
ബാര്‍ കോഴ ആരോപണത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ബാറുടമ ബിജു രമേശ്. ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ബിജു രമേശ് പറഞ്ഞു. ജോസ് കെ മാണിയോട് വ്യക്തി വിരോധമില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത് കൊണ്ടാണ് വിശദീകരണവുമായി രംഗത്ത് വരുന്നത്. നോട്ടെണ്ണല്‍ മെഷീന് ഉണ്ടെന്ന് പറഞ്ഞത് ഞാനല്ല. ബാര്‍ കോഴ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.
ബാര്‍ ലൈസന്‍സ് കുറയ്ക്കാന്‍ 20 കോടിയാണ് യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചത്. വി എസ് ശിവകുമാറിനും കെപിസിസി ഓഫീസിലും പണമെത്തിച്ചുനല്കി.
ബിജു രമേശ്
കെ എം മാണി മുഖ്യമന്ത്രിയാകേണ്ടതായിരുന്നു എന്ന് കോടിയേരി പറഞ്ഞിരുന്നു. ഒരു പാര്‍ട്ടിയുമായും ഗൂഢാലോചന നടത്തിയിട്ടില്ല. മാണിയെ രണ്ടാമതും എല്‍ഡിഎഫിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചെന്നും ബിജു രമേശ് ആരോപിച്ചു.
ബിജു രമേശിന്റെ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി ജോസ് കെ മാണി രംഗത്തെത്തി. കെഎം മാണി സാറിനെതിരെ ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവര്‍ത്തനമാണ് ബിജുരമേശ് ഇപ്പോള്‍ നടത്തുന്നതെന്ന് ജോസ് പറഞ്ഞു. അന്ന് എന്റെ പിതാവിനെ വേട്ടയാടിയവര്‍ ഇപ്പോള്‍ എന്നെ ലക്ഷ്യം വയ്ക്കുന്നു. ഇതുവരെ ഉന്നയിക്കാത്ത ഒരു ആരോപണവുമായി ബിജുരമേശ് ഇപ്പോള്‍ രംഗത്തെത്തിയതിന്റെ രാഷ്ട്രീയലക്ഷ്യം ജനങ്ങള്‍ക്ക് തിരിച്ചറിയാനാകുമെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.