Top

ബീഹാറില്‍ മഹാരാഷ്ട്ര ആവര്‍ത്തിക്കുമോ? ജെഡിയുവിനേക്കാള്‍ സീറ്റ് ബിജെപി നേടിയാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയും, അല്ലെങ്കില്‍ ഇങ്ങനെ

2015ലെ തെരഞ്ഞെടുപ്പിന് പിന്നാലെ മഹാസഖ്യത്തിലേക്കും അവിടെ നിന്ന് 2017ല്‍ എന്‍ഡിഎയിലേക്ക് തിരിച്ചും കാലുമാറ്റിച്ചവിട്ടിയിട്ടുള്ള നിതീഷ് കുമാറിനെ ബിജെപിക്ക് അത്രത്തോളം വിശ്വാസം പോര

6 Oct 2020 1:38 AM GMT

ബീഹാറില്‍ മഹാരാഷ്ട്ര ആവര്‍ത്തിക്കുമോ? ജെഡിയുവിനേക്കാള്‍ സീറ്റ് ബിജെപി നേടിയാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയും, അല്ലെങ്കില്‍ ഇങ്ങനെ
X

ജെഡിയുവിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തില്‍നിന്നും ചിരാഗ് പാസ്വാന്റെ എല്‍ജപി പുറത്ത് പോയതോടെ ബീഹാറില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ പാളിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച വരെ പുറത്തുവന്ന അഭിപ്രായ സര്‍വ്വെകള്‍ ഒന്നടങ്കം പറഞ്ഞിരുന്നത് വിജയം എന്‍ഡിഎക്ക് സ്വന്തമാണ് എന്നായുരുന്നു. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് നൂറില്‍ താഴെ സീറ്റുകള്‍ മാത്രമാണ് നേടാനാവുക എന്നും വിലയിരുത്തലുകളുണ്ടായിരുന്നു.

എന്നാല്‍ എല്‍ജെപിയുടെ നിര്‍ണായക നീക്കത്തോടെ ഇവയാകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. 2015ലെ തെരഞ്ഞെടുപ്പിന് പിന്നാലെ മഹാസഖ്യത്തിലേക്കും അവിടെ നിന്ന് 2017ല്‍ എന്‍ഡിഎയിലേക്ക് തിരിച്ചും കാലുമാറ്റിച്ചവിട്ടിയിട്ടുള്ള നിതീഷ് കുമാറിനെ ബിജെപിക്ക് അത്രത്തോളം വിശ്വാസം പോര എന്നതാണ് ഇതിന്റെ പ്രധാന കാരണം.

ഔദ്യോഗികമായി നിതീഷ് കുമാറാണ് എന്‍ഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെങ്കിലും എല്‍ജെപി കളം വിട്ടതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിജെപിയില്‍ നിന്നാവാം എന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളിലുണ്ട്. ജെഡിയു നേടുന്നതിലും കൂടുതല്‍ സീറ്റുകളില്‍ ബിജെപി വിജയിച്ചാല്‍ ഈ സാധ്യത വര്‍ധിക്കും. ബിജെപിയെ സഹായിക്കാന്‍ എല്‍ജെപി നേരിട്ടിറങ്ങാനും സാധ്യതയുണ്ട്. ബീഹാറില്‍ 15 വര്‍ഷത്തെ നിതീഷ് കുമാര്‍ യുഗം അവസാനിപ്പിച്ച് മറ്റൊരാള്‍ എത്തണമെന്ന ആവശ്യമാണ് ചിരാഗ് പാസ്വാന്‍ നിരന്തരം ഉന്നയിക്കുന്നത്.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടയില്‍ 2005ല്‍ മാത്രമാണ് എല്‍ജെപി ഒറ്റയ്ക്ക് മത്സരിച്ചത്. 2005 ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 178 സീറ്റുകളില്‍ മത്സരിച്ച് 29 ഇടങ്ങളില്‍ എല്‍ജെപി വിജയിച്ചിരുന്നു. സംസ്ഥാനത്തെ വോട്ടിങ് ശതമാനത്തിന്റെ 12.63 ശതമാനം നേടിയായിരുന്നു ഇത്. സര്‍ക്കാര്‍ രൂപീകരണം നടക്കാത്തതിനെത്തുടര്‍ന്ന് അതേവര്‍ഷം ഒക്ടോബറില്‍ നടന്ന രണ്ടാം തെരഞ്ഞെടുപ്പില്‍ എല്‍ജെപി 203 സീറ്റുകളില്‍ മത്സരിക്കുകയും പത്തെണ്ണം നേടുകയും ചെയ്തു. അതിന് ശേഷമുള്ള തെരഞ്ഞെടുപ്പുകളിലൊന്നും പാര്‍ട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ജെഡിയുവിന്റെ വിജയത്തിന് തങ്ങളുടെ വോട്ട് ഷെയര്‍കൂടി അത്യാവശ്യമാണെന്നാണ് ബിജെപി കരുതുന്നത്. ബിജെപിയും ജെഡിയുവും ഒരുമിച്ച് മത്സരിച്ച 2010ല്‍ 22.61 ശതമാനം വോട്ടോടെ 115 സീറ്റുകളാണ് ജെഡിയുവിന് ലഭിച്ചത്. എന്നാല്‍ 2015ല്‍ ജെഡിയു മഹാസഖ്യത്തിന്റെ ഭാഗമായിരുന്നപ്പോള്‍ 17 ശതമാനം വോട്ടും 71 സീറ്റുകളുമാണ് ലഭിച്ചത്. ബിജെപി വോട്ടുശതമാനം ലഭിച്ച രണ്ട് തെരഞ്ഞെടുപ്പുകളിലാണ് ജെഡിയുവിന് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചത്.

