Top

ജോർജിയയിൽ ബൈഡന് ലീഡ്: വിജയത്തിന് തൊട്ടരികെ, ട്രംപിന്റെ സാധ്യതകൾ മങ്ങുന്നു

നിർണ്ണായകമായ ജോർജിയയിൽ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡന് ലീഡ്. 1000 വോട്ടുകൾക്ക് ബൈഡൻ ലീഡ് ചെയ്യുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു

6 Nov 2020 4:36 AM GMT

ജോർജിയയിൽ ബൈഡന് ലീഡ്: വിജയത്തിന് തൊട്ടരികെ,  ട്രംപിന്റെ സാധ്യതകൾ മങ്ങുന്നു
X

നിർണ്ണായകമായ ജോർജിയയിൽ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡന് ലീഡ്. 1000 വോട്ടുകൾക്ക് ബൈഡൻ ലീഡ് ചെയ്യുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. 99 ശതമാനം വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ 24,49,371 വോട്ടുകളാണ് ജോ ബൈഡൻ നേടിയിരിക്കുന്നത്. 24,48,454 വോട്ടുകളാണ് ട്രംപ് നേടിയിരിക്കുന്നത്. ജോർജിയയിൽ വിജയിക്കുകയാണെങ്കിൽ 280 ഇലക്ട്‌റൽ വോട്ടുകൾ നേടി ബൈഡൻ വിജയം ഉറപ്പിക്കും. 16 ഇലക്ട്‌റൽ വോട്ടുകളാണ് ജോർജിയയിൽ ഉള്ളത്. ജോർജിയയും ബൈഡൻ നേടുകയാണെങ്കിൽ ട്രംപിന്റെ സാധ്യതകൾ മങ്ങും.

ചാഞ്ചാട്ട സംസ്ഥാനമായ നെവാഡയിലും ഇപ്പോൾ ബൈഡനാണ് ലീഡ് ചെയ്യുന്നത്. 6,04,251 വോട്ടുകളാണ് നെവാഡയിൽ ബൈഡൻ നേടിയിരിക്കുന്നത്. നാല് ദിവസവും കൂടി നെവാഡയിലെ വോട്ടെണ്ണൽ നീളാനാണ് സാധ്യത. നോർത്ത് കാരലൈന (15), പെൻസിൽവേനിയ (20), അലാസ്‌ക (3) തുടങ്ങിയ ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ ട്രംപ് മുന്നിലാണ്. എന്നാൽ ഈ സംസ്ഥാനങ്ങളിൽ ജയിച്ചാലും ട്രംപിന് 268 വോട്ടുകൾ മാത്രമേ ലഭിക്കുകയുള്ള.

അതെ സമയം പല സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് റിപ്പബ്ലിക്കൻ പാർട്ടിക്കാർ കോടതികളെ സമീപിച്ചെങ്കിലും അവരുടെ ഹർജികളെല്ലാം തള്ളപ്പെട്ടു. നിലവിൽ ട്രംപ് ലീഡ് ചെയ്യുന്ന ജോർജിയ, ജോ ബൈഡൻ വിജയിച്ച മിഷിഗൺ എന്നീ സംസ്ഥാനങ്ങളിലെ കോടതികളില്‍ ട്രംപ് അനുകൂലികൾ ഫയല്‍ ചെയ്ത കേസുകൾ കോടതി തള്ളി. ജോർജിയയിൽ വൈകി എത്തിയ 53 ബാലറ്റുകൾ പരിഗണിക്കരുതെന്നായിരുന്നു അവരുടെ ആവശ്യം. മിഷിഗണിലും സമാനമായ ആരോപണമാണ് ഉന്നയിച്ചത്. ഇവിടെ വോട്ടെണ്ണൽ തടയാനും ട്രംപ് അനുകൂലികൾ ശ്രമിച്ചിരുന്നു. ചോദ്യം ചെയ്യപ്പെട്ട ബാലറ്റുകൾ അസാധുവാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി പരാതികൾ തള്ളി.

അതെ സമയം നിയമസാധുതയുള്ള വോട്ടുകളാണ് പരിഗണിക്കുന്നതെങ്കില്‍ താന്‍ വിജയിച്ചുക്കഴിഞ്ഞുവെന്ന് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ പ്രസ്താവന നടത്തി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിധിയില്‍ നിര്‍ണ്ണായക പങ്കുള്ള നെവാഡയിലടക്കം ജോ ബൈഡന്‍ ലീഡ് ചെയ്യുന്നതിനിടയിലാണ് ട്രംപിന്റെ പ്രതികരണം. ഫ്‌ളോറിഡ, ലോവ, ഇന്ത്യാന, ഒഹിയോ എന്നിവിടങ്ങളിലുള്‍പ്പടെ വലിയ വിജയമാണ് റിപ്പബ്ലിക്കന്‍സ് നേടിയതെന്നും വലിയ രീതിയില്‍ പണവും സാങ്കേതികവിദ്യയും മാധ്യമ ഇടപെടലുകളും തങ്ങള്‍ക്കെതിരെ പ്രയോഗിക്കപ്പെട്ടിട്ടും ചരിത്രപരമായ വിജയമാണ് തങ്ങള്‍ നേടിയതെന്നും ട്രംപ് പ്രസ്താവനയിൽ കൂട്ടിച്ചേര്‍ത്തു.

Next Story