
എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വന്ന ബിഹാറിലെ ഹില്‍സയില്‍ ജെഡിയു വിജയിച്ചത് വെറും 12 വോട്ട് മാത്രം അധികം നേടി. ഹില്‍സ മണ്ഡലത്തിലെ ജെഡിയുവിന്റെ 12 വോട്ടിന്റെ ജയമാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. 52 മണ്ഡലങ്ങളിലെ നേരിയ ഭൂരിപക്ഷമാണ് ബിഹാറിന്റെ ഭരണഗതി നിശ്ചയിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫലങ്ങള്‍ അനുസരിച്ച് ജെഡിയുവിന്റെ കൃഷ്ണമുരാരി ശരണിന് 61,848 വോട്ടുകളും, ആര്‍ജെഡിയുടെ അത്രി മുനിക്ക് 61,836 വോട്ടുകളുമാണ് ലഭിച്ചിട്ടുള്ളത്. മൂന്നാം സ്ഥാനക്കാരായ ലോക് ജനശക്തി പാര്‍ട്ടിയുടെ കുമാര്‍ സുമന് 17471 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തുടര്‍ച്ചയായ നാലാം തവണയും നിതീഷ് കുമാറിന് ഭരണനേതൃത്വം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ പോസ്റ്റല്‍ വോട്ടുകളില്‍ ഒരു വോട്ടിന്റെ മുന്‍തൂക്കവുമായി ആര്‍ജെഡിയാണ് മുന്നില്‍. ജെഡിയുവിന്റെ കൃഷ്ണമുരാരിക്ക് 232 പോസ്റ്റല്‍ വോട്ടുകള്‍ കിട്ടിയപ്പോള്‍ ആര്‍ജെഡിയുടെ അത്രി മുനിക്ക് 233 പോസ്റ്റല്‍ വോട്ടുകളാണ് ലഭിച്ചത്.
ജെഡിയുവിന്റെ സീറ്റുകള്‍ 43ല്‍ ഒതുങ്ങിയപ്പോള്‍ തേജസ്വിയുടെ നേതൃത്വത്തിലുള്ള ആര്‍ജെഡി 75 സീറ്റ് സ്വന്തമാക്കി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 74 സീറ്റുമായി എന്‍ഡിഎ മുന്നണിയില്‍ ബിജെപിയാണ് ഏറ്റവും വലിയ കക്ഷി. 19 ല്‍ അധികം മണിക്കൂര്‍ നീണ്ട നിന്ന വേട്ടെണ്ണലിന് ശേഷമാണ് ബീഹാറില്‍ ഫല പ്രഖ്യാപനം.