ഇത്തരത്തില്‍ ബിജെപിയില്‍നിന്നും ജെഡിയുവിലേക്ക് പോകുന്ന വോട്ട് തടയാനാണ് ജെഡിയുവിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ എല്‍ജെപി തീരുമാനിച്ചിരിക്കുന്നത്. ജെഡിയു മത്സരിക്കുന്ന 112 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് എല്‍ജെപിയുടെ നീക്കം. ഇതിലൂടെ എന്‍ഡിഎ സഖ്യത്തില്‍ തുടരുന്ന ബിജെപി അനുഭാവികളുടെ വോട്ട് ജെഡിയുവിന് പോകാതെ എല്‍ജെപിയിലേക്കെത്തിക്കുകയാണ് ചിരാഗ് പാസ്വാന്റെ ശ്രമം. ഈ സീറ്റുകളില്‍ എല്‍ജെപി ഇറക്കുന്ന സ്ഥാനാര്‍ത്ഥികളാണ് ഇനിയങ്ങോട്ട് ചര്‍ച്ചയാവുക.

ഈ പദ്ധതി വിജയിച്ചാല്‍ ജെഡിയുവിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ബിജെപിയാവും കിങ്‌മേക്കര്‍. അതിലൂടെ ബീഹാറില്‍ ഒരു മുഖ്യമന്ത്രിയെന്ന ബിജെപിയുടെ ചിരകാല അഭിലാഷം സഫലമാവുകയും ചെയ്യും.

സംസ്ഥാനത്തെ നിതീഷ് കുമാറിന്റെ അപ്രമാധിത്യം അവസാനിപ്പിക്കാന്‍ ദീര്‍ഘ വീക്ഷത്തോടെ നടത്തിയ പ്ലാന്‍ ആയിട്ടാണ് എല്‍ജെപിയുടെ പുറത്തുപോകലിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ‘ചിരാഗ് പാസ്വാന്റെ ഇടയല്‍ പെട്ടന്നുള്ള ഒന്നായി ഞാന്‍ കരുതുന്നില്ല. നിതീഷ് കുമാറിനെ അരികുവല്‍ക്കാരിക്കാനുള്ള ഒരു സ്‌പോണ്‍സേഡ് അജണ്ട അതിന് പിന്നിലുള്ളതുപോലെയുണ്ട്. ജെഡിയുവിനെ സമ്മര്‍ദ്ദത്തിലാക്കി നേട്ടം കൊയ്യാനുള്ള ബിജെപിയുടെം പദ്ധതിയാണത്’. രാഷ്ട്രീയ നിരീക്ഷകന്‍ സൈബാള്‍ ഗുപ്ത പറഞ്ഞു.

