ബിൽ ഗേറ്റ്സിന്റെ വിവാഹബന്ധം 2019ൽ തന്നെ തകർന്നിരുന്നു, ലൈംഗിക കുറ്റവാളിയുമായുള്ള ഇടപാടുകളും കാരണമായി
ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളിയാണ് അമേരിക്കക്കാരനായ ജെഫ്രി എപ്സ്റ്റീൻ. ഈ വ്യക്തിയുമായി ബിൽ ഗേറ്റ്സിനുള്ള ബന്ധം മെലിൻഡക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

27 വർഷത്തെ ദാമ്പത്യമവസാനിപ്പിക്കാൻ ബിൽ ഗേറ്റ്സും മെലിൻഡയും തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങളിൽ ഒന്ന് ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധമെന്ന് ചൂണ്ടിക്കാട്ടി വാൾസ്ട്രീറ്റ് ജേണൽ. ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളിയാണ് അമേരിക്കക്കാരനായ ജെഫ്രി എപ്സ്റ്റീൻ. ഈ വ്യക്തിയുമായി ബിൽ ഗേറ്റ്സിനുള്ള ഇടപാടുകൾ മെലിൻഡക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
‘വിവാഹബന്ധം പരിഹരിക്കാനാകാത്ത വിധം തകർന്നു’ എന്ന് 56കാരിയായ മെലിൻഡ അഭിപ്രായപ്പെട്ടതായി വാൾസ്ട്രീറ്റ് ജേണൽ അറിയിക്കുന്നു. 2019ൽ തന്നെ മെലിൻഡ ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നവെന്നും, വിവാഹമോചന നടപടികൾക്കായി തയ്യാറെടുക്കുകയായിരുന്നു എന്നുമാണ് സൂചനകൾ. എന്നാൽ ബിൽ ഗേറ്റ്സും എപ്സ്റ്റീനും തമ്മിലുള്ള ഇടപാടുകളെ പ്രതി 2013 മുതൽ തന്നെ മെലിൻഡ അസ്വസ്ഥയായിരുന്നു എന്ന് കുടുംബത്തോട് അടുപ്പമുള്ളവരെയും മറ്റു രേഖകളെയും ചൂണ്ടി കാട്ടി പത്രം റിപ്പോർട്ട് ചെയ്യുന്നു.
എപ്സ്റ്റീനുമായി ബിൽ ഗേറ്റ്സ് പലതവണ കൂടിക്കാഴ്ച നടത്തിയെന്നും ന്യൂയോർക്കിലെ അയാളുടെ വസതിയിൽ താമസിച്ചതായും ന്യൂയോർക്ക് ടൈംസ് 2019ൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ചർച്ചകളത്രയും ഫിലാന്ത്രഫിയുമായി ബന്ധപെട്ടായിരുന്നുവെന്നാണ് മൈക്രോസോഫ്റ്റ് കോർപ്പറേഷന്റെ വക്താവ് അന്ന് പറഞ്ഞത്. മനുഷ്യകടത്തും ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് വിചാരണ കാത്തിരിക്കുന്നതിനിടെ 2019ൽ ജയിലിൽ വച്ച് ജെഫ്രി എപ്സ്റ്റീൻ മരണപ്പെട്ടിരുന്നു.