Top

ബിഹാര്‍ തെരഞ്ഞെടുപ്പ്: കൊവിഡ് മാനദണ്ഡങ്ങളോടെ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും റാലികളെ അഭിസംബോധന ചെയ്യുന്നു

എന്‍ഡിഎക്ക് വേണ്ടി പ്രധാനമന്ത്രി മോദിയും മഹാസഖ്യത്തിനു വേണ്ടി രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു.

22 Oct 2020 11:27 PM GMT

ബിഹാര്‍ തെരഞ്ഞെടുപ്പ്: കൊവിഡ് മാനദണ്ഡങ്ങളോടെ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും റാലികളെ അഭിസംബോധന ചെയ്യുന്നു
X

പാട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എന്‍ഡിഎക്ക് വേണ്ടി പ്രധാനമന്ത്രി മോദിയും മഹാസഖ്യത്തിനു വേണ്ടി രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു. രാജ്യത്ത്‌ വർധിക്കുന്ന കൊവിഡ് രോഗനിരക്കിനിടയിൽ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാകും റാലികളും മറ്റും നടത്തുക എന്ന് ഇരുഭാഗങ്ങളിൽ നിന്നും സംഘാടകർ അറിയിക്കുന്നു.

ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണം വെള്ളിയാഴ്ച ആരംഭിക്കുകയാണ്. റോഹ്തസ്, ഗയ, ഭഗല്‍പുര്‍ എന്നിവിടങ്ങളിലെ റാലികളെ ആണ് പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യുന്നത്. നവാഡയിലെ ഹിസ്വ, ഭഗല്‍പുരിലെ കഹല്‍ഗാവ് എന്നിവിടങ്ങളിലെ പ്രചരണങ്ങളിലാവും രാഹുല്‍ പങ്കെടുക്കുക.

ബീഹാറിൽ ഒക്ടോബര്‍ 28നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചകൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചൂടേറുകയാണ്. മോദിയുടെയും രാഹുലിന്റെയും സാന്നിധ്യം പ്രചരണ രംഗത്ത് ചെറുതല്ലാത്ത ചലനം സൃഷ്ടിക്കുമെന്ന് കണക്കുകൂട്ടൽ. ഹിസ്‌വയിലെ പ്രചരണത്തിൽ രാഹുലിന് ശക്തി പകരാൻ തേജസ്വി യാദവും, ബിജെപിക്ക് പിന്തുണ പകരാൻ കേന്ദ്ര മന്ത്രിമാരും, സംസ്ഥാന മുഖ്യന്മാരും പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

വാഗ്ദാന പെരുമഴയുമായി എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പ് പത്രികകൾ പുറത്തിറക്കിയിട്ടുണ്ട്. 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ആര്‍ജെഡി പ്രഖ്യാപിക്കുന്നു. എന്നാൽ 19 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സൗജന്യ കൊവിഡ് വാക്സിനും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം തൊഴിലന്വേഷകര്‍ക്ക് സഹായവുമായി ജോബ് പോര്‍ട്ടല്‍ നിര്‍മിക്കുമെന്നാണ് എല്‍ജെപിയുടെ പ്രഖ്യാപനം. തൊഴില്‍ രഹിതര്‍ക്ക് വേതനം നല്‍കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story