
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ഡിഎ സഖ്യം സീറ്റ് വിഭജനത്തില്‍ ധാരണയാക്കി. നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും സീറ്റുകള്‍ തുല്യമായി പങ്കിട്ടെടുക്കും. എന്നാല്‍ ചിരാഗ് പാസ്വാന്റെ എല്‍ജെപിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനോട് ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ജെപി തയ്യാറാവുന്നില്ലെന്നും ജെഡിയുവിനെതിരെ സ്ഥാനാര്‍ത്ഥിയെ ഇറക്കിയേക്കുമെന്നും സൂചനയുണ്ട്. ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥിയെ ഇറക്കാന്‍ എല്‍ജെപിക്ക് താല്പര്യവുമില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചിരാഗ് പാസ്വാന്റെ നേതൃത്തില്‍ ഇന്ന് യോഗം ചേരുന്നുണ്ട്.
കഴിഞ്ഞ ദിവസം യോഗം വിളിച്ചുചേര്‍ത്തിരുന്നെങ്കിലും മുതിര്‍ന്ന നേതാവ് രാം വിലാസ് പാസ്വാന് ആശുപത്രിയിലായതോടെ യോഗം മാറ്റിവെക്കുകയായിരുന്നു. രാം വിലാസ് പാസ്വാന്റെ സുഖ വിവരങ്ങള്‍ തിരക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ചിരാഗ് പാസ്വാനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മകനെ ഓര്‍ത്ത് രാം വിലാസ് പാസ്വാന് അഭിമാനം കൊള്ളുമെന്നും ബിജെപി നേതാക്കള്‍ ചിരാഗിനോട് പറഞ്ഞിട്ടുണ്ട്. ചിരാഗിനെ പിണക്കാതെ നിര്‍ത്താനാണ് ബിജെപിയുടെ ശ്രമം.
അതേസമയം, രാഷ്ട്രീയ ജനതാദള്‍- കോണ്‍ഗ്രസ് മഹാസഖ്യം സീറ്റ് ധാരണയിലെത്തി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കുമൊടുവിലാണ് സഖ്യം സീറ്റ് ധാരണയിലെത്തുന്നത്. ആകെ 243 സീറ്റില്‍ ആര്‍ജെഡി 144 സീറ്റുകളും കോണ്‍ഗ്രസ് 70 സീറ്റുകളും ഇടതുപാര്‍ട്ടികള്‍ 29 സീറ്റുകളും മത്സരത്തിനായി പങ്കിട്ടെടുത്തു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും.
എന്നാല്‍ സീറ്റ് വിഭജനത്തില്‍ അതൃപ്തി രേഖപ്പെടുത്തി വിഐപി പാര്‍ട്ടി ഇറങ്ങിപ്പോക്ക് നടത്തി. സഖ്യം തങ്ങളെ വഞ്ചിച്ചതായും വിഐപി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു.
ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് എന്നീ തീയതികളില്‍ മൂന്ന് ഘട്ടങ്ങളായാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയു-ബിജെപി-എല്‍ജെപി സഖ്യത്തോട് ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യം ഏറ്റുമുട്ടുന്നതോടെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തീപാറും.
- TAGS:
- Bihar Election
- BJP
- JDu
- LJP