ലീഗ്-എസ്ഡിപിഐ ബന്ധം: കുഞ്ഞാലിക്കുട്ടിക്ക് മറുപടിയുമായി ബീഹാര്‍ ലീഗ് നേതൃത്വം, ‘അണികളുടെ തല്ല് കൊള്ളാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ കൂടി പറഞ്ഞുതരണം’
അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ ഉള്‍പ്പെട്ട ‘പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക്’ മുന്നണി യില്‍ നിന്ന് പിന്മാറി ആര്‍ജെഡി- കോണ്‍ഗ്രസ് മുന്നണിക്ക് പിന്തുണ നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ദേശി യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ കത്തിന് പാര്‍ട്ടി ബിഹാര്‍ സംസ്ഥാന നേതൃത്വം മറുപടി നല്കി.

പട്ന: അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ ഉള്‍പ്പെട്ട ‘പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക്’ മുന്നണി യില്‍ നിന്ന് പിന്മാറി ആര്‍ജെഡി- കോണ്‍ഗ്രസ് മുന്നണിക്ക് പിന്തുണ നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ കത്തിന് പാര്‍ട്ടി ബിഹാര്‍ നേതൃത്വം മറുപടി നല്കി. കത്തില്‍ ആവശ്യപ്പെട്ടതുപോലെ മുന്നണിയില്‍ നിന്നും പിന്മാറിയെന്നും എന്നാല്‍ സംസ്ഥാന നേതൃത്വത്തില്‍ ഉയര്‍ന്നിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ദേശിയ നേതൃത്വം തന്നെ പരിഹാരം കാണണമെന്നും മറുപടി കത്തില്‍ സംസ്ഥാന പ്രസിഡന്റ് എസ് നയിം അക്തര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ സീറ്റ് പ്രതീക്ഷിച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരും പണമിറക്കുന്നവരുമുണ്ട്. ഇവര്‍ പട്നയിലെത്തി തങ്ങളെ കൈകാര്യം ചെയ്തേക്കുമെന്ന ആശങ്കയും അഖ്തര്‍ ഉയര്‍ത്തിക്കാട്ടി. ബിഹാറിലെ മുസ്ലിം ലീഗിനെ രക്ഷിക്കാനും പാര്‍ട്ടിക്കുവേണ്ടി ജീവ ത്യാഗം ചെയ്ത പ്രവര്‍ത്തകരെ മാനിക്കാനുമായി, ചില സീറ്റുകളില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് അനുവാദം നല്‍കണമെന്നും അഖ്തര്‍ പറഞ്ഞു.
ദേശീയ പ്രസിഡന്റ് കെഎം ഖാദര്‍ മൊയ്തീന്, ഇടി മുഹമ്മദ് ബഷീര്‍, ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കും കുഞ്ഞാലിക്കുട്ടിയുടെ പേര് വെച്ച് ദേശിയ നേതൃത്വത്തിനെഴുതിയ കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. 2018ല്‍ ബിഹാര്‍ സന്ദര്‍ശിച്ച ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ള ലീഗ് ഉന്നത നേതൃത്വത്തിന് സ്വീകരണമൊരുക്കിയ പാര്‍ട്ടി കിഷന്‍ഗഞ്ച് ജില്ലാ പ്രസിഡന്റും അണികളും എസ്ഡിപിഐയില്‍ ചേര്‍ന്നതായി വിവരമുണ്ടെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി ലോക് താന്ത്രിക്, ചന്ദ്രശേഖര്‍ ആസാദ് രാവണിന്റെ ആസാദ് സമാജ് പാര്‍ട്ടി, പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ ആഘഡി എസ്ഡിപിഐ എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് അലയന്‍സില്‍ ചേരാന്‍ മുസ്ലിം ലീഗ് ബിഹാര്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചതിലൂടെയാണ് ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ആരംഭിക്കുന്നത്.
അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു സംബന്ധിച്ച് തീരുമാനത്തോട് ദേശീയ നേതൃത്വം പ്രതികരിക്കാതിരുന്നതോടെയാണ് നയീം അഖ്തറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ ഘടകം എസ്ഡിപിഐ ഉള്‍പ്പെട്ട മുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചത്. സംസ്ഥാന ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന ദലിത്, പിന്നാക്ക, മുസ്ലിം വോട്ട്ബാങ്ക് ലക്ഷ്യമിട്ട് രൂപീകൃതമായ മുന്നണി ചില സീറ്റുകളില്‍ മത്സരിക്കാന്‍ ലീഗിന് അവസരം നല്‍കുമെന്ന സൂചനയുണ്ടായിരുന്നു.
തീരുമാനം പരസ്യമായതിനുപിന്നാലെയാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് – ആര്‍ജെഡി മുന്നണിയെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന നേതൃത്വത്തിന് കത്തയച്ചത്.