
തെരഞ്ഞെടുപ്പ് പരാജയം അംഗീകരിച്ച് സ്ഥാനം ഒഴിയുകയാണെന്ന പ്രസ്താവനയുമായി ഡോണള്‍ഡ് ട്രംപ്. ജോ ബൈഡന്റെ വിജയം യുഎസ് ജനപ്രതിനിധിസഭ അംഗീകരിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ബൈഡന് വിജയിക്കണമെങ്കില്‍ ഇലക്ടോറല്‍ വോട്ടുകള്‍ ആവശ്യമാണെന്ന റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ വാദത്തിനെ ശക്തമായിട്ടാണ് സെനറ്റ് പ്രതിരോധിച്ചത്. തുടര്‍ന്നാണ് ബൈഡനെ അമേരിക്കന്‍ പ്രസിഡന്റാക്കിക്കൊണ്ടുള്ള പ്രഖ്യാപന നടത്തുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടന്നത്. ബൈഡന് 306 വോട്ടുകള്‍ നേടിയപ്പോള്‍ ട്രംപിന് നേടാനായത് 232 വോട്ടുകള്‍ മാത്രമായിരുന്നു.
എന്നാല്‍ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു ട്രംപും ട്രംപ് അനുകൂലികളും ഉയര്‍ത്തിയിരുന്നത്. തെരഞ്ഞെടുപ്പ് ഫലത്തോട് തനിക്കെതിര്പ്പുണ്ടെങ്കിലും ജനുവരി 20ന് ഒദ്യോഗീകമായി സ്ഥാനം കൈമാറുമെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം നിയമപരമായ വോട്ടുകളാണ് തെരഞ്ഞെടുപ്പില്‍ കണക്കാക്കപ്പെടുന്നതെന്ന് ഉറപ്പിക്കുവാന്‍ വേണ്ടിയുള്ള തന്റെ പരിശ്രമം തുടരും. അത് അമേരിക്കയെ ബൃഹത്തരമാക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം.
ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ വന്‍ പ്രതിഷേധമായിരുന്നു ട്രം അനുകൂലികള്‍ ഉയര്‍ത്തിയിരുന്നത്. പ്രതിഷേധത്തനിടെ നാല് പേര് കൊല്ലപ്പെട്ടിരുന്നു. വാഷിംഗ്ടണ്‍ പൊലീസാണ് ഇക്കാര്യമറിയിച്ചത്. നിലവില്‍ 52 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കര്‍ഫ്യൂ നിയമം ലംഘിച്ചു എന്നാരോപിച്ചാണ് 47 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ നാലു പേര് ലൈസന്‍സില്ലാതെ തോക്കുകള്‍ കൈവശം വെച്ചിരുന്നെന്ന് പൊലീസ് പറയുന്നു. രണ്ട് പൈപ് ബോംബുകള്‍ പൊലീസ് ഇതുവരെ കണ്ടെടുത്തു. ഡെമോക്രാറ്റിക് നാഷണല്‍ ഓഫീസില്‍ നിന്നാണ് ഒരു പൈപ് ബോംബ് കണ്ടെടുത്തത്. റിപബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി ഓഫീസില്‍ നിന്നാണ് രണ്ടാമത്തെ ബോംബ് കണ്ടെത്തിയത്.
സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് വാഷിംഗ്ടണില്‍ മേയര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തില്‍ ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാരോട് പിരിഞ്ഞു പോവാന്‍ പറയണമെന്ന് ജോ ബൈഡന് ട്രംപിനോട് ആവശ്യപ്പെട്ടു.
- TAGS:
- Donald Trump
- Joe Biden