Top

‘വ്യാജ വാര്‍ത്തയ്‌ക്കെതിരെ നടപടി വേണം’; സൈബര്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിന്ദു കൃഷ്ണ

കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ബിജെപിയിലേക്ക് എന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയ്‌ക്കെതിരേ ബിന്ദുകൃഷ്ണ കൊല്ലം സൈബര്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി

21 Dec 2020 11:19 PM GMT

‘വ്യാജ വാര്‍ത്തയ്‌ക്കെതിരെ നടപടി വേണം’; സൈബര്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിന്ദു കൃഷ്ണ
X

കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ബിജെപിയിലേക്ക് എന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തയ്‌ക്കെതിരേ ബിന്ദുകൃഷ്ണ കൊല്ലം സൈബര്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ബിന്ദുകൃഷ്ണയെ ബിജെപി ഏജന്റെന്നും പേമെന്റ് റാണിയെന്നും ആക്ഷേപിക്കുന്ന പോസ്റ്ററുകളും കൊല്ലത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് വാര്‍ത്ത പ്രചരിച്ചുതുടങ്ങിയത്. വാര്‍ത്ത വ്യാപകമായതിനെ തുടര്‍ന്ന് കേസ് നല്‍കുകയായിരുന്നെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.

സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി ഏജന്റായ ഇവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശത്രുവാണെന്നും പോസ്റ്ററില്‍ ആരോപിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമായ സാഹചര്യത്തില്‍ തന്നെയാണ് കൊല്ലത്തും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി യുഡിഎഫ് പ്രചരണത്തിനിറങ്ങിയെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങല്‍ക്കെതിരെ മറുപടിയുമായി ബിന്ദുകൃഷ്ണയും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥി ആയിരുന്ന കാലം മുതല്‍ ഹൃദയത്തിലേറ്റിയതാണ് മൂവര്‍ണ്ണക്കൊടിയെന്ന് പറഞ്ഞു തുടങ്ങുന്ന ഫേസ്ബുക് പോസ്റ്റില്‍ പ്രസ്ഥാനത്തിന് ദോഷം വരുന്ന ഒരു പ്രവര്‍ത്തനങ്ങള്‍ക്കും താന്‍ അറിഞ്ഞോ അറിയാതെയോ കൂട്ട് നിന്നിട്ടില്ല എന്നാണ് അവര്‍ പറഞ്ഞത്. പരാജയ കാരണം അന്വേഷിക്കുക മാത്രമല്ല, പഠിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകാന്‍ ശ്രദ്ധിക്കുമെന്നും ബിന്ദു കൃഷ്ണ‌ പോസ്റ്റില്‍ പറഞ്ഞു.

Next Story