മോദിജീ…. ബീഹാറികളോട് കള്ളം പറയരുത്, നിങ്ങളെന്താണ് ചെയ്യുന്നത്?; പരിഹസിച്ച് രാഹുല്‍ ഗാന്ധി
ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ-ചൈന പ്രശ്നം, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം തുടങ്ങിയവയാണ് രാഹുലിന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ വിഷയങ്ങളായത്. ബീഹാറിലെ ഹിസുവയിലായിരുന്നു രാഹുലിന്റെ പ്രചരണ റാലി. ‘ബീഹാറിലെ ജവാന്മാര് വീരമൃത്യു വരിക്കുമ്പോള്‍ പ്രധാനമന്ത്രി എന്താണ് ചെയ്യുന്നത് എന്നതാണ് ചോദ്യം’, രാഹുല്‍ ഗാന്ധി പറഞ്ഞു. ബീഹാര്‍ തങ്ങളുടെ ജനങ്ങളെ അതിര്‍ത്തി കാക്കാന്‍ അയക്കുകയാണെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു രാഹുലിന്റെ പരിഹാസം. ‘ചൈന നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ വരുമ്പോള്‍, […]

ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ-ചൈന പ്രശ്നം, കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം തുടങ്ങിയവയാണ് രാഹുലിന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ വിഷയങ്ങളായത്. ബീഹാറിലെ ഹിസുവയിലായിരുന്നു രാഹുലിന്റെ പ്രചരണ റാലി.
‘ബീഹാറിലെ ജവാന്മാര് വീരമൃത്യു വരിക്കുമ്പോള്‍ പ്രധാനമന്ത്രി എന്താണ് ചെയ്യുന്നത് എന്നതാണ് ചോദ്യം’, രാഹുല്‍ ഗാന്ധി പറഞ്ഞു. ബീഹാര്‍ തങ്ങളുടെ ജനങ്ങളെ അതിര്‍ത്തി കാക്കാന്‍ അയക്കുകയാണെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു രാഹുലിന്റെ പരിഹാസം.
‘ചൈന നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ വരുമ്പോള്‍, എന്തിനാണ് പ്രധാനമന്ത്രി അത് നിഷേധിക്കുന്നത്? ജവാന്മാരുടെ ജീവത്യാഗത്തിന് മുന്നില്‍ തല കുനിക്കുന്നു എന്നാണ് പ്രധാനമന്ത്രി ഇന്ന് പറഞ്ഞത്. പിന്നെ എന്തിനാണിങ്ങനെ കള്ളം പറയുന്നത്’, രാഹുല്‍ ചോദിച്ചു.
‘ബീഹാറികളോട് കള്ളം പറയരുത് മോദിജീ… നിങ്ങള്‍ ബീഹാറികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കിയോ? കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്. ഒരാള്‍ക്കുപോലും ജോലി കിട്ടിയിട്ടില്ല. എന്നിട്ട് പൊതുജനങ്ങള്‍ക്ക് മുന്നില്‍ വന്ന് അദ്ദേഹം പറയുകയാണ് ജവാന്മാര്ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മുന്നില്‍ തല കുനിക്കുകയാണെന്ന്. വീട്ടില്‍ തിരിച്ചെത്തിക്കഴിഞ്ഞാല്‍ അംബാനിക്കും അദാനിക്കും വേണ്ടി മാത്രമാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്’, രാഹുല്‍ വിമര്‍ശിച്ചു.
കൊവിഡ് പ്രതിരോധത്തെക്കുറിച്ചും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നത്തെക്കുറിച്ചും സംസാരിക്കവെ രാഹുല്‍ പറഞ്ഞതിങ്ങനെ, ‘എല്ലാ കുടിയേറ്റ തൊഴിലാളികളും ബീഹാറിലേക്ക് തിരിച്ചുവരേണ്ടിവന്നു. അവര്‍ മൈലുകള്‍ കാല്‍നടയായി നീങ്ങിയപ്പോള്‍ പ്രധാനമന്ത്രി അവര്‍ക്കുവേണ്ടി എന്താണ് ചെയ്തത്? അവര്‍ക്ക് ട്രെയിനുകള്‍ വിട്ടുനല്‍കാന്‍ തയ്യാറായോ? രാഹുല്‍ ചോദിച്ചു.
