Top

‘ലതിക സുഭാഷിന് സീറ്റ് കിട്ടേണ്ടതായിരുന്നു’; തുറന്നടിച്ച് ബിന്ദു കൃഷ്ണ

നിയമസഭാ തെരഞ്ഞെടുപ്പില്‍ ലതിക സുഭാഷിന് സീറ്റ് നല്‍കേണ്ടതായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. സീറ്റിന്റെ തെരഞ്ഞെടുപ്പില്‍ വന്ന ബുദ്ധിമുട്ടാണ് സംഭവിച്ചതെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ബിന്ദു കൃഷ്ണയുടെ വാക്കുകള്‍:”ലതിക സുഭാഷിന് സീറ്റ് കിട്ടേണ്ടതായിരുന്നു. പണ്ടുമുതലേ അതൊരു കീഴ്‌വഴക്കം പോലെയാണ്. നേതാക്കള്‍ സൂചിപ്പിച്ചത് പോലെ സീറ്റിന്റെ സെലക്ഷനില്‍ വന്ന ബുദ്ധിമുട്ടാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ലതിക സുഭാഷ് തലമുണ്ഡനം ചെയ്ത കാര്യത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടതാണ്. പൊതുസമൂഹത്തിന്റെ കൂടി പിന്തുണയുണ്ടെങ്കില്‍ മാത്രമേ വനിതകള്‍ക്ക് അതിജീവിക്കാന്‍ കഴിയൂ. പിന്തുണയുണ്ടെങ്കില്‍ ഇത്തരം […]

16 March 2021 7:15 AM GMT

‘ലതിക സുഭാഷിന് സീറ്റ് കിട്ടേണ്ടതായിരുന്നു’; തുറന്നടിച്ച് ബിന്ദു കൃഷ്ണ
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ ലതിക സുഭാഷിന് സീറ്റ് നല്‍കേണ്ടതായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. സീറ്റിന്റെ തെരഞ്ഞെടുപ്പില്‍ വന്ന ബുദ്ധിമുട്ടാണ് സംഭവിച്ചതെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ബിന്ദു കൃഷ്ണയുടെ വാക്കുകള്‍:”ലതിക സുഭാഷിന് സീറ്റ് കിട്ടേണ്ടതായിരുന്നു. പണ്ടുമുതലേ അതൊരു കീഴ്‌വഴക്കം പോലെയാണ്. നേതാക്കള്‍ സൂചിപ്പിച്ചത് പോലെ സീറ്റിന്റെ സെലക്ഷനില്‍ വന്ന ബുദ്ധിമുട്ടാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ലതിക സുഭാഷ് തലമുണ്ഡനം ചെയ്ത കാര്യത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടതാണ്. പൊതുസമൂഹത്തിന്റെ കൂടി പിന്തുണയുണ്ടെങ്കില്‍ മാത്രമേ വനിതകള്‍ക്ക് അതിജീവിക്കാന്‍ കഴിയൂ. പിന്തുണയുണ്ടെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളെ കുറച്ചു കൂടി ഗൗരവത്തോടെ അതിജീവിക്കാന്‍ കഴിയും.”

സീറ്റ് കിട്ടാന്‍ വേണ്ടിയല്ല താന്‍ കരഞ്ഞതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ആളുകളുടെ വികാരപ്രകടനം നിരന്തരമായപ്പോള്‍ മനസ് അറിയാതെ കണ്ണു നിറഞ്ഞുപോയതാണെന്നും ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ”സീറ്റിന്റെ കാര്യത്തില്‍ ആദ്യമൊന്നും പ്രശ്‌നമില്ലായിരുന്നു. മുന്നൊരുക്കങ്ങള്‍ എല്ലാം കഴിഞ്ഞതിന് ശേഷം അങ്ങനെയൊരു ചര്‍ച്ച വന്നു. രാഷ്ട്രീയമാണ്, നമുക്കൊന്നും പറയാന്‍ സാധിക്കില്ല. പാര്‍ട്ടി തീരുമാനം അനുസരിച്ച് നില്‍ക്കുകയായിരുന്നു.”

അതേസമയം, ലതികാ സുഭാഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. ലതിക കെപിസിസിക്ക് മുന്നിലെത്തിയത് തിരക്കഥ തയ്യാറാക്കി കൊണ്ടാണെന്നും അതില്‍ സിപിഐഎമ്മിന് പങ്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ലതിക ചിലരുമായി ഗൂഢാലോചന നടത്തി കോണ്‍ഗ്രസിന് മുറിവുണ്ടാക്കി. മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ലതിക ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു. ലതിക സുഭാഷ് വിഷയം അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ലതികാ സുഭാഷ് വിഷയം അടഞ്ഞ അധ്യായമാണെന്ന് രാവിലെ മുല്ലപ്പള്ളിയും പറഞ്ഞിരുന്നു. സിപിഐഎമ്മും ലതികാ സുഭാഷുമായും ബന്ധമുണ്ട്. അതിനേക്കുറിച്ച് കോട്ടയത്ത് പറയും. കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് രാജ്യത്തെ മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ്. കോണ്‍ഗ്രസ് ഏകാധിപത്യ പാര്‍ട്ടിയല്ല. 55 ശതമാനം പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥിയാക്കി. ഇക്കാര്യത്തില്‍ സോണിയാ ഗാന്ധി അതീവ ജാഗ്രത കാണിച്ചു. വിജയമായിരുന്നു പട്ടികയുടെ മാനദണ്ഡമെന്നും മുല്ലപ്പള്ളി യുഡിഎഫ് തിരുവനന്തപുരം നിയോജക മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രതികരിച്ചു.

മോഡിയെ കാണുമ്പോള്‍ നട്ടെല്ല് നഷ്ടപ്പെടുന്ന നേതാവാണ് പിണറായി വിജയന്‍. കുമ്മനത്തെ നേരിടാന്‍ സിപിഐഎം നിര്‍ത്തിയ സ്ഥാനാര്‍ത്ഥി ദുര്‍ബലനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇത് സിപിഐഎം-ബിജെപി അന്തര്‍ധാരയുടെ തെളിവാണ്. നേമം കേരളത്തിന്റെ ഗുജറാത്താണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞത് ഏറ്റവും അപകടകരമായ പ്രസ്താവനയാണ്. പ്രസ്താവന ന്യൂനപക്ഷങ്ങളെ നൊമ്പരപ്പെടുത്തി. നേമം ഗുജറാത്താക്കാനാകില്ല. ഫാസിസത്തിനെതിരെ പോരാടുന്നത് കോണ്‍ഗ്രസ് മാത്രമാണ്. അതുകൊണ്ടാണ് കരുത്തനായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നേമത്തെ നിര്‍ത്തിയത്. അക്രമരഹിതമായ കേരളമാണ് യുഡിഎഫിന്റെ മുദ്രാവാക്യമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Next Story