എല്‍ജിപിയുടെ പ്രവര്‍ത്തനം ബിജെപിയുടേത് തന്നെയാണെന്നാണേ് എന്‍ സിന്‍ഹ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ഡയറക്ടര്‍ ഡിഎം ദിവാകര്‍ ആഭിപ്രായപ്പെടുന്നത്. ‘എല്‍ജെപിക്ക് ദളിത് വോട്ടുകള്‍ നേടാനാവുകയും ബിജെപിയുടെ പൂര്‍ണ പിന്തുണയുണ്ടാവുകയും ചെയ്താല്‍ ജെഡിയുവിന് ഈ സീറ്റുകള്‍ നേടുക എന്നത് കടുപ്പമേറും. ഒരു ത്രികോണ മത്സരത്തിനുള്ള സാധ്യത പോലും ചിലയിടങ്ങളില്‍ തള്ളപ്പെട്ടേക്കാം’, ദിനകര്‍ ചൂണ്ടിക്കാട്ടി.

നാലാം തവണയും മുഖ്യമന്ത്രിയാവുന്നതില്‍നിന്നും നിതീഷ് കുമാര്‍ നേരിടുന്ന പ്രതിസന്ധി, വെല്ലുവിളികളുള്ളത് എതിരാളികളായ മഹാസഖ്യത്തില്‍നിന്നല്ല, മറിച്ച് എന്‍ഡിഎ സഖ്യത്തിലെ ബിജെപിയില്‍നിന്നാണ് എന്നതാണ്. ഇക്കാര്യം സെപ്തംബറില്‍ പുറത്തുവന്ന അഭിപ്രായ സര്‍വ്വെകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തനിക്കെതിരായ ഭരണ വിരുദ്ധ വികാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീര്‍ത്തികൊണ്ട് മറികടക്കാം എന്നതാണ് നിതീഷിന്റെ രീതിയെന്ന അഭിപ്രായം ബിജെപിയില്‍ ചിലര്‍ക്കുണ്ട്. നിതീഷ് കുമാറിന് മുഖ്യമന്ത്രി സ്ഥാനം അത്രയെളുപ്പം നല്‍കാന്‍ ബിജെപിക്ക് താല്‍പര്യവുമില്ല. എന്‍ഡിഎയില്‍ നിതീഷ് കുമാറിനുള്ള സ്വാധീനം ചിരാഗ് പാസ്വാന്‍ അളക്കുകയും ചെയ്യും.

മഹാരാഷ്ട്രയില്‍ 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സംഭവിച്ചതിന് സമാനമായ രാഷ്ട്രീയാന്തരീക്ഷം ബീഹാറിലുമുണ്ടായേക്കുമെന്ന സൂചനകളിലേക്കാണ് ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത്. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന ധാരണ പ്രകാരം ബിജെപിക്കൊപ്പം മത്സരിച്ച ശിവസേന ആ ബന്ധമുപേക്ഷിച്ച് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്ന തങ്ങളുടെ ആവശ്യം ബിജെപി പരിഗണിക്കാത്തതിനെത്തുടര്‍ന്നായിരുന്നു ശിവസേന എന്‍ഡിഎ ബന്ധമുപേക്ഷിച്ചത്. തങ്ങളുമായുള്ള സഖ്യത്തോടെ ബിജെപിയുടെ വോട്ട് ഷെയര്‍ വര്‍ധിച്ചെന്നും തങ്ങളുടേത് കുറഞ്ഞെന്നുമുള്ള വിലയിരുത്തലും ശിവസേനയക്കുണ്ടായിരുന്നു. സമാന രീതിയില്‍ തെരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ട് മഹാസഖ്യത്തോടൊപ്പം ചേരാനുള്ള സാധ്യതകളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ലാലു പ്രസാദ് യാദവിന്റെ അഭാവത്തില്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതില്‍ പിന്നിലാണെങ്കിലും ആര്‍ജെഡി 2017ല്‍ മറുകണ്ടം ചാടിയതുമുതല്‍ നിതീഷ് കുമാറിനെ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെയല്ല. ബിജെപിയെ ഏത് വിധേനയും പുറത്താക്കാനായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ മഹാസഖ്യത്തിലെ ഇടത് പാര്‍ട്ടിതളും തയ്യാറാണ്.

എന്നിരുന്നാലും, മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒരോ പാര്‍ട്ടിയും നേടുന്ന സീറ്റുകളുടെ അടിസ്ഥാനത്തിലാവും അന്തിമ തീരുമാനം. കാരണം, സാധ്യമാകില്ലെന്ന് ഇന്നോളം കരുതിയതാണ് മഹാരാഷ്ട്രയില്‍ സംഭവിച്ചത്. അതുപോലെ നവംബര്‍ പത്തിന് ശേഷം ബീഹാറിലും പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെട്ട് വന്നേക്കാം.

Next Story