ആദ്യം ഡാര്‍സി ഷോര്‍ട്ട്, പിന്നീട് ബൗളര്‍മാരും; ഹറിക്കെയിന്‍സിന് രണ്ടാം ജയം

ബിഗ് ബാഷ് ക്രിക്കറ്റ് ലീഗില്‍ അഡ്ലൈഡ് സ്ട്രൈക്കേഴ്സിനെതിരെ ഹോബാര്‍ട്ട് ഹറിക്കെയിന്‍സിന് ജയം. ഹറിക്കെയിന്‍സ് ഉയര്‍ത്തിയ 175 റണ്‍സ് വിജയയലക്ഷ്യം പിന്തുടര്‍ന്ന സ്ട്രൈക്കേഴ്സിന് 163 റണ്‍സ് നേടാനെ സാധിച്ചൊള്ളു. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ടിന്റെ മികവിലാണ് ഹോബാര്‍ട്ട് വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. മൂന്ന് വിക്കറ്റ് നേടിയ ജെയിംസ് ഫോക്നറും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പീറ്റര്‍ സിഡിലിന് തിരിച്ചടി നേരിടേണ്ടി വന്നു. ഓപ്പണര്‍മാരായ ഡാര്‍സി ഷോര്‍ട്ടും വില്‍ ജാക്സും ചേര്‍ന്ന് സ്ട്രൈക്കേഴ്സിന് മികച്ച തുടക്കം നല്‍കി. ജാക്സ് മടങ്ങിയെങ്കിലും പിന്നീടെത്തിയ കോളിന്‍ ഇന്‍ഗ്രമിനെ കൂട്ട് പിടിച്ച് ഷോര്‍ട്ട് തുടര്‍ന്ന്. സ്റ്റാര്‍ ബൗളര്‍ റഷീദ് ഖാനെറിഞ്ഞ 14-ാം ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 25 റണ്‍സാണ് ഷോര്‍ട്ട് നേടിയത്. രണ്ടാമനായി ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍ മടങ്ങുമ്പോള്‍ ഹറിക്കെയിന്‍സ് സ്‌കോര്‍ 130 കടന്നിരുന്നു.

അവസാന അഞ്ച് ഓവറില്‍ സ്‌കോറിംഗിന് വേഗം കൂട്ടാനാകാതെ പോയതാണ് ഹറിക്കെയിന്‍സിന് തിരിച്ചടിയായത്. സ്‌ട്രൈക്കേഴ്‌സിനായി വെസ് എഗര്‍ രണ്ടും, റഷീദ് ഖാന്‍, പീറ്റര്‍ സിഡില്‍, ഡാനിയല്‍ വോറല്‍ എന്നിവര്‍ ഓരൊ വിക്കറ്റു നേടി. 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്‌ട്രൈക്കേഴ്‌സിന് ബാറ്റിംഗ് തകര്‍ച്ച നേരിടേണ്ടി വന്നു. മൂന്ന് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്.

വാലറ്റത്ത് ഡാനിയല്‍ വോറലും ഡാനി ബ്രിഗ്‌സും നടത്തിയ പോരാട്ടമാണ് മത്സരം അവസാന ഓവര്‍ വരെ എത്തിച്ചത്. വോറല്‍ 39 പന്തില്‍ 62 റണ്‍സും, ബ്രിഗ്‌സ് 18 പന്തില്‍ 36 റണ്‍സുമെടുത്തു. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കെറ്റെടുത്ത ജെയിംസ് ഫോക്‌നാറാണ് സ്‌ട്രൈക്കേഴ്‌സ് ബാറ്റിംഗ് നിരയെ തകര്‍ത്തത്. ആദ്യ മത്സരത്തിലും ഫോക്‌നര്‍ തിളങ്ങിയിരുന്നു.

Latest News