
അമേരിക്കൻ വ്യവസായിയും ലോക കോടീശ്വരൻമാരിൽ ഒരാളുമായ ബിൽ ഗേറ്റ്സ് വിവാഹമോചിതനാകുന്നു. 27 വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനം നേടാൻ ദമ്പതികളായ ബില്ലും മെലിൻഡയും ഒരുമിച്ചു തീരുമാനിച്ചുവെന്ന പ്രഖ്യാപനം ഇന്നലെയാണ് ഉണ്ടായത്. ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ട് ട്വിറ്ററിൽ ഇരുവരും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
‘ദമ്പതികളായി ഇനി ഞങ്ങൾക്ക് ഒരുമിച്ച് മുന്നേറാനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല’. എന്നായിരുന്നു പ്രസ്താവന. “ബന്ധം നിലനിർത്തിക്കൊണ്ടു പോകാനുള്ള ശ്രമങ്ങൾക്കും കൂട്ടായ ചിന്തകൾക്കും ഒടുവിൽ , ദാമ്പത്യം അവസാനിപ്പിക്കാനുള്ള തീരുമാനം ഞങ്ങൾ എടുത്തിട്ടുണ്ട് ‘, അവർ ട്വിറ്ററിൽ കുറിക്കുന്നു. 1994ൽ വിവാഹിതരായ ദമ്പതികൾക്ക് 3 കുട്ടികളാണുള്ളത്.
27 വർഷത്തെ നീണ്ട ദാമ്പത്യത്തിൽ നിന്നും വിവാഹമോചിതരാകുന്നതിന് പിന്നിലെ കാരണം വ്യക്തമല്ല. എന്നാൽ ജോലിയും കുടുംബവും ഒരുമിച്ചു കൊണ്ടുപോകുവാൻ ബിൽ ഗേറ്റ്സിന് സാധിക്കുന്നില്ലെന്ന് മെലിൻഡ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. രണ്ടാഴ്ച്ച മുൻപാണ് ബിൽ ഗേറ്റ്സും മെലിൻഡയും അവസാനമായി ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ടത്.
ഇരുവരും ചേർന്ന് ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ എന്ന സംഘടന നടത്തുന്നുണ്ട്. ഇത് നിരവധി പേർക്ക് ഗുണകരവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ സഹായകം ആകുന്നുണ്ട് . കൂടാതെ ഈ സംഘടന കുട്ടികളിലെ പകർച്ച വ്യാധികൾ തടയാനും പ്രതിരോധ മരുന്നുകൾ എത്തിക്കാനും സഹായിക്കുന്നുണ്ട്.
.