ബോംബുമില്ല ജെറ്റുമില്ല?; യുഎഇയുടെ സ്വപ്‌നം കൈയ്യെത്തും ദൂരത്ത് വെച്ച് തട്ടിമാറ്റാനൊരുങ്ങി ബൈഡന്‍?

ഡൊണാള്‍ഡ് ട്രംപ് ഭരണ സമയത്ത് സൗദി അറേബ്യക്കും യുഎഇക്കം അനുവദിച്ച ആയുധക്കച്ചവട കരാര്‍ പുനപരിശോധിക്കാന്‍ തീരുമാനിച്ച് പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇരു രാജ്യങ്ങളുമായുള്ള കരാര്‍ യുഎസിന്റെ വിദേശനയത്തെയും ലക്ഷ്യങ്ങളെയും മുന്നോട്ട് നയിക്കുന്നതാണെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് പുനപരിശോധന നടത്തുന്നതെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി.

ബൈഡന്‍ അധികാരത്തിലെത്തി ഒരാഴ്ചക്കുള്ളിലാണ് ഇത്തരമൊരു നടപടി. ട്രംപില്‍ നിന്നും വ്യത്യസ്തമായി സൗദി, യുഎഇ എന്നീ രാജ്യങ്ങളോട് ബൈഡന്‍ ഗവണ്‍മെന്റിന്റെ നയം മാറുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ജമാല്‍ ഖഷോഗ്്ജി വധം, സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍, യെമനിലെ യുദ്ധം എന്നിവ മുന്‍ നിര്‍ത്തി അമേരിക്ക-സൗദി ബന്ധത്തില്‍ പുനപരിശോധനയുണ്ടാവണമെന്ന് ബൈഡന്‍ പ്രസിഡന്റാവുന്നതിന് മുമ്പ് കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

ബൈഡന്‍ പുനപരിശോധിക്കുന്ന ആയുധകച്ചവട കരാറുകള്‍ ഏതൊക്കെ?

സൗദിക്ക് നല്‍കാനിരുന്ന സ്മാര്‍ട്ട് ബോബുകള്‍

ഡൊണാള്‍ഡ് ട്രംപ് പടിയിറങ്ങാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെയായിരുന്നു യുഎസ് സറേറ്റ് ഡിപ്പാര്‍ട്മെന്റ് സൗദി അറേബ്യയുമായുള്ള ആയുധ കച്ചവടത്തിന് അനുമതി നല്‍കിയത്. 290 മില്യണ്‍ ഡോളറിന്റെ ആയുധ ഇടപാടായിരുന്നു ഇത്. 3000 ജിബിയു സ്മോള്‍ ഡയാമീറ്റര്‍ ബോംബുകള്‍, കണ്ടെയ്നറുകള്‍, ഇതിന്റെ സപ്പോര്‍ട്ട് എക്യുപ്മെന്റുകള്‍ എന്നിവയാണ് ഈ കരാറിലൂടെ അമേരിക്കയില്‍ നിന്നും സൗദിക്ക് ലഭിക്കാനിരുന്നത്. നിലവിലുള്ളതും ഭാവിയില്‍ വരാന്‍ പോവുന്നതുമായ ഭീഷണികളെ നേരിടാന്‍ സൗദിയെ സജ്ജമാക്കാന്‍ ഈ ആയുധ ഇടപാട് ഉപകരിക്കുമെന്നാണ് പെന്റഗണ്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.

യുഎഇയുടെ കൈയ്യെത്തും ദൂരത്തെത്തിയ എഫ് 35 ജെറ്റുകള്‍

എഫ് 35 യുദ്ധ വിമാനങ്ങളും 10 ബില്യണ്‍ ഡോളറിന്റെ യുദ്ധോപകരണങ്ങളും അടങ്ങുന്ന 23 ബില്യണ്‍ ഡോളറിന്റെ ഈ ആയുധ ഇടപാടിനുള്ള കരാറായിരുന്നു യുഎഇയുമായി ട്രംപ് ധാരണയായത്. എതിര്‍പ്പുകള്‍ക്കൊടുവില്‍ യുഎസ് കോണ്‍ഗ്രസില്‍ നിന്നും യുഎഇക്ക് ഈ സൈനികോപകരണങ്ങള്‍ നല്‍കാന്‍ യുഎസ് കോണ്‍ഗ്രസില്‍ നിന്നും അനുമതിയും ലഭിച്ചിരുന്നു. ഇതിനിടയിലാണ് ബൈഡന്റെ ഇടപെടല്‍.

യുഎഇ വര്‍ഷങ്ങളായി കൈയിലെത്താന്‍ ആഗ്രഹിച്ച് സൈനികോപകരണമാണ് എഫ് 35 ജെറ്റുകള്‍. ഇസ്രായേലുമായി അനുനയത്തിലായതിന് ശേഷം മാത്രമാണ് അമേരിക്ക യുഎഇക്ക് എഫ് 35 യുദ്ധവിമാനങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത്.

ലോകത്തെ ഏറ്റവും മികച്ച എയര്‍ക്രാഫ്റ്റുകളായാണ് എഫ് 35 നെ കണക്കാക്കുന്നത്. നിലവില്‍ ഇസ്രായേലിന് മാത്രമാണ് ഈ പശ്ചിമ്യേയില്‍ ഈ യുദ്ധവിമാനം കൈവശമുള്ളത്. നേരത്തെ ഈ ആയുധകച്ചവടം തടയണമെന്നാവശ്യപ്പെട്ട് 30 സംഘടനകള്‍ യു എസ് കോണ്‍ഗ്രസിന് കത്തയച്ചിരുന്നു. സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പോളിസി, പ്രൊജക്ട് ഓണ്‍ മിഡില്‍ ഈസ്റ്റ് ഡെമോക്രസി , ഡെമോക്രസി ഫോര്‍ അറബ് വേള്‍ഡ് നൗ തുടങ്ങിയ സംഘടനകള്‍ ഈ കത്തില്‍ ഒപ്പു വെച്ചിരുന്നു.

Latest News