ആര്‍ജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവിന് വേണ്ടി അദ്ദേഹത്തിനൊപ്പമായിരുന്നു രാഹുല്‍ പ്രചരണത്തിനെത്തിയത്. രാഹുലും മോദിയും ഒരേ ദിവസം പ്രചരണത്തിനെത്തുന്നു എന്ന പ്രത്യേകതയും ഇന്നുണ്ടായിരുന്നു. ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനൊപ്പം പ്രചരണത്തിനെത്തിയ മോദി ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ആര്‍ട്ടിക്കിള്‍ 370ല്‍ ഊന്നിയായിരുന്നു സംസാരിച്ചത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന് തന്നെയാണ് എല്ലാവരും ആവശ്യപ്പെടുന്നത്. എന്നാല്‍, അധികാരത്തിലെത്തിയാല്‍ പ്രത്യേക പദവി തിരികെ നല്‍കുമെന്നാണ് പ്രതിപക്ഷം പറയുന്നത്. അത് ജനങ്ങളോട് നടത്തുന്ന ക്രൂരതയാണെന്നും മോദി പറഞ്ഞു.
‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ എല്ലാവരും കാത്തിരിക്കുമ്പോള്‍, എന്നെങ്കിലും അധികാരത്തില്‍ വന്നാല്‍ അത് തിരിച്ചുകൊണ്ടുവരുമെന്നാണ് അവര്‍ പറയുന്നത്’,മോദി പരിഹാസ രൂപേണ പറഞ്ഞു. ജെഡിയു നേതാവും എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നിതീഷ് കുമാറിനൊപ്പമായിരുന്നു മോദിയുടെ റാലി.
‘എന്‍ഡിഎ സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. അധികാരത്തില്‍ വന്നാല്‍ റദ്ദാക്കല്‍ റദ്ദാക്കുമെന്ന് അവര്‍ പറയുന്നു. ഇത്തരം പ്രസ്താവനകള്‍ നടത്തിയതിന് ശേഷം അവര്‍ക്ക് എങ്ങെയാണ് ബീഹാര്‍ ജനതയോട് വോട്ട് ആവശ്യപ്പെടാന്‍ കഴിയുന്നത്? രാജ്യത്തെ സംരക്ഷിക്കാന്‍ തന്റെ ആണ്ക്കളെയും പെണ്മക്കളെയും അതിര്‍ത്തിയിലേക്കയച്ച സംസ്ഥാനമല്ലേ ഇത്?’, മോദി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ റദ്ദാക്കിയ നീക്കത്തിനെതിരെയുള്ള നിലപാടായിരുന്നു പാര്‍ലമെന്റിന്റെ ഇരുസഭകളിലും നിതീഷ് കുമാറും ജെഡിയു എംപിമാരും ആദ്യഘട്ടത്തില്‍ സ്വീകരിച്ചിരുന്നത്. ബിജെപി ഘടകക്ഷിയായുള്ള നിതീഷിന്റെ നീക്കം പലരെയും അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് ദിവസങ്ങള്‍ക്കകം നിതീഷും പാര്‍ട്ടി എംപിമാരും നിലപാട് കേന്ദ്രത്തിന്റേതിനോട് അനുകൂലമാക്കി മാറ്റുകയായിരുന്നു. റദ്ദാക്കലിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെയാണ് എതിര്‍ത്തതെന്നും നിയമമാക്കിയപ്പോള്‍ അനുകൂലിക്കുകയായിരുന്നെന്നുമെന്ന വിശദീകരണമാണ് ഇതിന് ജെഡിയു നേതാക്കള്‍ നല്‍കിയിരുന്നത്.
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ വീണ്ടും ആര്‍ട്ടിക്കിള്‍ 370 ചര്‍ച്ചയാവുകയാണ്. ബിജെപിയുടെ ബീഹാറിലെ പ്രചാരകരില്‍ ഒരാളായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം നടത്തിയ റാലിയിലും ആര്‍ട്ടിള്‍ 370നെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ജമ്മുകശ്മീര്‍ സ്വന്തം വസ്തുവായി അനുഭവപ്പെട്ടെന്നായിരുന്നു യോഗിയുടെ അഭിപ്രായം.