യത്തൊഴിലാളിക്ക് കിട്ടിയേ പറ്റൂ’.

ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം സീറ്റ് ലഭിച്ചേക്കില്ലെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് കൊല്ലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ട് ചേരികളായി തിരിഞ്ഞ് പ്രതിഷേധത്തിലേക്ക് നീങ്ങിയത്. ജില്ലയിലെ മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പിസി വിഷ്ണുനാഥിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നുമുണ്ട്. കൊല്ലം സീറ്റില്‍ പി സി വിഷ്ണുനാഥിനെയും കുണ്ടറയില്‍ ബിന്ദു കൃഷ്ണയെയും മല്‍സരിപ്പിക്കാനുമായിരുന്നു ധാരണ. ഇതിനിടയിലാണ് അസാധാരണ സംഭവങ്ങള്‍.

ബിന്ദു കൃഷ്ണയ്ക്ക് വേണ്ടി ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഹൈക്കമാന്റിനെ വെല്ലുവിളിക്കുന്ന ഈ നടപടിക്കെതിരെ എ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. കൊല്ലത്തെ സ്ഥാനാര്‍ഥി നിര്‍ണയം തര്‍ക്കത്തിലിരിക്കെ ഹൈക്കമാന്റിനെ വെല്ലുവിളിക്കുന്ന നീക്കത്തിനെതിരെയാണ് എ ഗ്രൂപ്പിലെ ചില നേതാക്കള്‍ രംഗത്ത് എത്തിയത്. ബിന്ദു കൃഷ്ണയ്ക്ക് വേണ്ടി ഡിസിസി ഓഫീസില്‍ ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നതിനെതിരെയും നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. പിസി വിഷ്ണുനാഥിനെ സ്ഥാനാര്‍ഥിയാക്കരുതെന്നാവശ്യപ്പെട്ട് എ ഗ്രൂപ്പിലെ രണ്ട് ഡിസിസി ഭാരവാഹികള്‍ ഹൈക്കമാന്റിന് നല്‍കിയ കത്തില്‍ ഒപ്പിട്ടതായും ആക്ഷേപം ഉണ്ട്. എ ഗ്രൂപ്പില്‍ നിന്നും ഇത്തരമൊരു നീക്കം ഉണ്ടായതിന്റെ ഞെട്ടലിലാണ് മറ്റ് നേതാക്കള്‍.

Next Story