Top

‘ശബരിമല പരിസരത്ത് നടന്നത് കലാപം, ഞാന്‍ അതിന്റെ ഇര’; സര്‍ക്കാര്‍ നിലപാട് മാറ്റിയെന്ന് ബിന്ദു അമ്മിണി; ‘ബിജെപി ഗുണ്ടാപ്പണിയ്ക്ക് 200 രൂപയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്തു’

ഇടതുപക്ഷവും കോണ്‍ഗ്രസും സംഘപരിവാറിന് വളരാന്‍ നിലമൊരുക്കുകയാണെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.

24 Feb 2021 1:58 AM GMT

‘ശബരിമല പരിസരത്ത് നടന്നത് കലാപം, ഞാന്‍ അതിന്റെ ഇര’; സര്‍ക്കാര്‍ നിലപാട് മാറ്റിയെന്ന് ബിന്ദു അമ്മിണി; ‘ബിജെപി ഗുണ്ടാപ്പണിയ്ക്ക് 200 രൂപയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്തു’
X

ശബരിമല യുവതീപ്രവേശനത്തിനെതിരായ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ പ്രതികരണവുമായി ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണി. സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ എടുത്ത നിലപാടുകളില്‍ നിന്നുമുള്ള പിന്നോട്ടുപോക്കായാണ് താന്‍ ഈ തീരുമാനത്തെ കാണുന്നതെന്ന് ബിന്ദു അമ്മിണി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. ശബരിമല പ്രക്ഷോഭത്തിന്റെ സമയത്ത് തെരുവുകളില്‍ എന്താണ് നടന്നതെന്ന് ജനം കണ്ടതാണ്. ആ സമയത്ത് നടന്ന കലാപത്തിന്റെ ഇരയാണ് താന്‍ എന്ന് ബിന്ദു പറഞ്ഞു. ശബരിമല സമരം സമാധാനപൂര്‍വ്വമായിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ പ്രതികരിച്ച ബിജെപി നേതാവ് എംടി രമേശിന്റെ വാദങ്ങളെ തള്ളിക്കൊണ്ടായിരുന്നു ബിന്ദുവിന്റെ പ്രതികരണം. ഇടതുപക്ഷവും കോണ്‍ഗ്രസും സംഘപരിവാറിന് വളരാന്‍ നിലമൊരുക്കുകയാണെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.

ബിന്ദു അമ്മിണി പറഞ്ഞത്:

തെരുവുകളില്‍ അന്ന് എന്താണ് നടന്നതെന്ന് ഇവിടുത്തെ ജനങ്ങള്‍ മറക്കില്ല. തെരുവുകളില്‍ ആള്‍ക്കൂട്ടം അക്രമം അഴിച്ചുവിടുകയായിരുന്നു. ഞാന്‍ അതിന്റെ ഇരയാണ്. കല്ലെറിയാനും തല എറിഞ്ഞുടയ്ക്കാനും തയ്യാറായി നിന്ന ഒരാള്‍ക്കൂട്ടത്തിന് നടുവിലൂടെയായിരുന്നു ഞങ്ങള്‍ക്ക് നടക്കേണ്ടി വന്നത്. ഈ ഞങ്ങളോടാണ് എംടി രമേശ് പറയുന്നത് സമരം സമാധാനപൂര്‍വ്വമായിരുന്നെന്ന്. ദിവസം 200 രൂപ വീതം കൊടുത്ത് സമരക്കാരെ റിക്രൂട്ട് ചെയ്യുകയായിരുന്നു. അവര്‍ വെറും സന്ദര്‍ശനത്തിന് വന്നുവെന്നാണോ പറയുന്നത്? ഓരോ മേഖല കേന്ദ്രീകരിച്ച് ആളുകളെ കൊണ്ടുവന്ന് ഇറക്കുകയാണ് ചെയ്തിരുന്നത്. ഗുണ്ടാപ്പണിയ്ക്കുവേണ്ടിയാണ് ഇത്തരം ആളുകളെ ബിജെപി റിക്രൂട്ട് ചെയ്തത്. അവര്‍ ശബരിമല പരിസരത്ത് കലാപം നടത്തി. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വളരെ ഗുരുതരമായ കുറ്റകൃത്യമാണ് അവര്‍ ചെയ്തത്.


ഇത്തരത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായി എന്നത് സര്‍ക്കാരിന്റെ നിലപാട് മാറ്റമാണ്. അതേസമയം സിഎഎ വിരുദ്ധ സമരങ്ങളില്‍ എവിടെയെങ്കിലും അക്രമം കാണാനായോ? സിഎഎ വിരുദ്ധ മാര്‍ച്ചുകളെല്ലാം സമാധാനപരമായിരുന്നു. ആ കേസുകള്‍ പിന്‍വലിക്കുന്നതും കലാപം നടത്തിയിട്ട് ആ കേസുകള്‍ പിന്‍വലിക്കുന്നതും രണ്ടും രണ്ടാണ്. ഇതിനെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. ഇത് സര്‍ക്കാരിന്റെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സംഘ്പരിവാറിന് വളരാനുള്ള നിലം ഒരുക്കിക്കൊടുക്കുന്നവരായി ഇവിടുത്തെ ഇടതുപക്ഷവും കോണ്‍ഗ്രസും മാറിക്കഴിഞ്ഞു. സര്‍ക്കാര്‍ അവരുടെ നിലപാടില്‍ നിന്ന് പിന്നോട്ടുപോയി. ജാതി മത പ്രീണനം തന്നെയാണ് അവര്‍ ഉദ്ദേശിക്കുന്നത്. ഇതെല്ലാം ജനം തിരിച്ചറിയും. നിലപാട് മാറ്റം സര്‍ക്കാരിന് തന്നെ തിരിച്ചടിയാകും.

Next Story