Top

ബിജെപിക്കെതിരെയില്ലെന്ന് എല്‍ജെപി, പക്ഷേ, എല്‍ജെപിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപി; ബീഹാര്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നതെന്ത്?

എല്‍ജെപിയുടെ സിറ്റിങ് സീറ്റുകളായ ഗോവിന്ദ്ഗഞ്ചിലും ലാല്‍ഗഞ്ചിലുമാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്.

7 Oct 2020 12:46 AM GMT

ബിജെപിക്കെതിരെയില്ലെന്ന് എല്‍ജെപി, പക്ഷേ, എല്‍ജെപിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപി; ബീഹാര്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നതെന്ത്?
X

പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ രാഷ്ട്രീയ തിരിമറികളും തന്ത്രങ്ങളും സജീവമായിരിക്കുകയാണ് ബീഹാറില്‍. ജെഡിയുവിനോട് പിണങ്ങി എന്‍ഡിഎ സഖ്യത്തില്‍നിന്നറിങ്ങിയ എല്‍ജെപിയും സഖ്യത്തിലെ പ്രധാനകക്ഷിയായ ബിജെപിയും തമ്മുലുള്ള ചരടുവലികളാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.

തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിന് മുന്നോടിയായി ബിജെപി ചൊവ്വാഴ്ച വൈകീട്ട് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരുന്നു. 27 സീറ്റുകളിലേക്കുള്ള പട്ടികയാണ് പുറത്തിറക്കിയത്. കോമ്മണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിങില്‍ സ്വര്‍ണമെഡല്‍ ലഭിച്ച ശ്രേയസി സിങിനെയും മുന്‍ എംപി ഹരി മഞ്ചിയെയും ബിജെപി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രേയസി സിങ് കഴിഞ്ഞ ഞായറാഴ്ചയാണ് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും പോരാട്ടം ജെഡിയുവിനെ പരാജയപ്പെടുത്താനാണെന്നും ചിരാഗ് പാസ്വാന്റെ എല്‍ജെപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എല്‍ജെപിയുടെ ഒരു നീക്കവും ബിജെപിക്കെതിരെയാവില്ലെന്ന ഉറപ്പും ചിരാഗ് പറഞ്ഞിരുന്നു. എന്നാല്‍, രണ്ടിടങ്ങളില്‍ എല്‍ജെപിക്കെതിരെ മത്സരത്തിനൊരുങ്ങിയാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

എല്‍ജെപിയുടെ സിറ്റിങ് സീറ്റുകളായ ഗോവിന്ദ്ഗഞ്ചിലും ലാല്‍ഗഞ്ചിലുമാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. എല്‍ജെപിയുടെ സംസ്ഥാനാധ്യക്ഷന്‍ രാജു തിവാരിയാമ് ഗോവിന്ദ് ഗഞ്ചിലെ സിറ്റിങ് എംഎല്‍എ.

അതേസമയം, ബീഹാറിലെ നിതീഷ് കുമാര്‍ പ്രഭാവം അവസാനിപ്പിച്ച് സംസ്ഥാനത്തെ കൈവശപ്പെടുത്താനുള്ള ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണ് എല്‍ജെപിയിലൂടെ നിറവേറ്റുന്നതെന്ന ആരോപണങ്ങളും ശക്തമാണ്. എല്‍ജെപിയെ സഖ്യത്തിന് പുറത്തെത്തിച്ച് നിതീഷ് കുമാര്‍ വിരുദ്ധ മനോഭാവം ഉണ്ടാക്കിയെടുക്കാനും ബിജെപിയില്‍നിന്നും ജെഡിയുവിലേക്ക് പോകുന്ന വോട്ടുകള്‍ തടയാനും ബിജെപി ആലോചിച്ചെടുത്ത തീരുമാനമാണ് ചിരാഗ് പാസ്വാനിലൂടെ നടപ്പിലാക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

എസ് സി, ഒബിസി പ്രാധിനിത്യം കൂടുതലുള്ള മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളെയിറക്കിയിരിക്കുന്നത്. സഖ്യ ധാരണപ്രകാരം 121 സീറ്റുകള്‍ ബിജെപിക്കും 122 സീറ്റുകള്‍ ജെഡിയുവിനുമാണ്.

Next Story