Top

പോസ്റ്ററുകളില്‍ അയിത്തം, പേര് പറയാന്‍ മടി; ബീഹാറില്‍ ബിജെപിയും നിതീഷും തമ്മില്‍ അകലം കൂടുന്നു

ബീഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പടുത്തിരിക്കെ ബിജെപിക്കും നിതീഷ് കുമാറിനുമിടയില്‍ അകല്‍ച്ച വര്‍ദ്ധിക്കുകയാണ്.

27 Oct 2020 12:19 AM GMT

പോസ്റ്ററുകളില്‍ അയിത്തം, പേര് പറയാന്‍ മടി; ബീഹാറില്‍ ബിജെപിയും നിതീഷും തമ്മില്‍ അകലം കൂടുന്നു
X

ബീഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പടുത്തിരിക്കെ ബിജെപിക്കും നിതീഷ് കുമാറിനുമിടയില്‍ അകല്‍ച്ച വര്‍ദ്ധിക്കുകയാണെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്‍ജെപി നേതാവായ ചിരാഗ് പാസ്വാനും നിതീഷ് കുമാറിനുമിടയില്‍ പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കെയാണ് ബിജെപി നിതീഷില്‍ നിന്നും അകലം കൂട്ടുന്നത്.

കഴിഞ്ഞ ദിവസം തെരഞ്ഞടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ഡിഎയ്ക്ക് വേണ്ടിയായിരുന്നു പ്രചാരണത്തിനിറങ്ങിയത്. പ്രസംഗം അവസാനിപ്പിക്കുന്ന നിമിഷം മാത്രമാണ് മോദി നിതീഷ് കുമാറിന്റെ പേര് പരാമര്‍ശിക്കപോലും ചെയ്തത്. കഴിഞ്ഞ ആഴ്ച്ചകളില്‍ പ്രചാരണ റാലികള്‍ ശക്തമായിരുന്നു. ഉപമുഖ്യമന്ത്രി സുശീല്‍ മോദി, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവര്‍ മാത്രമാണ് നിതീഷ് കുമാറിന്റെ ജനതാ ദള്‍ യുണൈറ്റഡിനായി പ്രചാരണത്തിനിറങ്ങിയത്. സുശീല്‍ മോദിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രചാരണ രംഗത്ത് നിതീഷ് കുമാറിന്റെ ശക്തി കുറയുകയായിരുന്നു.

പ്രചാരണ വേളകളില്‍ നിതീഷ് കുമാറിനൊപ്പം മോദിയുടേയും അമിത് ഷായുടെയും കട്ടൗട്ടുകളും പോസ്റ്ററുകളും ഉയര്‍ന്നിരുന്നെങ്കിലും പ്രചാരണങ്ങളില്‍ ഇവര്‍ വെറും പേരുകള്‍ മാത്രമായി ചുരുങ്ങിയതിനെ പറ്റി ബിജെപി നേതാക്കള്‍ക്കിടയിലും മൗനം തുടരുകയാണ്. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളില്‍ എല്ലാം തന്നെ വളരെ പ്രയാസപ്പെട്ടാണ് അദ്ദേഹം നിതീഷ് കുമാറിന്റെ പേരുപോലും പരാമര്‍ശിക്കുന്നതെന്ന ആരോപണങ്ങളും ശക്തമാണ്. പ്രധാനമന്ത്രിയെ മുന്‍നിര്‍ത്തിയാണ് എന്‍ഡിഎയുടെ വിജയ സാധ്യതയെന്നത് ബിജെപിയും അംഗീകരിച്ചിട്ടുള്ള കാര്യമാണ്.

തെരഞ്ഞെടുപ്പില്‍ 135 സീറ്റുകളില്‍ മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ എല്‍ജെപി എന്‍ഡിഎയുടെ ഭാഗമായിരിക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിലും തനിക്ക് ബിജെപിയോടുള്ള അനുഭാവം ചിരാഗ് പാസ്വാന്‍ തുറന്ന് പറഞ്ഞിട്ടുണ്ടെന്നതും ഈ സാഹചര്യത്തില്‍ ചര്‍ച്ചയാവുകയാണ്.

Next Story