ബിജെപി- എല്‍ജെപി സഖ്യമാണ് ഇനി ബീഹാര്‍ ഭരിക്കാന്‍ പോകുന്നതെന്ന് ചിരാഗ് പാസ്വാന്; ‘നിതീഷ് കുമാറിന്റെ ജെഡിയുവിന് വോട്ടു ചെയ്യരുത്’
എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പിന്‍വാങ്ങിയതിന് പിന്നാലെ നിതീഷ് കുമാറിന്റെ ജനത ദളിന് വോട്ടുചെയ്യരുതെന്ന ആഹ്വാനവുമായി ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്.

എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പിന്‍വാങ്ങിയതിന് പിന്നാലെ നിതീഷ് കുമാറിന്റെ ജനത ദളിന് വോട്ടുചെയ്യരുതെന്ന ആഹ്വാനവുമായി ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്. നിതീഷ് കുമാറിന്റെ ജെഡിയു അല്ല, ബിജെപി- എല്‍ജെപി സഖ്യമാണ് ഇനി ബീഹാര്‍ ഭരിക്കാന്‍ പോകുന്നതെന്ന് ചിരാഗ് പാസ്വാന് പറഞ്ഞു.
ഒക്ടോബര്‍ 28 ന് ബീഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിതീഷ് കുമാറിനെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് ചിരാഗ് പാസ്വാന് രംഗത്തെത്തിയത്. വോട്ടര്‍മാര്‍ക്കായി തുറന്ന കത്തെഴുതികൊണ്ടായിരുന്നു പാസ്വാന്റെ വെല്ലുവിളി. വീണ്ടും ജനതാദളിന് വോട്ടുചെയ്താല്‍ സെസ്ഥാനത്ത് കുടിയേറ്റം വര്‍ദ്ധിക്കുമെന്നാണ് പാസ്വാന് പറയുന്നത്.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പാസ്വാന്റെ എല്‍ജെപി പുറത്ത് പോയത് ഏറെ ചര്‍ച്ചയായിരുന്നു. താന്‍ ഈ നിമിഷം ആസ്വദിക്കാന്‍ പോകുകയാണെന്നാണ് സഖ്യം വിട്ടതിനു പിന്നാലെ പാസ്വാന് പ്രതികരിച്ചത്. എന്നാല്‍ യുദ്ധം തങ്ങള്‍ ജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാറുമായുള്ള അസ്വാരസ്യങ്ങള്‍ ഇതിന് മുമ്പും ചിരാഗ് പാസ്വാന് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ എല്‍ജെപിക്ക് ബിജെപിയുമായി വലിയ രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എല്‍ജെപി ജനതാ ദള്‍ യുണൈറ്റഡുമായി സഖ്യത്തില്‍ മത്സരിക്കില്ലെന്ന് എല്‍ജെപി ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാലിക് വ്യക്തമാക്കിയിരുന്നു. അതേസമയം എന്‍ഡിഎയില്‍ സീറ്റ് വിഭജനത്തില്‍ തീരുമാനമായിട്ടുണ്ട്. ബിജെപിയും ജെഡിയുവും സീറ്റുകള്‍ തുല്യമായെടുക്കാനാണ് ധാരണയായിട്ടുള്ളത്.