Top

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി; പോളിംഗ് 52.24 ശതമാനം

കൊവിഡ് കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ 2.14 കോടി വോട്ടര്‍മാരാണ് വിധിയെഴുതിയത്. പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ എണ്ണം കുറച്ചും അധിക സമയം അനുവദിച്ചുമുള്ള പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു പോളിംഗ്.

28 Oct 2020 11:36 AM GMT

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി; പോളിംഗ് 52.24 ശതമാനം
X

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ണ്ണമായി. ആദ്യഘട്ടത്തില്‍ 52.24 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. രാവിലെ 7ന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് 6നാണ് അവസാനിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ് ശതമാനത്തേക്കാള്‍ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട പോളിംഗ് 54.94 ശതമാനമായിരുന്നു.

31,371 വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളുമാണ് ഒന്നാം ഘട്ടത്തില്‍ സജ്ജമാക്കിയിരിന്നത്. ആദ്യഘട്ടത്തില്‍ മാവോയിസ്റ്റ് സ്വാധീന മേഖലകളായ ഗയയും ഔറംഗബാദും ഉള്‍പ്പെടെയുള്ള 71 സീറ്റുകളിലെ വോട്ടെടുപ്പാണ് പൂര്‍ത്തിയായിരിക്കുന്നത്. കൊവിഡ് കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ 2.14 കോടി വോട്ടര്‍മാരാണ് വിധിയെഴുതിയത്. പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ എണ്ണം കുറച്ചും അധിക സമയം അനുവദിച്ചുമുള്ള പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു പോളിംഗ്.

1066 സ്ഥാനാര്‍ഥികള്‍ ജനവിധി തേടിയ ആദ്യഘട്ട വോട്ടെടുപ്പില്‍ 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് നടന്നത്. ഇതില്‍ 42 ആര്‍.ജെ.ഡി, 35 ജെ.ഡി.യു, 29 ബി.ജെ.പി, 21 കോണ്‍ഗ്രസ്, എട്ട് ഇടതുപാര്‍ട്ടികള്‍ എന്നിങ്ങനെയാണ് മത്സരിക്കുന്നത്. 243 അംഗ നിയമസഭയില്‍ എന്‍ഡിഎ സഖ്യത്തില്‍ 115 ജെഡിയു, 110 ബിജെപി, 11 വികാശീല്‍ ഇന്‍സാന്‍ പാര്‍ടി, 7 ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച എന്നിങ്ങനെ മത്സരിക്കുന്നത്.

ബിഹാറിലെ രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പ് നവംബര്‍ 3, നവംബര്‍ 7 തീയതികളില്‍ നടക്കും. നവംബര്‍ 10ാണ് ഫലം പ്രഖ്യാപനം.

Next Story